അജിത് വഡേക്കറുടെയും കപില്‍ ദേവിന്റെയും രാഹുല്‍ ദ്രാവിഡിന്റെയും പാത പിന്തുടര്‍ന്ന് വിരാട് കോഹ്്‌ലി എത്തുമോയെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ടീം ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകൻമാരായ സൗരവ് ഗാംഗുലിക്കും എംഎസ്. ധോണിക്കും ഇംഗ്ലണ്ടിൽ െടസ്റ്റ് പരമ്പര നേടാനായിട്ടില്ല. ഇംഗ്ലണ്ടില്‍ ഇന്ത്യ പത്തൊമ്പതാം ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുമ്പോള്‍ കഴിഞ്ഞ പതിനെട്ടില്‍ മൂന്നേ മൂന്ന് പരമ്പര ജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യയ്ക്കായി കൂടുതല്‍ ജയങ്ങള്‍ നേടിത്തന്ന ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ സാധിക്കാത്തത് വിരാട് കോഹ്‌ലിക്ക് സാധിക്കുമോ, എജ്ബാസ്റ്റണിലെ ആദ്യ ടെസ്റ്റില്‍ നിന്ന് കിട്ടും ആ ഉത്തരം. ഇളംകാറ്റിനൊപ്പമെത്തുന്ന പന്തുകളുടെ ഗതിയാണ് ഇംഗ്ലണ്ടില്‍ എപ്പോഴും ഇന്ത്യയെ കുഴപ്പത്തിലാക്കുന്നത്.
കോഹ്‌ലി പഴയ കോഹ്‌ലിയല്ല
വിരാട് കോഹ്‌ലി പഴയ വിരാട് കോഹ്‌ലിയല്ല. 2014ല്‍ ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ടിനെതിരെ പത്ത് ഇന്നിങ്സില്‍ നിന്ന് 134 റണ്‍സ് മാത്രം നേടിയ കോഹ്‌ലിയല്ല ഇപ്പോള്‍ ഇംഗ്ലണ്ടില്‍ ക്യാപ്റ്റനായി എത്തിയിരിക്കുന്ന കോഹ്‌ലി. ഓഫ് സ്റ്റംപിന് പുറത്ത് പതിക്കുന്ന പന്തുകളില്‍ പതറുന്ന വിരാട് കോഹ്‌ലിയുടെ ദൗര്‍ബല്യമാണ് 2014ല്‍ ഇംഗ്ലണ്ട് ചൂഷണം ചെയ്തത്. എന്നാല്‍ 2014നുശേഷം 37 ടെസ്റ്റില്‍ നിന്ന് 15 സെഞ്ചുറി ഉള്‍പ്പെടെ 3,699 റണ്‍സാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്. 2017ല്‍ 10 ടെസ്്റ്റില്‍ നിന്ന് 1059റണ്‍സ് നേടി. ജയത്തിനായി അവസാനം വരെ പൊരുതാനും സ്വന്തം പ്രകടനം മെച്ചപ്പെടുത്തി ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നതിലും കോഹ്‌ലി എപ്പോഴും ശ്രദ്ധവയ്ക്കുന്നു.
ഇംഗ്ലണ്ടില്‍ ഇതുവരെ അര്‍ധസെഞ്ചുറി നേടാന്‍ പോലുമാകാത്ത കോഹ്‌ലി ആ ചരിത്രവും മാറ്റിമറിക്കാനാണിറങ്ങുന്നത്. കോഹ്‌ലിക്കൊപ്പം ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശിഖര്‍ ധവാന്‍ എന്നിവര്‍ ബാറ്റിങ്ങില്‍ തിളങ്ങിയാല്‍ ഇന്ത്യയ്ക്ക് പ്രതീക്ഷിക്കാം. ബോളിങ്ങില്‍ മുഹമ്മദ് ഷാമിയുടെ യോര്‍ക്കറുകളും ഉമേഷ് യാദവിന്റെ വേഗവും ഇഷാന്ത് ശര്‍മയുടെ ബൗണ്‍സറുകളും ഇന്ത്യയ്ക്ക് പ്രതീക്ഷയാകുന്നു. ഹര്‍ദിക് പാണ്ഡ്യ എന്ന ഓള്‍റൗണ്ടില്‍ ബാറ്റിങ്ങിലും ബോളിങ്ങിലും നല്‍കുന്ന സേവനം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്.
ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനക്കാരാണെങ്കിലും ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ട് എന്നും മികവ് കാട്ടിയ ചരിത്രമാണുള്ളത്. ആന്‍ഡേഴ്സണും ബ്രോഡും സാം കുറാനും ഉള്‍പ്പെടുന്ന പേസ് നിരയും ആദില്‍ റഷീദ് എന്ന ലെഗ്സ്പിന്നറും ഷോര്‍ട്ട് ബോളുകളുമായും ഓഫ്സ്റ്റംപിന് പുറത്ത്കുതിച്ചെത്തുന്ന ബോളുകളുമായി എജ്ബാസ്റ്റണിലെ ബോളിങ് ക്രീസിലെത്തുമ്പോള്‍ കോഹ്‌ലി നയിക്കുന്ന ബാറ്റിങ് നിര എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കാത്തിരുന്നറിയണം. 2014ല്‍ ഇന്ത്യയെ നയിച്ചെത്തിയ ധോണി വമ്പന്‍ പരാജയം ഏറ്റുവാങ്ങി.
കോഹ്‌ലിയുടെ മുന്‍ഗാമികള്‍
പത്തൊമ്പാതാം പരമ്പരയ്ക്കായി ഇന്ത്യ ഇംഗ്ലണ്ടിലിറങ്ങുമ്പോള്‍ മുന്‍ഗാമികളില്‍ മികവ്കാട്ടിയ മൂന്നേ മൂന്നു ക്യാപ്റ്റന്മാരെയുള്ളു. 1971ല്‍ അജിത് വഡേക്കറുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ, ഇംഗ്ലണ്ടിലെ ആദ്യ ടെസ്റ്റ് പരമ്പര നേടിയത്. രണ്ടാം പരമ്പര ജയം ഇന്ത്യയ്ക്ക് ആദ്യ ഏകദിന ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റന്റെ സമ്മാനമായിരുന്നു. 1983ലെ ലോകകപ്പ് വിജയത്തിന്റെ പിന്നാലെ 1986ല്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പരമ്പര ജയം നേടി. പിന്നീട് ഏറെ കാത്തിരിക്കേണ്ടി വന്നു ഇന്ത്യയ്ക്ക്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി വന്‍മതില്‍ തീര്‍ത്ത രാഹുല്‍ ദ്രാവിഡാണ് അവസാനമായി ഇംഗ്ലണ്ടില്‍ ഒരു പരമ്പര ജയം ഇന്ത്യയ്ക്ക് സമ്മാനിച്ചത്. 2007ലായിരുന്നു ഈ ജയം. ഇവരുടെ നിരയിലേക്ക് കോഹ്‌ലി എത്തുമോയെന്നാണ് ഇനി അറിയേണ്ടത്.