പാക്കിസ്ഥാനെ വെസ്റ്റ് ഇന്‍ഡീസ് എറിഞ്ഞുവീഴ്ത്തിയശേഷം ലോക ക്രിക്കറ്റ് വേദിയില്‍ മുഴങ്ങിയത് സുരേഷ് ഗോപി ഹിറ്റാക്കിയ ഈ ഡയലോഗ് ആകുമെന്ന് ട്രോളുകളില്‍ നിറയുന്നു. ഓരോരുത്തരും പറയുന്നു ‘തോമാച്ചനെ ഞങ്ങളിങ്ങ് എടുക്കുവാ, ഞങ്ങള്‍ക്ക് വേണം തോമാച്ചനെ’. വിന്‍ഡീസ് ബോളര്‍ ഓഷന്‍ തോമസിനെക്കുറിച്ചാണ് എതിര്‍ ടീം ഇപ്പോള്‍ സംസാരിക്കുന്നത്. 22കാരനായ ഓഷെയ്ന്‍ തോമസ് ലോകകപ്പിലെ അരങ്ങേറ്റത്തില്‍ നാലുവിക്കറ്റ് പിഴുതെടുത്ത് കളിയിലെ താരമായി.
ആരാണ് ഈ തോമാച്ചന്‍..?
ജമൈക്കയില്‍ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച ഓഷെയ്ന്‍ തോമസ് നാലു സഹോദരന്മാര്‍ക്കൊപ്പമാണ് ക്രിക്കറ്റ് കളിച്ചുതുടങ്ങിയത്. പതിനൊന്ന് വയസുള്ളപ്പോള്‍ 16കാരനായ ചേട്ടനെ അക്രമികള്‍ വെടിവച്ചുകൊല്ലുന്നത് നേരില്‍കണ്ട കുഞ്ഞുതോമാച്ചന്‍ ആ സങ്കടമെല്ലാം തീര്‍ത്തത് മൈതാനത്താണ്. ടെന്നിസ് ബോളില്‍ നിന്ന് ക്രിക്കറ്റ് ബോളിലേക്ക് കളിമാറ്റിയ തോമാച്ചന്‍ ആദ്യം പന്ത് എറിഞ്ഞുപഠിച്ചു, പിന്നാലെ ബോളിങ്ങിലേയ്ക്ക് കടന്നു. അങ്ങനെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ജമൈക്കന്‍ ടീമിനായി അരങ്ങേറ്റം.
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് വിന്‍ഡീസിന്റെ സൂപ്പര്‍മാന്‍ ക്രിസ് ഗെയിലാണ് തോമസിനെ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. 2016ല്‍ സിപിഎല്ലില്‍ എത്തിയ ഓഷെയ്ന്‍ തോമസ് 2017ല്‍ നടത്തിയ മികച്ച പ്രകടനത്തോടെ ദേശീയ ടീമിലെത്തി.
പാക്കിസ്ഥാനെതിരെ എന്തുചെയ്തു?
22കാരനായ ഈ ആറടിക്കാരന്‍ അതിവേഗത്തില്‍ കുതിച്ച് എറിഞ്ഞു. 150കിലോമീറ്ററില്‍ പന്ത് എറിയുന്നത് പതിവ്. ബാറ്റ്സ്മാന്‍ പേടിക്കുന്നുവെന്ന് കണ്ടാല്‍ വീണ്ടും വേഗം കൂട്ടും. മികച്ച ആക്ഷന്‍, ബൗണ്‍സറുകള്‍, യോര്‍ക്കറുകള്‍, സ്വിങ് വേണ്ടുവോളം, ഇതെല്ലാം ചേര്‍ന്നാല്‍ ഓഷെയ്ന്‍ തോമസ് എന്ന ഫാസ്റ്റ് ബോളറായി. ലോകകപ്പിന് എത്തും മുമ്പ് ഒന്‍പത് മല്‍സരങ്ങളില്‍ കളിച്ച പരിചയം മാത്രം.
കഴിഞ്ഞവര്‍ഷമാണ് വിന്‍ഡീസ് ദേശീയ ടീമിലെത്തിയത്. പാക്കിസ്ഥാനെതിരെ 5.4ഓവറില്‍ 27റണ്‍സ് വിട്ടുകൊടുത്ത് വീഴ്ത്തിയത് നാലുവിക്കറ്റുകള്‍. ഷോര്‍ട് ബോളുകള്‍, ബൗണ്‍സറുകള്‍, യോര്‍ക്കറുകള്‍, സ്വിങ് ബോളുകള്‍ ഇതെല്ലാം കണ്ടു ഈ സ്പെല്ലില്‍. ഹഫീസിനെ ഷോര്‍ട്ട് ബോളില്‍ വീഴ്്ത്തിയപ്പോള്‍ റിയാസിനെ വീണത് മുഴുനീളെയെത്തിയ പന്തില്‍. ഷദബ് വീണത് മിഡില്‍സ്റ്റംപിനുമുന്നില്‍ വന്നുപതിച്ച പന്തിലും..എതിരാളികള്‍ കരുതിയിരിക്കുക ഓഷെയ്ന്‍ തോമസിനെ.