റഷ്യൻ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം നേടിയ ക്രൊയേഷ്യൻ നായകൻ ലൂക്കാ മോ‍ഡ്രിച്ച് ഭൂമിയിൽ കളിച്ചു വളർന്നവനാണ്. ഭൂമിയുടെ ഫുട്ബോളർ. കഠിനാധ്വാത്തിന്റെ വിയർപ്പു തുള്ളികൾ പൊഴിക്കുന്ന, മണ്ണിന്റെ പുത്രൻ. 'അന്യഗ്രഹത്തിൽ നിന്നു വന്നവൻ’– മെസ്സിയെയും ക്രിസ്റ്റ്യാനോയെയും പുകഴ്ത്തുന്നതുപോലെ ഇവനെ ഒറ്റയടിക്ക് വിണ്ണിലെ താരമാക്കാൻ പറ്റില്ല.

 

ക്രൊയേഷ്യയുടെ പടിഞ്ഞാറേ അറ്റത്ത് അഡ്രിയാറ്റിക് കടലിന്റെ തീരത്തുള്ള സദർ എന്ന പട്ടണത്തിൽ രണ്ട് ലൂക്ക മോഡ്രിച്ചുമാരുണ്ടായിരുന്നു. ഒരാൾ വർഷങ്ങൾക്കു മുൻപ് സെർബിയൻ വിമതരാൽ കൊല ചെയ്യപ്പെട്ട മുത്തച്ഛൻ ലൂക്ക മോഡ്രിച്ച്. മറ്റൊന്ന് ഇന്നലെ മോസ്കോ ലുഷ്നികിയിൽ ക്രൊയേഷ്യയെ നയിച്ച കൊച്ചു മകൻ ലൂക്ക മോഡ്രിച്ച്.  ക്രൊയേഷ്യൻ സ്വാതന്ത്ര്യ സമരകാലത്ത് ഹോട്ടലുകളിലായിരുന്നു മോഡ്രിച്ചിന്റെയും കുടുംബത്തിന്റെയും താമസം. 

 

സദറിൽ നിന്നു വന്ന കാറ്റടിച്ചാൽ വീണു പോകുന്ന പയ്യന് ക്രൊയേഷ്യയിലെ മികച്ച ക്ലബുകളിൽ ഒന്നായ ഹാദുക് സ്പ്ലിറ്റ് ഇടം നൽകിയില്ല. എന്നാൽ പിന്നീട് ചിരവൈരികളായ ഡൈനമോ സാഗ്രെബ് വഴി മോഡ്രിച്ച് ടോട്ടനം ഹോട്സ്പറിലെത്തി. 

 

2012ൽ റയൽ മഡ്രിഡിലെത്തിയതോടെ ‘ആധുനിക മോഡ്രിച്ച് യുഗം’ തുടങ്ങുന്നു. സ്പാനിഷ് ക്ലബിനൊപ്പം മൂന്നു ചാംച്യൻസ് ലീഗ് കിരീടങ്ങൾ.  ഇപ്പോൾ ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും ഈ മിഡ്ഫീൽഡർക്കു സ്വന്തം.

 

 

മികച്ച താരത്തിനുള്ള മൽസരത്തിൽ മോഡ്രിച്ചിന് വെല്ലുവിളിയാകുമെന്ന് കരുതപ്പെട്ടിരുന്ന ഫ്രഞ്ച് താരം കിലിയൻ എംബപെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം നേടി. ഈ ലോകകപ്പിലാകെ നാലു ഗോളുകൾ നേടിയാണ് പത്തൊൻപതുകാരനായ എംബപെ മികച്ച യുവതാരമായത്.

 

ആറു ഗോളുകളുമായ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് നേടി. ബ്രസീൽ ലോകകപ്പിൽ ഗോൾഡൻ ബൂട്ട് നേടിയ കൊളംബിയൻ താരം ഹാമിഷ് റോഡ്രിഗസും ആറു ഗോളുകളോടെയാണ് പുരസ്കാരം നേടിയത്.

 

 

മികച്ച ഗോൾകീപ്പറിനുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം ബൽജിയത്തിന്റെ തിബോ കുർട്ടോ നേടി. ക്വാർട്ടറിൽ ബ്രസീലിനെതിരെ ഉൾപ്പെടെ തിബോ നടത്തിയ മികച്ച സേവുകളാണ് താരത്തിന് പുരസ്കാരം സമ്മാനിച്ചത്. ലോകകപ്പ് നേടിയ ഫ്രഞ്ച് ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ് ഉൾപ്പെടെയുള്ളവരെ പിന്തള്ളിയാണ് കുർട്ടോയുടെ പുരസ്കാരനേട്ടം.