ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിച്ച പിന്നാക്കവിഭാഗത്തിലുൾപ്പെട്ട താരങ്ങളുടെ കണക്കുൾപ്പെടുത്തി ദ വയർ ഡോട്ട് കോമില്‍ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വിവാദമാകുന്നു. റിപ്പോർട്ടിനെതിരെ മുൻ താരം മുഹമ്മദ് കെയ്ഫ് രംഗത്തെത്തിയതോടെയാണ് വിവാദം കത്തിപ്പടർന്നത്.
ടെസ്റ്റ് കളിക്കാനാരംഭിച്ചതിന് ശേഷം ആകെ 290 താരങ്ങളാണ് ഇന്ത്യൻ ടീമിനായി കളിച്ചിട്ടുള്ളത്. ഇതിൽ എസ്‌സി, എസ്ടി വിഭാഗത്തിൽ നിന്ന് ആകെ നാലുപേർ മാത്രം. ജനസംഖ്യക്കനുസരിച്ചാണെങ്കിൽ പിന്നാക്കവിഭാഗത്തിൽ നിന്ന് എഴുപത് പേരെങ്കിലും ടീമിലിടം നേടണമായിരുന്നു എന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
റിപ്പോർട്ട് ഷെയർ ചെയ്ത് കെയ്ഫ് ട്വിറ്ററിൽ കുറിച്ചതിങ്ങനെ;
'പിന്നാക്കവിഭാഗത്തിൽപ്പെട്ട എത്ര മുതിർന്ന മാധ്യമപ്രവർത്തകരുണ്ട് നിങ്ങളുടെ മേഖലയിൽ? എസ്‌സി, എസ്ടി വിഭാഗത്തിൽപ്പെട്ട എത്ര സീനിയർ എഡിറ്റർമാരുണ്ട്? ജാതി,മത സമവാക്യങ്ങൾ പൊളിച്ചെഴുതിയ മേഖലയാണ് കായികം. പക്ഷേ വിദ്വേഷം പരത്തുന്ന മാധ്യമപ്രവർത്തകരുള്ളപ്പോൾ എന്തുപറയാനാണ്''?
ദലിത്, മുസ്‌ലിം ബൗളർമാരുടെ എണ്ണത്തെക്കുറിച്ചും റിപ്പോർട്ട് പരാമർശിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിലെ ക്വോട്ട രീതിയുമായി ഇന്ത്യൻ ക്രിക്കറ്റിനെ താരതമ്യം ചെയ്യുന്നുമുണ്ട്.
ആറ് കറുത്ത വർഗ്ഗക്കാരായ താരങ്ങളെയെങ്കിലും ദേശീയ ടീമിലുൾപ്പെടുത്തണമെന്നാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിലെ നിയമം. ന്യൂനപക്ഷപ്രാതിനിധ്യം വർധിപ്പിക്കാനാണ് ഈ നീക്കം.