സാധാരണ മത്സരത്തിനിടയിലാണ് റഫറി താരങ്ങൾക്ക് മഞ്ഞക്കാർഡ് നൽകുന്നത്. എന്നാൽ മത്സരം തുടങ്ങുംമുൻപെ മഞ്ഞക്കാര്‍ഡുമായി ഓടിയടുത്ത റഫറിയെ കണ്ട് മെസൂട്ട് ഓസിൽ അമ്പരന്നു. ഫൗൾ ചെയ്തതിനല്ല, ആ മഞ്ഞക്കാർഡിൽ ഒരു ഓട്ടോഗ്രാഫ് വാങ്ങാനാണ് റഫറിയെത്തിയത്.

ഇന്റർനാഷണൽ ചാംപ്യൻസ് കപ്പിൽ പിഎസ്ജി–ആഴ്സണൽ പോരാട്ടത്തിന് മുൻപാണ് സംഭവം. മത്സരം തുടങ്ങാൻ മിനിട്ടുകൾ മാത്രം ബാക്കിനിൽക്കെയാണ് മഞ്ഞക്കാർഡുമായി റഫറിയെത്തിയത്. 

മത്സരത്തിനായി പോക്കറ്റിൽ കരുതിയിരുന്ന മഞ്ഞക്കാർഡിലാണ് റഫറി ഓട്ടോഗ്രാഫ് ചോദിച്ചത്. ആദ്യം ഒന്നമ്പരന്നെങ്കിലും പേനയെടുത്ത് ഓസിൽ ഓട്ടോഗ്രാഫ് നൽകി. 

മത്സരത്തിൽ 5-1ന് ആഴ്സണൽ പിഎസ്ജിയെ തകർത്തു. ആദ്യഗോള്‍ ഓസിലിന്റെ വകയും. 

വംശീയവിവാദങ്ങൾക്ക് ഓസിൽ നൽകിയ മറുപടിയെന്നാണ് ഗോളിനെ ആരാധകർ വിശേഷിപ്പിച്ചത്. ലോകകപ്പ് തോൽവിക്ക് പിന്നാലെ തുർക്കി വംശജനായതിനാൽ ജർമനിയിൽ ഓസില്‍ വലിയ രീതിയിലുള്ള വംശീയാധിക്ഷേപം നേരിട്ടിരുന്നു. ഇതിൽ മനംനൊന്ത് ഓസിൽ ദേശീയടീമിൽ നിന്ന് വിരമിക്കുന്നതായി അറിയിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ ആഴ്സണലിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്താണ് കഴിഞ്ഞദിവസം ഓസിൽ കളത്തിലിറങ്ങിയത്.