പ്രവീൺ താമ്പെ എന്ന 47 കാരൻ ക്രിക്കറ്റിലെ തന്നെ വിസ്മയമാണ്. പല വട്ടം മുട്ടിവിളിച്ചിട്ടും ദേശീയ ടീമിന്റെ വാതിലുകൾ പ്രവീണിനു മുമ്പിൽ തുറന്നില്ലെങ്കിലും 41 –ാം വയസിൽ ഐപിഎല്ലിൽ അരങ്ങേറിയാണ് പ്രവീൺ ചരിത്രം കുറിച്ചത്. 2013 ൽ രാജസ്ഥാനു വേണ്ടി അരങ്ങേറ്റ മത്സരം കളിക്കുമ്പോൾ ഐപിഎല്ലിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായിരുന്നു പ്രവീൺ. സൺറൈസ്ഴേസ് ഹൈദരാബാദിന്റെ താരമാണ് ഇപ്പോൾ പ്രവീൺ താമ്പെ.
47– ാംവയസിലും ഞെട്ടിക്കുന്ന പ്രകടനം പുറത്തെടുത്താണ് താരം വീണ്ടും വാർത്തകളിൽ നിറയുന്നത്. യുഎഇയിൽ നടക്കുന്ന ടി10 ലീഗിൽ ഹാട്രിക്ക് നേടിയാണ് പ്രവീൺ താമ്പെ ആരാധകരുടെ ഹൃദയം കീഴടക്കിയത്. കേരള നൈറ്റ്സിനെതിരെ നടന്ന മത്സരത്തിൽ സിന്ദീസിനു വേണ്ടി അത്ഭുതകരമായ പ്രകടനമാണ് പ്രവീൺ പുറത്തെടുത്തത്. ആദ്യ ഓവറിൽ തന്ന നാല് വിക്കറ്റുകൾ പ്രവീൺ എറിഞ്ഞിട്ടു.
ക്രിസ് ഗെയിൽ.ഇയോൺ മോർഗൺ, കെയ്റൺ പൊളാർഡ്, ഫാബിയൻ അലൻ എന്നിവരാണ് താമ്പെയുടെ പന്തിൽ റൺ നേടാതെ പുറത്തായത്. ആദ്യ ഓവറിന്‍റെ രണ്ടാം പന്തിൽ ഗെയിലിനെ പുറത്താക്കി. പിന്നീട് നാലാം പന്തുമുതൽ മൂന്ന് വിക്കറ്റാണ് താമ്പെ വീഴ്‌ത്തിയത്. രണ്ട് ഓവർ പന്തെറിഞ്ഞ താമ്പെ 15റൺസ് വഴങ്ങി അഞ്ചു വിക്കറ്റുകളാണ് നേടിയത്. ശ്രീലങ്കൻ ഓപ്പണർ ഉപുൽ തരംഗയാണ് പ്രവീൺ താമ്പെയുടെ അഞ്ചാം വിക്കറ്റ്.