മഹേന്ദ്ര സിങ് ധോണി ഇന്ത്യൻ ക്രിക്കറ്റിന് പുത്തൻ ഉണർവ് നൽകിയ ഇതിഹാസതാരം. ഇന്ത്യയ്ക്ക് ഏകദിന, ട്വൻടി 20 ലോകകപ്പുകളിൽ മുത്തമിടാൻ ഭാഗ്യം ഒരുക്കി കൊടുത്ത പ്രതിഭാധനന്‍. ബെസ്റ്റ് ഫിനിഷറെന്ന് ലോകം വാഴ്ത്തിയ ഇതിഹാസ സാന്നിധ്യം. ഇങ്ങനെയൊക്കെയാണെങ്കിലും ധോണിക്കെതിരെ വാളെടുത്തു ഉറഞ്ഞു തുളളുകയാണ് വിമർശകർ.
ഇംഗ്ലണ്ടിനെതിരെയുളള രണ്ട് ഇന്നിംഗ്സിലെ മോശം പ്രകടനത്തിന്റെ പേരിലായിരുന്നു ധോണിക്കെതിരെ വിമർശനം ശക്തമായത്. ഏകദിന ക്രിക്കറ്റിൽ 10,000 റൺസ് പൂർത്തിയാക്കി ചരിത്ര മൽസരത്തിൽ കാണികളുടെ കൂവലും പരിഹാസവും ഏറ്റ് സ്റ്റേഡിയം വിടേണ്ട ഗതികേടിലായിരുന്നു ധോണി. ധോണിയെ പിന്തുണച്ച് സച്ചിനും ഗാംഗുലിയും അടക്കമുളള താരങ്ങൾ രംഗത്തു വന്നിരുന്നു. ഇപ്പോൾ ഇതാ വിമർശകരുടെ വായ അടപ്പിച്ച് ഓസ്ട്രേലിയൻ ഇതിഹാസ താരം മൈക്ക് ഹസിയും രംഗത്തെത്തി.
ധോണിയെ പോലെ ഉളള ഒരു ഇതിഹാസ താരത്തെ എഴുതി തളളാറായിട്ടില്ലെന്നായിരുന്നു മൈക്ക് ഹസിയുടെ പ്രതികരണം. ധോണിയെ അതിരുകടന്നു വിമർശിക്കുന്നവർ ധോണിയുടെ കളിയെ കുറിച്ച് കാര്യമായ ധാരണയില്ലാത്തവരാണന്നു തോന്നുന്നു. നിങ്ങൾ ധോണിയുടെ കളി കണ്ടിട്ടുണ്ടോ. ധോണി സമയമെടുത്താണ് കളിക്കാറ്. അവസാനം മികച്ച രീതിയിൽ റൺസ് പടുത്തുയർത്താനും ഈ രീതി പിന്തുടരുന്നതു മൂലം അദ്ദേഹത്തിന് സാധിക്കുന്നു– ഹസി പറഞ്ഞു. സാഹചര്യങ്ങളെ തന്റെ വരുതിയിലാക്കാൻ കെൽപ്പുളള പ്രതിഭാശാലിയാണ് അയാൾ. അദ്ദേഹത്തിന്റെ വഴി തെരഞ്ഞെടുക്കുന്നത് അദ്ദേഹമാണ്. ക്രിക്കറ്റിൽ ഇനിയും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിക്കും ഹസി പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ രണ്ടു ഏകദിനത്തിലും ധോണിയുടെ പ്രകടനം മോശമായിരുന്നു. രണ്ടാം ഏകദിനത്തിൽ 37 ബോളിൽനിന്നും 59 റൺസും മൂന്നാം ഏകദിനത്തിൽ 66 പന്തിൽനിന്നും 42 റൺസുമായിരുന്നു ധോണിയുടെ സമ്പാദ്യം. ഈ രണ്ടു മൽസരങ്ങളും തോറ്റ ഇന്ത്യയ്ക്ക് പരമ്പരയും നഷ്ടമായിരുന്നു.ണ്ടാം ഏകദിനത്തിൽ ധോണിയുടെ മെല്ലപ്പോക്ക് കണ്ടുകൊണ്ട് ഇന്ത്യൻ ആരാധകർ നിരാശയോടെയാണ് ഗ്യാലറിയിൽ ഇരുന്നത്. നിറഞ്ഞ കയ്യടിയോടെ വരവേറ്റ ആരാധകർ ധോണി പുറത്തായപ്പോൾ കൂവിയും പരിഹസിച്ചും യാത്രയാക്കുകയായിരുന്നു.
ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരാളും ചെയ്യാരുതാത്ത കാര്യമാണ് ലോർഡ്സിൽ നടന്നതെന്ന് ഇതിഹാസതാരം ഗാംഗുലി തുറന്നടിച്ചിരുന്നു. ധോണി അത് അർഹിക്കുന്നില്ല. ധോണിയെ പോലെ ഒരു കളിക്കാരനെ സമീപഭാവിയിൽ നമുക്ക് കണ്ടെടുക്കാൻ സാധിക്കുമോയെന്ന് പോലും സംശയമാണ്. ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് അയാൾ. ബാറ്റിങ്ങിൽ ബുദ്ധിമുട്ട് നേരിടുന്ന ധോണിക്ക് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ കഴിയുന്നില്ല. ധോണി സ്വന്തമായ ശൈലിയിൽ കളിക്കുക, അതാണ് അദ്ദേഹത്തിന് നല്ലത്– ഗാംഗുലി പറഞ്ഞു.