ലോകകപ്പ് തുടങ്ങിയതോടെ ട്രോളർമാർക്ക് ചാകരയാണ്. നെയ്മറാകട്ടെ അവരുടെ ഇഷ്ട ഇരകളിലൊരാളും. നെയ്മറിനെ ചുറ്റിപ്പറ്റിയിട്ടുള്ള ട്രോളുകളെല്ലാം ആ മഹത്തായ അഭിനയം കണ്ടിട്ടാണ്. കളിക്കളത്തിൽ തുടർച്ചയായി പരിക്കഭിനയിക്കുന്ന താരമെന്ന ദുഷ്പേര് ഇതിനോടകം നെയ്മറിന് ചാർത്തിക്കിട്ടിക്കഴിഞ്ഞു. കലാമണ്ഡലം നെയ്മറാശാന്‍ എന്നു വരെ ഇവിടെ മലയാളികൾ ട്രോളി. ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞഭിനയിച്ച ഊർമിള ഉണ്ണിയുമായി ചേർത്തുവരെ ട്രോളുകളിറങ്ങി. നെയ്മര്‍ തൊട്ടാവാടിയാണെന്നും കാറ്റടിച്ചാൽ പറന്നുവീഴുമെന്നും വിമർശകര്‍ പറഞ്ഞു. കുമ്മനടിക്കും അമിട്ടടിക്കും ശേഷം ഊർമിളയടിയും നെയ്മറടിയും പ്രയോഗത്തിൽ വന്നു.
സ്വിറ്റ്സർലണ്ടിനും മെക്സിക്കോക്കും എതിരായ മത്സരത്തിൽ നെയ്മർ നടത്തിയത് മികച്ച അഭിനയമാണെന്നാണ് വിമർശകർ പറയുന്നത്.
കെഎഫ്സിയും അടങ്ങിയിരുന്നില്ല. അവരുടെ വകയും കൊടുത്തു നെയ്മറിന് വിഡിയോ രൂപത്തിൽ ഒരുഗ്രൻ ട്രോൾ. കെഎഫ്സിയുടെ ദക്ഷിണാഫ്രിക്കൻ ബ്രാഞ്ചാണ് നെയ്മറിനെ ട്രോളുന്ന വിഡിയോ പുറത്തിറക്കിയത്. വിഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
എന്നാൽ ഇത്തരം വിമർശനങ്ങളൊന്നും തന്നെ ബാധിക്കാറില്ലെന്നും പുകഴ്ത്തലുകളോ വിമർശനങ്ങളോ എന്തുമാകട്ടെ, അവയെ കാര്യമാക്കാറില്ലെന്നാണ് പറയുന്നത്.
വിമർശനങ്ങള്‍ എന്തുമാകട്ടെ, വമ്പൻ മരങ്ങളെല്ലാം കടപുഴകിവീണ ഇത്തവണത്തെ ലോകകപ്പിൽ ബ്രസീലിൻറെ സ്വപ്നങ്ങളെ ചുമലിലേറ്റുന്നത് ഈ പത്താം നമ്പർ താരമാണ്. നെയ്മറിൻറെ മികവിൽ കപ്പ് തങ്ങൾ തന്നെ സ്വന്തമാക്കുമെന്നാണ് ബ്രസീൽ ആരാധകരുടെയും പ്രതീക്ഷ.