vishnu-solanki

ബറോഡ ക്രിക്കറ്റ് താരം വിഷ്ണു സോളങ്കിയുടെ പിതാവ് അന്തരിച്ചു. രണ്ടാഴ്ച മുൻപ് താരത്തിന്റെ പെൺകുഞ്ഞ് മരിച്ചിരുന്നു. ഫെബ്രുവരി പത്തിനു ജനിച്ച കുഞ്ഞ്, തൊട്ടടുത്ത ദിവസം തന്നെ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഫെബ്രുവരി 27നാണു താരത്തിന്റെ പിതാവ് മരിച്ചത്.

രഞ്ജി ടീമില്‍ നിർണായക സാന്നിധ്യമായ വിഷ്ണു വീട്ടിലേക്കു മടങ്ങാതെ വിഡിയോ കോൾ വഴി സംസ്കാര ചടങ്ങുകളുടെ ഭാഗമായി. മകൾ മരിച്ചപ്പോൾ വിഷ്ണുവിനു കുടുംബത്തോടൊപ്പം നിൽക്കാൻ അനുവാദമുണ്ടായിരുന്നെന്ന് ബറോഡ ക്രിക്കറ്റ് അസോസിയേഷനിലെ ഉദ്യോഗസ്ഥന്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. ‘ടീമില്‍നിന്നു പുറത്തുപോകാൻ അദ്ദേഹത്തിനു താൽപര്യമുണ്ടായിരുന്നില്ല. അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത– ക്രിക്കറ്റ് ബോർഡ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബറോഡയ്ക്കു വേണ്ടി രഞ്ജി ട്രോഫി കളിക്കുന്ന വിഷ്ണു കഴിഞ്ഞ ദിവസം സെഞ്ചുറി നേടിയിരുന്നു. മാർച്ച് മൂന്നിന് ഹൈദരാബാദിനെതിരെയാണ് ബറോഡയുടെ അടുത്ത മത്സരം. എലൈറ്റ് ഗ്രൂപ്പ് ബിയിൽ കളിക്കുന്ന ബറോഡ നിലവിൽ മൂന്നാം സ്ഥാനത്താണ്. രണ്ടു മത്സരങ്ങൾ കളിച്ച അവർക്ക് ഒരു ജയവും ഒരു സമനിലയുമാണുള്ളത്. രണ്ടു മത്സരങ്ങളും ജയിച്ച ബംഗാളാണു ഗ്രൂപ്പിൽ ഒന്നാമത്.