അഭിനയം, ഫൗൾ, വീഴ്ച... എന്തൊക്കെയായിരുന്നു? ഒടുവിൽ പവനായി ശവമായി. വമ്പൻ ടീമുകൾ പ്രീക്വാർട്ടർ കാണാതായ മത്സരത്തിൽ ബ്രസീൽ മാത്രമായിരുന്നു പ്രതീക്ഷ. ഒടുവിൽ യൂറോപ്യൻ കരുത്തിനു മുന്നിൽ അടിയറവു പറയേണ്ടിവന്ന ബ്രസീലിന് ഇപ്പോൾ ട്രോൾ മഴയാണ്. ബ്രസീൽ ഫാൻസിനാകട്ടെ പുറത്തിറങ്ങാനാകാത്ത അവസ്ഥയും. ഫാൻസിനുമുണ്ട് കണക്കറ്റ് ട്രോളുകൾ.
ടീമേതായാലും ഞാൻ അഭിനയിക്കും എന്നു പറയുന്ന നെയ്മർ, ലോകകപ്പും കൊണ്ടേ ഇനി നാട്ടിലേക്കുള്ളൂ എന്നു പറഞ്ഞിട്ട് ഇനി നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തോളൂ എന്നു പറയുന്ന ബ്രസീൽ ടീം, ഞാനെത്തി ക്രിസ്റ്റീ എന്ന് മെസിയോടും റൊണാൾഡോയോടും പറയുന്ന നെയ്മർ, ദേ തോറ്റു തൊപ്പിയിട്ട് വന്നിരിക്കുന്നു നിന്‍റെ മോന്‍ എന്ന യോദ്ധ ഡയലോഗ്... അങ്ങനെയങ്ങനെ ട്രോളർമാരുടെ സർഗാത്മകത പല രീതിയിലാണ്. വിഡിയോ രൂപത്തിലുമുണ്ട് ട്രോളുകൾ. ബെൽജിയം ഗോളടിച്ചപ്പോൾ ആവേശം കൊള്ളാത്ത ഷൈജുവണ്ണനുമുണ്ട് ട്രോള്‍.
ബ്രസീലിന്‍റെ സ്വപ്നങ്ങൾക്കൊപ്പം തകർന്നത് ഫാൻസുകാരുടെ ഹൃദയം കൂടിയാണ്. കൂട്ടത്തിലേറ്റവുമധികം ട്രോള്‍ കിട്ടുന്നത് നെയ്മറിനും. ഇനി അഭിനയത്തിനൊന്നും സ്കോപ്പ് ഇല്ലെന്നു പറയുന്നു ട്രോളർമാർ. ഈ ലോകകപ്പോടെ 'നെയ്മറടി' എന്നൊരു പ്രയോഗം പോലും വന്നു എന്നത് മറ്റൊരു രസികൻ കാര്യം.
ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബെൽജിയം ബ്രസീലിനെ സെമിഫൈനൽ കാണാതെ മടക്കി അയച്ചത്. ചുവന്ന ചെകുത്താൻമാർ കാനറിപ്പടയെ വിഴുങ്ങിയപ്പോൾ പ്രവചനങ്ങളും കാറ്റിൽ പറന്നു. ബ്രസീൽ ക്വാർട്ടർ കടക്കുമെന്നായിരുന്നു പല കളിവിദഗ്ധരും പ്രവചിച്ചത്.