dhoni-siva

TAGS

ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി ഇന്ന് 37-ാം പിറന്നാൾ ആഘോഷിക്കുകയാണ്. കുടുംബത്തിനും സഹതാരങ്ങൾക്കുമൊപ്പം പിറന്നാൾ ദിനം കൊണ്ടാടുകയാണ് ക്യാപ്റ്റൻ കൂൾ. ആദ്യം ആശംസയറിയിച്ച് എത്തിയത് ഭാര്യ സാക്ഷി ധോണിയാണ്. 'ഹാപ്പി ബർത്ഡേ ടു യൂ! പത്ത് വർഷം കൊണ്ട് ഞാൻ നിങ്ങളിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചു. ജീവിതം ഇത്ര രസകരമാക്കിയതിന് നന്ദി' എന്നാണ് സാക്ഷി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. പിന്നാലെ ആശംസാപ്രവാഹമായിരുന്നു.

എന്നാൽ ഏറ്റവും രസകരമായ ആശംസ നേർന്നത് മറ്റാരുമല്ല, ധോണിയുടെ സ്വന്തം സിവ സിങ് ധോണി തന്നെയാണ്. പപ്പയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന സിവ ഒരു താക്കീത് കൂടി നൽകുന്നു. 'പ്രായം കൂടി വരുന്നു' എന്നാണ് സിവ പറയുന്നത്. ബിസിസിഐ പങ്കുവച്ച വിഡിയോയിലാണ് സിവയുടെ രസകരമായ ആശംസ. ഈ വിഡിയോയിൽ ക്യാപ്റ്റൻ വിരാട് കോഹ്‍ലി അടക്കമുള്ള ഇന്ത്യൻ താരങ്ങളെല്ലാം ധോണിക്ക് പിറന്നാൾ ആശംസകൾ അറിയിക്കുന്നുണ്ട്.

ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പര 1-1 ന് സമനിലയിലായ ശേഷമായിരുന്നു ധോണിയുടെ പിറന്നാള്‍ ആഘോഷം നടന്നത്. വിരാട് കോഹ്‌ലിയും സുരേഷ് റെയ്നയും അനുഷ്ക ശര്‍മയും അടക്കമുള്ള താരങ്ങളെല്ലാം ആഘോഷത്തില്‍ പങ്കുചേര്‍ന്നു. സഹപ്രവര്‍ത്തകരുടെ കൂടെ പിറന്നാള്‍ ആഘോഷിക്കുന്ന ധോണിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ സുരേഷ് റെയ്‌നയും പങ്കുവച്ചു. വിരേന്ദർ സേവാഗും താരത്തിന് ആശംസകൾ നേർന്ന് ട്വീറ്റ് ചെയ്തു. ആരാധകരും സോഷ്യൽ മീഡിയയിലൂടെ പ്രിയതാരത്തിന് ജന്മദിനാശംസകൾ അറിയിച്ചു.