മെസിയുടെയും റൊണാള്‍ഡോയുടെയും നെയ്മറിന്റെയും മുള്ളറിന്റെയും ഗ്രീസ്മാന്റെയും റാഷ്ഫോഡിന്റെയും ന്യൂയറിന്റെയും പാദസ്പര്‍ശമേല്‍ക്കാനും തലോടലിനും മാറോട് ചേര്‍ക്കുന്നതിനും കൊതിയോടെ കാത്തിരിക്കുകയാണ് ടെല്‍സ്റ്റാര്‍ 18. അതേ, ലോകം ഒരു പന്തിനുപിന്നെ പായുമ്പോള്‍ ആ പന്തിനുമുണ്ട് ചില പ്രത്യേകതകള്‍.
ഓരോ ലോകകപ്പ് കഴിയുന്തോറും പന്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റംവരുന്നു. സാങ്കേതികവിദ്യ പുരോഗമിക്കുന്നതിന് അനുസരിച്ച് കാല്‍പന്തിനും ചന്തംകൂടും. 1970ലെ ലോകകപ്പില്‍ അഡിഡാസ് പന്തുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയതോടെയാണ് ലോകകപ്പിലെ പന്തിനായുള്ള ആരാധകരുടെയും കളിക്കാരുടെയും കാത്തിരിപ്പും ഒരുക്കവും. 1970ല്‍ മെക്സിക്കോയില്‍ നടന്ന ലോകകപ്പില്‍ അഡിഡാസ് അവതരിപ്പിച്ചത് ടെല്‍സ്റ്റാര്‍ എന്ന പേരിലിറക്കിയ പന്തിനെയായിരുന്നു. ബക്ക്്മിനിസ്റ്റര്‍ ഷെയ്പിലുള്ള ഈ പന്തിന് 32 പാനല്‍ ഉണ്ടായിരുന്നു. കറുപ്പും വെളുപ്പും നിറത്തിലിറങ്ങിയ ഈ പന്തിന്റെ പടയോട്ടം ലോകം മുഴുവനും ടെലിവിഷനിലൂടെ കണ്ടു. ലോകകപ്പ് മല്‍സരങ്ങള്‍ അന്ന് ടെലിവിഷനിലൂടെ ആദ്യമായി സംപ്രേഷണം ചെയ്തെന്ന പ്രത്യേകതയുമുണ്ട്.
മാറിമറിയുന്ന പന്ത്
1974ല്‍ ടെല്‍സ്റ്റാര്‍ ഡ്യൂര്‍ലാസ്റ്റിനെ അവതരിപ്പിച്ചു. ഈ ലോകകപ്പ് മുതല്‍ പന്തിന് പേരിടാനും തുടങ്ങി. 1986ലേക്ക് ലോകകപ്പ് എത്തിയപ്പോള്‍ പന്തിനുവന്നത് സാമാന്യം നല്ലമാറ്റമാണ്. മെക്സിക്കോയില്‍ നടന്ന ഈ ലോകകപ്പില്‍ പോളിയൂറത്തീന്‍ കോട്ടിങ്ങോടുകൂടിയ പന്തായിരുന്നു ഇത്തവണ പ്രത്യേകത. മഴയെ ചെറുക്കാന്‍, അല്ലെങ്കില്‍ നനവുള്ള പ്രതലത്തില്‍ കളിക്കാന്‍ സുഖമുള്ളതായിരുന്നു ഈ പന്ത്.
1998ലേക്ക് എത്തിയപ്പോള്‍ കറുപ്പും വെളുപ്പും മാറി നിറങ്ങളുടെ പന്തായി. ഫ്രാന്‍സ് ആതിഥ്യമരുളിയ ഈ ലോകകപ്പില്‍ വെള്ള, നീല, ചുവപ്പ് നിറങ്ങളായിരുന്നു പന്തിനെ പുണര്‍ന്നത്. 2002ല്‍ ജപ്പാനും ദക്ഷിണകൊറിയയും ആതിഥ്യം വഹിച്ച ലോകകപ്പില്‍ പന്തിന് കൃത്യതകൂടി. ഫീവര്‍നോവ എന്ന പേരിലിറങ്ങിയ ഈ പന്തിന്റെ അകത്തളം കട്ടികൂടിയതായിരുന്നു.
ജര്‍മനിയിലേക്ക് എത്തിയപ്പോള്‍ പാനലുകളുടെ എണ്ണം കുറഞ്ഞു. പതിനാല് പാനലുകളിലായി ഉരുളാന്‍ തയാറെടുത്ത ഈ പന്തില്‍ മല്‍സര സമയം, തിയതി, സ്റ്റേഡിയം എന്നിവ രേഖപ്പെടുത്തിയിരുന്നു. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ മല്‍സരങ്ങളുടെ സമയവും തിയതിയും പന്തില്‍ കുറിച്ചത്. ആവലാതികളില്ലാതെ പന്തിലെ പരീക്ഷണങ്ങള്‍ മുന്നേറി. എന്നാല്‍ ദക്ഷിണാഫ്രിക്കയിലേക്ക് അഡിഡാസ് ജബുലാനിയെ അവതരിപ്പിച്ചപ്പോള്‍ ഒട്ടേറെ പഴികേട്ടു.
പഴികേള്‍ക്കുന്ന പന്ത്
2010ലോകകപ്പിലെ ഈ പന്താണ് ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ടത്. വായുവില്‍ പന്തിന്റെ ഗതി പ്രവചിക്കാനാവത്തവിധം വഴുതിക്കളിച്ചതിനാല്‍ ഈ പന്തിെന താരങ്ങളും പരിശീലകരും വെറുത്തു. ദക്ഷിണാഫ്രിക്കയിലെ പതിനൊന്ന് ഭാഷയും പതിനൊന്ന് നിറങ്ങളും പതിനൊന്ന് വിഭാഗങ്ങളെയും ആലേഖനം ചെയ്തിരുന്നു. 2014ല്‍ ബ്രസീലിലേക്കെത്തിയത് ഭാരംകുഞ്ഞതും സാങ്കേതികവിദ്യയില്‍ മുന്നില്‍ നിന്നതുമായ ബ്രസൂക്കയായിരുന്നു. ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നേരിട്ടതും ഈ പന്തായിരുന്നു. ഫുട്ബോള്‍പ്രേമികള്‍ പേരിട്ട ആദ്യപന്തും ഇതുതന്നെ. ബ്രസീലിന്റെ ജീവിതം വ്യക്തമാക്കുന്നതായിരുന്നു ബ്രസൂക്ക.
ഇനി ടെല്‍സ്റ്റാര്‍
ഇനി റഷ്യയില്‍ താരമാകാന്‍ പോകുന്നത് ടെല്‍സ്റ്റാര്‍ –18ആണ്. 1970ലെ ലോകകപ്പില്‍ അഡിഡാസ് ഇറക്കിയ ടെല്‍സ്റ്റാറിന്റെ ഓര്‍മയ്ക്കായിട്ടാണ് ഇക്കുറി ടെല്‍സ്റ്റാര്‍ എന്നപേരിട്ടത്. സാങ്കേതികവിദ്യയിലും രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തിയാണ് ടെല്‍സ്റ്റാര്‍ ആരവം തീര്‍ക്കാന്‍ തയ്യാറാകുന്നത്. എന്‍എഫ്സി ചിപിനെ അകത്തൊളിപ്പിച്ച് ഇറങ്ങുന്ന ടെല്‍സ്റ്റാര്‍ താന്‍ ഗോള്‍വര കടന്നോ എന്നും തന്നെ എത്രനേരം താരങ്ങള്‍ തട്ടിക്കളിച്ചെന്നും ആരുടെ കാലാണ് കയ്യാണ് സ്പര്‍ശിച്ചതെന്നും ഫീല്‍ഡിന് പുറത്തുനില്‍ക്കുന്നവര്‍ക്ക് കംപ്യൂട്ടറിലൂടെ വ്യക്തമാക്കും. ടെല്‍സ്്റ്റാര്‍ കാത്തിരിക്കുന്നു ഒരു കിക്കിനായി.