nikola-kalinic-player

പകരക്കാരനായി ഇറങ്ങില്ലെന്ന വാശി ഇത്തരമൊരു ദുരന്തത്തിൽ ചെന്ന് അവസാനിക്കുമെന്ന് നിക്കോള കാലിനിച്ച് എന്ന ക്രോയേഷ്യൻ സ്ട്രൈക്കർ സ്വപ്നത്തിൽ പോലും കരുതികാണില്ല. ക്രോയേഷ്യ ചരിത്രത്തിൽ ആദ്യമായി ലോകകപ്പിന്റെ ഫൈനൽ കളിച്ചപ്പോൾ സ്വപ്നനേട്ടം ടിവിയിൽ ഇരുന്നു കാണാനായിരുന്നു വിധി. ചരിത്രത്തിൽ തന്റെ പേരെഴുതി ചേർക്കാനുളള സുവർണാവസരം തുലച്ചുകളഞ്ഞവൻ എന്ന ചീത്തപ്പേര്  കേട്ട് തലകുനിച്ച് മടങ്ങനായിരുന്നു കാലിനിച്ചിന്റെ വിധി. ലോകകപ്പിൽ രണ്ടാമനായി തലഉയർത്തി ക്രോയേഷ്യ മടങ്ങുമ്പോൾ കാലിനിച്ചും തല ഉയർത്തുകയാണ്. ലോകകപ്പിലെ റണ്ണേഴ്‌സ് അപ്പിനു കിട്ടുന്ന വെള്ളിമെഡല്‍ നിരസിച്ചാണ് കാലിനിച്ച് ആരാധകരുടെ സ്നേഹം തിരിച്ചു വാങ്ങിയത്. മെഡൽ ലഭിച്ചതിൽ സന്തോഷിക്കുന്നു. ഞാൻ റഷ്യയിൽ കളിച്ചിട്ടില്ല അതു കൊണ്ട് മെഡൽ ഏറ്റുവാങ്ങാനുളള യോഗ്യതയും എനിക്കില്ല കാലിച്ച് പറഞ്ഞു.

ഗ്രൂപ്പ്ഘട്ടത്തിൽ നൈജീരിയക്കെതിരേ പകരക്കാരനായി ഇറങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന്  കാലിനിച്ചിനെ കോച്ച് സ്‌ലാറ്റ്കോ ഡാലിച്ച് നാട്ടിലേയ്ക്ക് തിരിച്ച് അയക്കുകയായിരുന്നു. ആദ്യ ഇലവനിൽ അവസരം നൽകാത്തതിനെത്തുടർന്നാണ് കാലിനിച്ച് പകരക്കാരനായി ഇറങ്ങാൻ കഴിയില്ലെന്ന് കോച്ചിനെ അറിയിച്ചത്.പുറംവേദന കൊണ്ടാണ് താൻ പകരക്കാരനായി ഇറങ്ങാതിരുന്നതെന്ന് കാലിനിച്ച് ന്യായം പറഞ്ഞു നോക്കിയെങ്കിലും കണിശക്കാരനായ ഡാലിച്ചിന്റെ മുൻപിൽ ആ തൊടുംന്യായം വിലപോയതുമില്ല. 

എന്നാൽ പുറംവേദനയെന്നത് വെറും നാട്യമാണെന്നും ബ്രസീലിനും ഇംഗ്ലണ്ടിനും എതിരെയുളള സൗഹൃദ മത്സരങ്ങളിലും കാലിനിച്ച് ഈ തന്ത്രം പുറത്തെടുത്തിരുന്നുവെന്നും ഇനിയും കാലിനിച്ചിനെ വച്ചുപൊറുപ്പിക്കാനാകില്ലെന്നുമായിരുന്നു കോച്ചിന്റെ നിലപാട്. 

2008 ൽ യുറോകപ്പ് യോഗ്യത റൗണ്ട് ടീമിലും, 2012 യൂറോ കപ്പ് ടീമിലും ഇടം പിടിച്ചിരുന്നെങ്കിലും ഒരു തവണ പോലും കളത്തിലിറക്കിയില്ല. . 2016 യൂറോയിൽ വീണ്ടും യൂറോയിലേക്കു തിരിച്ചെത്തിയ കാലിനിച്ച് സ്പെയിനെതിരെ ക്രൊയേഷ്യ 2–1നു ജയിച്ച മൽസരത്തിൽ ഒരു ഗോൾ നേടുകയും മറ്റൊന്നിനു വഴിയൊരുക്കുകയും ചെയ്തു. ആ മികവാണു കാലിനിച്ചിനെ റഷ്യൻ ലോകകപ്പ് ടീമിലെത്തിച്ചത്. സുവാർണാവസരം കളഞ്ഞു കുളിച്ച് കാലിനിച്ച് ദുരന്ത നായകനായി മാറുകയും ചെയ്തു.