ഇന്ത്യ– വെസ്റ്റിൻഡീസ് ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിന്റെ ആരവങ്ങളും ആവേശങ്ങളും ഒഴിഞ്ഞപ്പോൾ കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നിന്ന് കോർപറേഷൻ നീക്കം ചെയ്തത് 900 കിലോഗ്രാം ഭക്ഷണാവശിഷ്ടം. 22,000 പെറ്റ്് ബോട്ടിൽ, 700 കിലോ പേപ്പർ, 180 കിലോ പ്ലാസ്റ്റിക് മാലിന്യം, 150 കിലോ ഭക്ഷണാവശിഷ്ടം കലർന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ, 30 കിലോ പാള, കരിമ്പിൻ ചണ്ടി, 850 കിലോ കാർട്ടണുകൾ, 15 കിലോ തുണി, 50 കിലോ നൈലോൺ, തുണി, ഫ്ലക്സ് മാലിന്യങ്ങൾ, 30 കിലോ ടിഷ്യു പേപ്പർ, 4 കിലോ പിവിസി പൈപ്പ്് എന്നിവയാണു നീക്കം ചെയ്തത്.
ഭക്ഷണവിതരണത്തിന് ലൈസൻസ് എടുത്തിരുന്ന ഓയസീസ് കാറ്ററിങ്, ലൈഫ് ഇവന്റ്സ്, ശിവൻ ജ്യൂസ് എന്നിവർ ഗ്രീൻ പ്രോട്ടോക്കോൾ ലംഘിച്ച് ഭക്ഷണ വിതരണം നടത്തിയതായി കണ്ടെത്തി. ഇവർക്ക് പിഴചുമത്തി നോട്ടിസ് ഉടൻ നൽകുമെന്ന് മേയർ കെ. ശ്രീകുമാർ അറിയിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു കുടുംബശ്രീ മാതൃകയായി. ഐസ്ക്രീം വിതരണം ചെയ്ത മിൽമയും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു.
ഭക്ഷണമൊരുക്കി കുടുംബശ്രീ നേടിയത് 4.5 ലക്ഷം രൂപ
ഇന്ത്യ– വെസ്റ്റിൻഡീസ് ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിനെത്തിയ കാണികൾക്കു ഭക്ഷണമൊരുക്കി കുടുംബശ്രീ കഫേ–കന്റീൻ യൂണിറ്റുകൾ നേടിയത് 4.5 ലക്ഷം രൂപ. കാര്യവട്ടം സ്പോർട്സ് ഹബിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) താൽപര്യപ്രകാരം ഭക്ഷണമൊരുക്കി നൽകുന്നതിനുള്ള ഔദ്യോഗിക പങ്കാളിയാകുകയായിരുന്നു കുടുംബശ്രീ. കളി കാണാനെത്തിയവരിൽ ഏതാണ്ട് കാൽ ലക്ഷം പേർക്കാണു കുടുംബശ്രീ സ്വാദൂറും വിഭവങ്ങളൊരുക്കി നൽകിയത്. 18 കൗണ്ടറുകളിലൂടെയായിരുന്നു വിതരണം.
ചായയും കാപ്പിയും ചെറു പലഹാരങ്ങളും ആവിയിൽ തയാറാക്കിയ പലഹാരങ്ങളും മുതൽ ചിക്കൻ ബിരിയാണിയും പുലാവും ചപ്പാത്തിയും ചിക്കൻ കറിയും കപ്പയും മീൻകറിയും അടക്കം വിഭവങ്ങളുണ്ടായിരുന്നു. പൂർണമായും ഹരിതചട്ടം പാലിച്ച് പ്ലാസ്റ്റിക് ഒഴിവാക്കി സ്റ്റീൽ പാത്രങ്ങളിലും ഗ്ലാസുകളിലുമാണു ഭക്ഷണ പാനീയങ്ങൾ വിതരണം ചെയ്തത്. ശ്രുതി, സമുദ്ര, ബിഗ് ബീറ്റ്സ്, അനാമിക, ജിയാസ് ഫുഡ്, പ്രത്യാശ, സാം ജീസ്, അനുഗ്രഹ, ശ്രീശൈലം എന്നീ യൂണിറ്റുകളാണ് ഭക്ഷണമൊരുക്കിയത്. കുടുംബശ്രീ ജില്ലാ മിഷന്റെ മേൽനോട്ടത്തിലായിരുന്നു ഇത്.
2018 നവംബർ ഒന്നിന് ഇന്ത്യ– വെസ്റ്റിൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം ഇതേ വേദിയിൽ നടന്നപ്പോഴും കുടുംബശ്രീ യൂണിറ്റുകൾക്കായിരുന്നു ഭക്ഷണവിതരണ ചുമതല. അന്ന് 7 യൂണിറ്റുകൾ ചേർന്നു ഭക്ഷണം ഒരുക്കി നൽകി 4 ലക്ഷത്തോളം രൂപ വരുമാനം നേടി.