സച്ചിന്‍ ഇല്ലെന്നേയുള്ളൂ, ടെന്‍ഡുല്‍ക്കര്‍ എന്ന പേര് ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിച്ച് അഞ്ച് വര്‍ഷമാകുമ്പോഴേക്കും മകന്‍ അര്‍ജുന്‍ അണ്ടര്‍–19 ദേശീയടീമിലിടം നേടിയിരിക്കുന്നു.ശ്രീലങ്കക്കെതിരായ രണ്ട് ചതുര്‍ദിന മത്സരങ്ങളടങ്ങുന്ന പരമ്പരയിലാണ് അര്‍ജുന്‍ ഉള്‍പ്പെട്ടത്. 

അര്‍ജുനെപ്പറ്റി അറിഞ്ഞിരിക്കേണ്ട ചിലത്:

ഇടംകൈയന്‍ പേസര്‍

എക്കാലത്തെയും മികച്ച ബാറ്റ്സ്മാനായാണ് അച്ഛന്‍ അറിയപ്പെട്ടതെങ്കില്‍ മകന്‍റെ മിടുക്ക് ബൗളിങ്ങിലാണ്. ഇടംകൈയന്‍ മീഡിയം പേസറാണ് അര്‍ജുന്‍. ബാറ്റും ചെയ്യും. 

സ്ഥിരതയുള്ള പ്രകടനം

ആഭ്യന്തരക്രിക്കറ്റില്‍ മുംബൈക്കായി കാഴ്ചവെച്ച പ്രകടനത്തോടെയാണ് അര്‍ജുനെ എല്ലാവരും ശ്രദ്ധിച്ചുതുടങ്ങിയത്. അണ്ടര്‍–14, അണ്ടര്‍–16, അണ്ടര്‍–19 ടീമുകളില്‍ അര്‍ജുന്‍ മുംബൈയെ പ്രതിനിധീകരിച്ചു. 2017–18ലെ കൂച്ച് ബിഹാര്‍ ട്രോഫിയില്‍ അ‍ഞ്ച് മത്സരങ്ങളില്‍ നിന്നായി 19 വിക്കറ്റാണ് അര്‍ജുന്‍ എറിഞ്ഞിട്ടത്. 

പരിശീലകന്‍

പൂനെ സ്വദേശിയായ അതുല്‍ ഗെയ്ക്‌വാദ് ആണ് അര്‍ജുന്റെ പരിശീലകന്‍. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ലെവല്‍–3 പരിശീലകനാണ് അതുല്‍. മൂന്ന് വര്‍ഷം മുന്‍പ് സച്ചിന്‍ തന്നെയാണ് അര്‍ജുന്റെ പരിശീലകനായി അതുലിനെ നിയോഗിച്ചത്. കഴിഞ്ഞ വര്‍ഷമേറ്റ പരുക്കിനെത്തുടര്‍ന്ന് ആക്ഷനില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് അര്‍ജുന്‍ ക്രിസിലേക്ക് മടങ്ങിയെത്തിയത്. അതുലിന്റെ സഹായത്തോടെയായിരുന്നു ഇത്. 

ആരാധന ആരോട്?

ക്രിക്കറ്റില്‍ അര്‍ജുന്‍റെ ഹീറോ അച്ഛനെന്ന് കരുതിയവര്‍ക്ക് തെറ്റി. അത് സച്ചിനല്ല, ആസ്ട്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്കും ഇംഗ്ലണ്ട് ഓള്‍റൗണ്ടല്‍ ബെറ്റ് സ്റ്റോക്സുമാണവര്‍. 

അരങ്ങേറ്റം

2011ല്‍ ഹാരീസ് ഷീല്‍ഡ് ടൂര്‍ണമെന്‍റിലാണ് അര്‍ജുന്‍റെ അരങ്ങേറ്റം. വിനോദ് കാംബ്ലിയുമൊത്ത് സച്ചിന്‍ 664 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടുണ്ടാക്കിയതും ഹാരിസ് ഷീല്‍ഡ് ടൂര്‍ണമെന്‍റില്‍ തന്നെ. എന്നാല്‍ അരങ്ങേറ്റമത്സരത്തില്‍ റണ്‍സൊന്നുമെടുക്കാതെ അര്‍ജുന്‍ പുറത്തായി. അതിന് മറുപടി നല്‍കിയത് ബോള്‍ കൊണ്ടും, എട്ട് വിക്കറ്റ് വീഴ്ത്തി. 

ബാറ്റ് ചെയ്യുന്ന ബൗളര്‍

അര്‍ജുന്‍ ഓള്‍റൗണ്ടര്‍ ആണെന്നാണ് പലരുടെയും ധാരണ. ഫാസ്റ്റ് ബൗളറാണ് അര്‍ജുന്‍. ബാറ്റെടുത്താലും മോശമാക്കാറില്ല ഈ ചെറുപ്പക്കാരന്‍. ഈ വര്‍ഷമാദ്യം ആസ്ട്രേലിയയില്‍ നടന്ന സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് ഗ്ലോബല്‍ ചലഞ്ചില്‍ അത് തെളിയിക്കുകയും ചെയ്തു. ഹോങ്കോങ് ക്രിക്കറ്റ് ക്ലബ്ബിനെതിരായ മത്സരത്തില്‍ 48 റണ്‍സെടുത്ത അര്‍ജുന്‍ നാല് ഓവറില്‍ നാല് വിക്കറ്റും വീഴ്ത്തി. 

ആദ്യ സെഞ്ച്വറി

അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന പേരുംവെച്ച് സെഞ്ച്വറിയടിക്കാതിരിക്കുന്നത് എങ്ങനെ? 2012 മെയില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ അവധിക്കാല ടൂര്‍ണമെന്റിലാണ് അര്‍ജുന്‍റെ ആദ്യ സെഞ്ച്വറി പിറന്നത്. അന്ന് അര്‍ജുന് 13 വയസ്സ്. 14 ഫോറും ഒരു സിക്സും ഉള്‍പ്പെടെ 124 റണ്‍സാണ് അര്‍ജുന്‍ അടിച്ചുകൂട്ടിയത്. ഇന്ത്യക്കായി സച്ചിന്‍റെ നൂറാമത്തെ സെഞ്ച്വറി പിറന്ന് രണ്ട് മാസത്തിന് ശേഷമായിരുന്നു അര്‍ജുന്റെ നേട്ടവും.