ഇറാനി ട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യയും രഞ്ജി ചാമ്പ്യന്‍മാരായ വിദര്‍ഭയും തമ്മിലുള്ള മത്സരത്തിനിടെ ഫീൽഡറെറിഞ്ഞ പന്ത് തലയ്ക്ക് കൊണ്ട് അമ്പയർക്ക് പരുക്ക്. മത്സരത്തിന്റെ നാലാം ദിനം 95-ാം ഓവറിൽ ലോംഗ് ഓഫില്‍ നിന്നുള്ള ഫീല്‍ഡറുടെ ത്രോ അമ്പയറായ സി.കെ.നന്ദന്റെ തലയില്‍ നേരിട്ട് പതിക്കുകയായിരുന്നു. ലോംഗ് ഓഫിലേക്ക് പന്തടിച്ച് ഹനുമാ വിഹാരി അനായാസം സിംഗിളെടുത്തു. ലോംഗ് ഓഫില്‍ നിന്ന് പന്ത് ഫീല്‍ഡ് ചെയ്ത വിദര്‍ഭ ഫീല്‍ഡര്‍ പന്ത് ബൗളിംഗ് എന്‍ഡിലേക്ക് പന്ത് എറിഞ്ഞുകൊടുത്തു. ഈ സമയം പന്ത് ശ്രദ്ധിക്കാതെ തിരിഞ്ഞു നടക്കുകയായിരുന്ന അമ്പയര്‍ സി.കെ.നന്ദന്റെ തലയിലാണ് പന്ത് നേരിട്ട് വന്നുവീണത്.

എറുകൊണ്ട ആഘാതത്തിൽ നിലത്തിരുന്ന നന്ദൻ ഏറെ തലയിൽ നിന്ന് കൈയ്യെടുക്കാൻ കൂട്ടാക്കിയില്ല. വിദർഭ നായകൻ ഫൈയസ് ഫസൽ ഉൾപ്പടെയുള്ള താരങ്ങൾ ഓടിയെത്തി. പിന്നീട് മെഡിക്കൽ സംഘമെത്തി നന്ദന് ചികിത്സ നൽകി. പിന്നാലെ ലെഗ് അമ്പയർ നിതിൻ മേനോൻ നന്ദനോട് ഗ്രൗണ്ടിൽ നിന്ന് മടങ്ങാൻ നിർദേശിച്ചെങ്കിലും നന്ദൻ വീണ്ടും മത്സരത്തിൽ തുടർന്നു. കഴിഞ്ഞ വര്‍ഷം ഐപിഎല്ലില്‍ മുംബൈയും സണ്‍റൈസേഴ്സും തമ്മിലുള്ള മത്സരത്തിനിടെയും നന്ദന്റെ തലയില്‍ പന്തുകൊണ്ടിരുന്നു.