ഇന്ത്യന്‍വോളിയില്‍ കേരളത്തിന് എല്ലാക്കാലത്തും ഒരിടമുണ്ട്. അത് വനിതാ വോളിയിലാണെങ്കിലും പുരുഷ വോളിയില്‍ ആണെങ്കിലും. പപ്പനും, ജമ്മി ജോര്‍ജും, ഉദയകുമാറും, സിറിള്‍ സി. വള്ളൂരും ടോം ജോസഫും ഷോണ്‍ ടി. ജോണുമൊക്കെ ഇന്ത്യന്‍ വോളിയില്‍ നിറഞ്ഞത് കേരളത്തിന്റെ സാന്നിധ്യമായാണ്. കെ.സി.ഏലമ്മയും സലോമി രാമുവും, സാലി ജോസഫുമൊക്കെ ഇന്ത്യന്‍ വോളിയുടെ വനിതാകരുത്തായതും കേരളത്തിന്റെ പ്രതിനിധികളായി തന്നെ. ഇന്ത്യന്‍ വോളിയില്‍ ഇടമുഴക്കം സൃഷ്ടിച്ച കേരളത്തിന്റെ സ്വന്തം കളിക്കാര്‍. ആലുവ ടോര്‍പിഡോസും, കാഞ്ഞാര്‍ വിജിലന്റുമൊക്കെ വോളിപ്രേമിയുടെ മനസില്‍ ഇന്നും മായാതെ നില്‍ക്കുന്നതും കേരളാ വോളിയ്ക്ക് അത്രയേറെ സ്വാധീനമുള്ളതുകൊണ്ടാണ്. പ്രൈം വോളിയ്ക്ക് ഫെബ്രുവരി അഞ്ചിന് ഹൈദരാബാദില്‍ തുടക്കമാകുമ്പോള്‍ നിറയുന്നതും മലയാളിക്കരുത്ത് തന്നെയാണ്. കളിക്കാരായും, പരിശീലകരായും, സപ്പോര്‍ട്ടിങ് സ്റ്റാഫായുമൊക്കെ എല്ലാ ടീമിലുമുണ്ട് മലയാളികള്‍. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളില്‍ ടീമുകളുടെ ഓഫീഷ്യല്‍ പേജുകളില്‍ നിറയുന്നതും മലയാളി മുഖം തന്നെ.

ഇന്ത്യന്‍ വോളിയുടെ ഐക്കണായി മാറിയ ടോം ജോസഫും, കിഷോര്‍കുമാറുമൊക്കെ പരിശീലകരായാണ് എത്തുന്നതെങ്കില്‍, സൂപ്പര്‍ താരം അഖിന്‍ ജാസ് ചെന്നൈ ബ്സിറ്റ്സിന്റെ മിന്നും താരമാണ്. 

1. കാലിക്കറ്റ് ഹീറോസ്

ചാംപ്യന്‍മാരാകാനുള്ള സാധ്യതകളില്‍ മുന്നിലുള്ള കാലിക്കറ്റ് ഹീറോസില്‍ മലയാളികളുടെ അപ്രമാധിത്യമുണ്ട്. 

കിഷോര്‍ കുമാര്‍– പരീശീലകന്‍

കളിക്കാര്‍

അജിത് ലാല്‍, എം.സി. മൂജീബ്, എന്‍.ജിതിന്‍, അനു സക്കറിയാസ് സിബി, വിശാല്‍ കൃഷ്ണ, സുജന്‍ ലാല്‍, ഡി. വിഗ്നേഷ് നാഥ്, എം.പി. അബില്‍ കൃഷ്ണന്‍, ഒ. അന്‍സഫ്, സച്ചിന്‍ പരീഖ്

2. കൊച്ചിന്‍ ബ്ലൂ സ്പൈക്കേഴ്സ്

അനു ലാല്‍, ബിജോയ് ബാബു– പരിശീലകര്‍ 

കളിക്കാര്‍

എ.അഷാം, അബ്ദുള്‍ റഹീം, ടി.ആര്‍. സേതു, എറിന്‍ വര്‍ഗീസ്

3. കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്

കെ.എസ്.ഇ.ബി, കേരള പൊലീസ് കളിക്കാരുടെ മികവിലാണ് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് എത്തുന്നത്. ലീഗില്‍ ഏറ്റവും അധികം മലയാളികള്‍ അണിനിരക്കുന്ന കേരളത്തിനു പുറത്തുനിന്നുള്ള ടീം കൂടിയാണ്.

സണ്ണി ജോസഫ് – പരിശീലകന്‍

സിജു കെ. ജോസഫ് – സഹപരിശീലകന്‍

കളിക്കാര്‍

അനു ജയിംസ്, യു. ജിന്‍ഷാദ്, മുഹമ്മദ് ഇഖ്ബാല്‍, കെ. രാഹുല്‍, അരവിന്ദ്, ഷമിം 

4. ഹൈദരാബാദ് ബ്ലാക് ഹോക്ക്സ്

ഇന്ത്യന്‍ ഇതിഹാസം ടോം ജോസഫ് സഹപരിശീലകനായെത്തുന്ന ടീമില്‍ നാലുകളിക്കാര്‍ മലയാളികള്‍

ടോം ജോസഫ് –സഹപരിശീലകന്‍

കളിക്കാര്‍

കെ. ആനന്ദ്, പി.വി. ജിഷ്ണു, ജോര്‍ജ് ആന്റണി, ജോണ്‍ ജോസഫ്

5. ബെംഗളൂരു ടോര്‍പ്പിഡോസ്

കളിക്കാര്‍

പി.രോഹിത് (ഇന്ത്യന്‍ ടീം മുന്‍ നായകന്‍), സാരംഗ് ശാന്തിലാല്‍

6. അഹമ്മദാബാദ് ഡിഫണ്ടേഴ്സ്

ജിബിന്‍ സെബാസ്റ്റ്യന്‍–ട്രെയിനര്‍

കളിക്കാര്‍

ഷോണ്‍ ടി. ജോണ്‍

7. ചെന്നെ ബ്ലിറ്റ്സ്

കളിക്കാര്‍

അഖിന്‍ ജാസ്

ഹൈദരാബാദ് ബ്ലാക് ഹോക്സ്– കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് മല്‍സരത്തോടെയാണ് പ്രൈം വോളി ചാംപ്യന്‍ഷിപ്പിന് തുടക്കമാകുന്നത്. ചുരുക്കത്തില്‍ ആരു ജയിച്ചാലും ജേതാക്കള്‍ക്കൊപ്പം മലയാളി സാനിധ്യം ഉറപ്പ്. ടീമുകളെല്ലാം ശക്തമാണെന്നിരിക്കെ ആര്‍ക്കും ജയിക്കാം എന്ന സാധ്യതയും നിലനില്‍ക്കുന്നു.