ഇന്ത്യയില്‍ ഫുട്ബോള്‍ ലോകകപ്പ് പ്രേക്ഷകരുടെ എണ്ണം പത്തുകോടി കടക്കുമെന്ന് സോണി പിക്ചേഴ്സ് നെറ്റ്‌വര്‍ക്ക്. ഓണ്‍ലൈന്‍ മേഖലയുടെ വളര്‍ച്ച കൂടി പരിഗണിച്ചാണ് സോണിയുടെ ഈ കണക്കുകൂട്ടല്‍. പരസ്യവരുമാനം കഴിഞ്ഞതവണത്തേക്കാള്‍ അഞ്ചുമടങ്ങ് വര്‍ധിക്കുമെന്നും സോണി പ്രതീക്ഷിക്കുന്നു.  

 

പശ്ചിമ ബംഗാളിനും കേരളത്തിനും ഗോവയ്ക്കും പുറമെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഇന്ത്യയിലെ ഫുട്ബോള്‍ പ്രേമികള്‍ ഏറെയും. ബ്രസീല്‍ ലോകകപ്പ് ആസ്വദിച്ച ഇന്ത്യക്കാര്‍ അഞ്ചുകോടിയായിരുന്നു. എന്നാല്‍ ഇത്തവണ ഇത് ഇരട്ടിക്കുമെന്ന് സോണി ഉറച്ചുവിശ്വസിക്കുന്നു.  ടിവിക്കു പുറമെ സോണി ലൈവില്‍, മല്‍സരങ്ങളുടെ ലൈവ് സ്ട്രീമിങ്ങുമുണ്ട്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി മല്‍സരങ്ങള്‍ ഇന്ത്യക്കാര്‍ക്ക് അനുകൂലമായ സമയങ്ങളിലാണെന്നതും സോണിക്ക് നേട്ടമാകും. 

 

ഫിക്സ്ചര്‍ അനുസരിച്ച് മിക്ക കളികളും ഇന്ത്യക്കാര്‍ക്ക് ഉറക്കമിളയ്ക്കാതെ കാണാം. ജൂലൈ 15ന് നടക്കുന്ന ഫൈനല്‍ പോലും ഇന്ത്യന്‍ സമയം വൈകിട്ട് 8.30നാണ്. ഫുട്ബോള്‍ ആരാധകര്‍ ഏറെയുള്ള ബംഗാളില്‍, സോണിയുടെ ചാനലായ സോണി ആത്തിന്റെ വ്യൂവര്‍ഷിപ്പ് രണ്ടിരട്ടിയിലേറെയായിട്ടുണ്ട്. 2002–ല്‍ ടെന്‍ സ്പോര്‍ട്സിന്റെ വരവോടെയാണ് സംപ്രേഷണാവകാശത്തിനുള്ള കിടമല്‍സരം ആരംഭിച്ചത്. അന്ന് സംപ്രേഷണാവകാശത്തിനായി ടെന്‍ സ്പോര്‍ട് ഫിഫയ്ക്ക് നല്‍കിയത് 20 കോടി രൂപ. കഴി‍ഞ്ഞ ലോകകപ്പോടെ  സോണിയും രംഗത്തെത്തിയപ്പോള്‍ മല്‍സരം കടുത്തു. ഫിഫയുടെ എല്ലാ പരിപാടികളുടെയും സംപ്രേഷണാവകാശം സോണി നേടിയെടുത്തതാകട്ടെ അറുനൂറു കോടി രൂപയ്ക്കും. സോണിയും ഫിഫയും തമ്മിലുള്ള കരാര്‍ ഇക്കൊല്ലം അവസാനിക്കും.