ഏഷ്യാക്കപ്പ് ഫൈനലിലെ ഇന്ത്യ–ബംഗ്ലാദേശ് പോരാട്ടത്തിൽ ആവേശം അവസാന പന്ത് വരെയാണ് നീണ്ടത്. ആരാധകരുടെ നെഞ്ചിടിപ്പേറ്റിയ നിമിഷങ്ങളായിരുന്നു അത്. ജയം ഉറപ്പിച്ച ബംഗ്ലാദേശും വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച് ഇന്ത്യയും. ജയം ഉറപ്പിച്ച ബംഗ്ലാദേശ് ഗ്യാലറിയിലും ഗ്രൗണ്ടിലും ആഘോഷങ്ങൾ തുടങ്ങിയിരുന്നു.
ക്രിക്കറ്റ് ആരാധകർ കാത്തിരുന്നതും ബംഗാൾ കടുവകളുടെ നാഗിൻ നൃത്തം കാണാനായിരുന്നു. ജയത്തിനടുത്തെത്തിയതോടെ താരങ്ങൾ ആവേശത്തിലായി. ഗ്രൗണ്ടിൽ ആവേശം തുടങ്ങി. കളിയുടെ തുടക്കത്തിൽ തന്നെ ശിഖർ ധവാനെ പുറത്താക്കിയതോടെയാണ് ഈ ഏഷ്യാകപ്പിലെ ആദ്യ നാഗിൻ നൃത്ത പ്രകടനം പുറത്തെടുത്തത്. നസ്മുൽ ഇസ്ലാമാണ് നൃത്തം വച്ചത്. ഇതോടെ ബംഗ്ലാദേശ് ആരാധകരും ആവേശത്തിലായി.
എന്നാൽ അവസാന ഓവറിലെ അവസാന പന്തിൽ അപ്രതീക്ഷിത ജയം ഇന്ത്യ നേടിയതോടെ ബംഗ്ലാദേശുകാരുടെ ആഘോഷങ്ങൾക്ക് അവസാനമായി. ഇതോടെ ഇന്ത്യൻ ആരാധകർ തിരിച്ചടിച്ചു. നാഗിൻ നൃത്തത്തെ കളിയാക്കിക്കൊണ്ടുള്ള ചുവടുകളുമായി ഇന്ത്യൻ കാണികൾ ഗ്യാലറി നിറഞ്ഞു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് 48.3 ഓവറിൽ 222 റൺസിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ ഏഴു വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യ, ഇന്നിങ്സിന്റെ അവസാന പന്തിലാണ് വിജയറൺ നേടിയത്. നാടകീയ നിമിഷങ്ങൾകൊണ്ട് സമ്പന്നമായിരുന്ന മൽസരത്തിൽ പരുക്കേറ്റ് ഇടയ്ക്കു മടങ്ങിയശേഷം തിരിച്ചെത്തിയ കേദാർ ജാദവാണ് വിജയറൺ നേടിയത്.
48 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ ഇന്ത്യയുടെ ടോപ് സ്കോററായി. ദിനേഷ് കാർത്തിക് (37) മഹേന്ദ്രസിങ് ധോണി (36), കേദാർ ജാദവ് (പുറത്താകാതെ 23), രവീന്ദ്ര ജഡേജ (23), ഭുവനേശ്വർ കുമാർ (21) എന്നിവരുടെ പ്രകടനവും ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായി. ബംഗ്ലദേശിനായി മുസ്താഫിസുർ റഹ്മാൻ, റൂബൽ ഹുസൈൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. കന്നി ഏകദിന സെഞ്ചുറിയുമായി (121) ബംഗ്ലദേശിനെ മുന്നിൽനിന്നു നയിച്ച ഓപ്പണർ ലിട്ടൺ ദാസാണ് കളിയിലെ കേമൻ. ഏറ്റവും കൂടുതൽ റൺസ് നേടിയ ശിഖർ ധവാൻ ടൂർണമെന്റിന്റെ താരമായി.