nehru-trophy

അറുപത്തിയാറാമത് നെഹ്രുട്രോഫി വള്ളംകളിക്കുള്ള രജിസ്ട്രേഷൻ പൂര്‍ത്തിയായി. വിവിധ വിഭാഗങ്ങളിലായി 78 വള്ളങ്ങള്‍ ഇക്കുറി മല്‍സരത്തിനുണ്ടാകും. അടുത്തമാസം 11ന് ആലപ്പുഴ പുന്നമടക്കായലിലാണ് ജലോല്‍സവം

25 ചുണ്ടന്‍ വള്ളങ്ങളാണ് നെഹ്റുട്രോഫി പിടിക്കാന്‍ പുന്നമടയില്‍ തുഴയെറിയുക. ചുരുളന്‍, ഇരുട്ടുകുത്തി എ വിഭാഗങ്ങളില്‍ നാലുവീതം വള്ളങ്ങള്‍ മാറ്റുരയ്ക്കും. വെപ്പ് എ വിഭാഗത്തിൽ ഒമ്പതും ബി വിഭാഗത്തിൽ ഏഴും വള്ളങ്ങളാണ് ഉണ്ടാകുക. ഇരുട്ടുകുത്തി ബി വിഭാഗത്തില്‍ 26 വള്ളങ്ങള്‍  മല്‍സരിക്കും. വനിതകൾ തുഴയുന്ന തെക്കനോടി വിഭാഗത്തിൽ മൂന്നു വള്ളങ്ങളും ഇത്തവണയുണ്ട്. കഴിഞ്ഞ വര്‍ഷവും 78 വള്ളങ്ങളാണ് ജലമേളയില്‍ പങ്കെടുത്തത്. എന്നാല്‍ ഇക്കുറി ഒരു ചുണ്ടൻ വള്ളം കൂടിയപ്പോള്‍ ഓടിവള്ളങ്ങളില്‍ ഒന്നു കുറഞ്ഞു. വള്ളംകളി ആസ്വദിക്കാൻ മുതിർന്ന പൗരന്മാർക്ക് ഇത്തവണ പ്രത്യേക അവസരം ഒരുക്കുന്നുണ്ട്. ഇവര്‍ക്കായി സ്പെഷ്യല്‍ ടിക്കറ്റുകളും പ്രത്യേക സീറ്റ് ക്രമീകരണവും ഒരുങ്ങുന്നുണ്ട്. 

 

വിവിധ നിറങ്ങളിലുള്ള ജേഴ്‌സികൾ അണിഞ്ഞ വാളണ്ടിയർമാരാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. പച്ച വളണ്ടിയർമാര്‍ വള്ളംകളി പരിസരത്തെ ഹരിതചട്ട പ്രവർത്തനങ്ങളിലും. മഞ്ഞ വളണ്ടിയർമാര്‍ കുട്ടികളേയും സ്ത്രീകളേയും പരിപാലിക്കുന്നതിലും ശ്രദ്ധയൂന്നും. മുതിർന്ന പൗരന്മാർക്കായി ചുവപ്പു വളണ്ടിയർമാരും ഭിന്നശേഷിയുള്ളവര്‍ക്കായി നീല വളണ്ടിയർമാരും സേവനം ചെയ്യും.