രണ്ടു കളികൾ. രണ്ടു ഭൂഖണ്ഡങ്ങളിൽ നടന്നത്. കൗതുകത്തിനപ്പുറം ഫുട്ബോളിൽ പ്രായോഗിക ചിന്തയുടെ അങ്ങേയറ്റം കാണാം ഈ കണക്കുകളിൽ. യൂറോ കപ്പ് ആദ്യ സെമി. ഇറ്റലിയെ നേരിടുന്ന സ്പെയിൻ.  കണക്കുനോക്കാം. 71 ശതമാനവും പന്ത് കൈവശം വച്ചത് സ്പെയിൻ. ഇറ്റലിയുടെ പക്കൽ പന്തുണ്ടായിരുന്ന സമയം കേവലം 29 ശതമാനം. ലക്ഷ്യത്തിലേയ്ക്ക് സ്പെയിന്‍ ഷോട്ടുതിർത്തത് 16 തവണ. ഇറ്റലിയാകട്ടെ ഏഴിലൊതുങ്ങി. സ്പെയിൻ 908 പാസുകൾ തീർത്തപ്പോൾ ഇറ്റലിയുടേത് 387 മാത്രം. പാസിലെ കൃത്യത സ്പെയിൻ 88%, ഇറ്റലി 74%. എന്നിട്ടും ജയിച്ചത് ഇറ്റലി.

ഇനി കളിമൈതാനത്ത് കാൽപന്തിന്‍റെ കവിത രചിക്കുന്ന ഇടത്തേയ്ക്ക് പോകാം. ലാറ്റിനമേരിക്കയിലേയ്ക്ക്. കോപ്പാ അമേരിക്കയിലേയ്ക്ക്. സെമി ഫൈനൽ തന്നെയാണ്. മത്സരിക്കുന്നത് അർജൻ്റീനയും കൊളംബിയയും. അർജന്‍റീനയ്ക്ക് പന്തിലുള്ള മേധാവിത്വം 49%. കൊളംബിയക്കാകട്ടെ അത് 51%വും. 14 ഷോട്ടുകളാണ് കൊളംബിയ എതിർ ഗോൾ മുഖം ലക്ഷ്യമാക്കി ഉതിർത്തത്. അർജന്‍റീന 13ഉം. പാസ് നൽകിയ കണക്കിലും മുന്നിൽ നിന്നത് കൊളംബിയ. എന്നിട്ടും ജയം അർജന്‍റീനയ്ക്കൊപ്പം നിന്നു.

അതായത് ഫുട്ബോളിന്‍റെ  സൗന്ദര്യശാസ്ത്രത്തിൽ മാറ്റം വരുന്നത് പ്രകടം. പവർഫുട്ബോളിന്‍റെ, വെറുപ്പിക്കുന്ന പ്രതിരോധ ഫുട്ബോളിനപ്പുറം ക്രിയാത്മക ഡിഫൻസീവ് ഗെയിമിന് പ്രാധാന്യം ഏറുന്നു എന്നതിനുദാഹരണം. ജയത്തിനു വേണ്ടി മാത്രമുള്ളതായ യുറോപ്യൻ ഫുട്ബോളിന്‍റെ കാതൽ ലാറ്റിനമേരിക്കയിലേക്കും പ്രകടമാകുന്ന കാഴ്ച. പൊടുന്നനെയുണ്ടായതല്ല അതെന്നുള്ളതറിഞ്ഞു കൊണ്ടു തന്നെ. ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച് ലീഗുകളിലേയ്ക്ക് ലാറ്റിനമേരിക്കൻ കളിക്കാർ കൂടുതലായി ചേക്കേറിയതു മുതൽ കണ്ടുതുടങ്ങിയതാണത്. ഫുട്ബോൾ ആനന്ദമായി മാത്രം കണ്ടതുകൊണ്ടാകാം ഡെനിൽസണും, റോബിന്യോയുമൊക്കെ പലവഴി ചിതറിയതെന്നോർക്കാം. 

അരോചകമായ ബസ് പാർക്കിങ് രീതി കണ്ടില്ല. അതേസമയം തന്നെ ഈ യുറോയിൽ ഡിഫൻസീവ് തന്ത്രം ക്രിയാത്മകമായി ഉപയോഗിച്ച ടീമുകളാക്കെ വലിയ തോതിൽ കയ്യടി നേടുകയും ചെയ്തു. തോറ്റെങ്കിലും സ്പെയിനിനെതിരെ സ്വിസ് ടീം അത് കാണിച്ചു. എന്തിനാണ് ഇത്ര ഓവർ ഡിഫൻസീവ് ഗെയിം കളിച്ചതെന്ന് ഷൂട്ടൗട്ടിൽ സ്വിസ് കളിക്കാർ മറന്നു പോയ പോലെ. തോൽവിയ്ക്ക് കാരണം അവരുടെ തന്നെ പിഴയോ, മാനസിക നിലയിലെ പിന്നാക്കാവസ്ഥയോ ആയിരുന്നു. സ്പെയിനിന്‍റെ അറ്റാക്കിങ് ഗെയിമിനേക്കാൾ സുന്ദരം സ്വിസ്വിന്‍റെ ഡിഫൻസീവ് ഗെയിമിനായിരുന്നു. 10 പേരില്യ്ക്കു ചുരുങ്ങിയൊരു ടീം അങ്ങനല്ലാതെങ്ങനെ കളിക്കും. 

ഗോൾകീപ്പർ സോമർ അന്നത്തെ പ്രതിരോധത്തിന്‍റെ അവസാന വാക്കായി. പന്ത് എതിരാളികൾക്ക് വിട്ടുനൽകി അവർക്ക് കളിക്കാനാവശ്യമായ സ്പേസ് നൽകാതിരിക്കുന്ന പ്രതിരോധ തന്ത്രം ഈ യുറോയുടെ മുഖമുദ്ര തന്നെയായിരുന്നു. ഒരേയൊരു കളിയാണിനി അവശേഷിക്കുന്നത്. അമിതാക്രമണത്തിന് മുതിരാതെ വേണ്ടപ്പോൾ പ്രതിരോധിക്കുകയും, സൂക്ഷ്മമായി ആക്രമിക്കുകയും ചെയ്ത ഇംഗ്ലണ്ടും ഇറ്റലിയും. തന്ത്രവും അന്തിമ ജയവുമറിയാൻ മണിക്കൂറുകളുടെ അകലം മാത്രം.