ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഈ കാലഘട്ടത്തിലെ മഹാന്മാരായ രണ്ട് ഫുട്ബോള്‍ താരങ്ങളാണ്. പ്രതിഭയില്‍ മെസിക്കാണ് മുന്‍തൂക്കം. മെസിക്കൊപ്പം ബാര്‍സിലോനയില്‍ കളിക്കാനായത് വലിയ ബഹുമതിയായി കാണുന്നു. കളിക്കാരന്‍ എന്നതുപോലെ നല്ലൊരു വ്യക്തികൂടിയാണ് മെസിയെന്നും നെയ്മര്‍ പറയുന്നു. എന്നാല്‍ റൊണാള്‍ഡോയെ മെസിക്കൊപ്പം താരതമ്യം ചെയ്യേണ്ടതില്ല. ഗോള്‍ നേട്ടങ്ങള്‍ ആ കളിക്കാരന്റെ മികവ് വ്യക്തമാക്കുന്നു.
എന്നാല്‍ മെസിയുടെ അര്‍ജന്റീനയ്ക്കോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനോ റഷ്യയില്‍ ലോകകപ്പ് ഉയര്‍ത്താനാകില്ല. ബ്രസീല്‍ തന്നെയായിരിക്കും ലോകചാംപ്യന്മാരെന്ന് നെയ്മര്‍ ഉറപ്പിക്കുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ പ്രകടനം അത് ശരിവയ്ക്കുന്നുവെന്നാണ് നെയ്മര്‍ പറയുന്നത്. യോഗ്യതാറൗണ്ടില്‍ ഒരേ ഒരു മല്‍സരമാണ് ബ്രസീല്‍ തോറ്റത്. യൂറോപ്യന്‍ മണ്ണില്‍ നടക്കുന്നതിനാല്‍ ജര്‍മനി, സ്പെയിന്‍,ഫ്രാന്‍സ് ടീമുകള്‍ക്കും കിരീട സധ്യതയുണ്ടെന്ന് നെയ്മര്‍ പറയുന്നു. ക്രൊയേഷ്യയ്ക്കെതിരായ ലോകകപ്പ് സന്നാഹ മല്‍സരത്തില്‍ പകരക്കാരനായി ഇറങ്ങി ഗോളും നേടിയാണ് കാല്‍പ്പാദത്തിനേറ്റ പരുക്കില്‍ നിന്ന് മോചിതനായി എത്തിയ നെയ്മര്‍ തിരിച്ചുവരവ് ആഘോഷിച്ചത്.
ഡ്രിബ്ലിങ്ങില്‍ മിടുക്കനായ നെയ്മര്‍ ത്രൂബോളില്‍ പാഞ്ഞുകയറുന്നതും എതിരാളിയെ കൊല്ലുന്ന പാസ് മുന്നേറ്റനിരയ്ക്ക് കൊടുക്കുന്നതിലും കാണിക്കുന്ന മികവ് ലോകകപ്പില്‍ ബ്രസീലിന് നിര്‍ണായകമാണ്. സെന്‍റര്‍ സ്ട്രൈക്കര്‍, സെക്കന്‍ഡ് സ്ട്രൈക്കര്‍,വിങ്ങര്‍ അങ്ങനെ ഏത് റോളിലായാലും ഇതിന് മാറ്റമില്ല. ഇടതുവശത്തുകൂടി പാഞ്ഞെത്തുന്ന നെയ്മറുടെ ഡ്രിബ്ലിങ് മികവാണ് എതിരാളികളെ കുഴക്കുന്നത്. ഫെബ്രുവരിയിലേറ്റ പരുക്കും പിന്നാലെ നടന്ന ശസ്ത്രക്രിയക്കുംശേഷം നെയ്മര്‍ പന്തുതട്ടിയത് ക്രൊയേഷ്യയ്ക്കെതിരായ സന്നാഹത്തിലാണ്. നെയ്മര്‍ കളത്തിലിറങ്ങിയതില്‍ ബ്രസീല്‍ പരിശീലകന്‍ ടീറ്റെയ്ക്കാണ് ആഹ്ലാദം.
ഗ്രൂപ്പ് ഇയില്‍ സ്വിറ്റ്സര്‍ലന്‍ഡ്, കോസ്റ്ററിക്ക,സെര്‍ബിയ എന്നീ ടീമുകള്‍ക്കൊപ്പമാണ് ബ്രസീല്‍ കളിക്കുന്നത്. 2010ല്‍ ബ്രസീലിന്റെ ദേശീയ ടീമിലെത്തിയ നെയ്മര്‍ 84 മല്‍സരങ്ങളില്‍ നിന്നായി 54ഗോള്‍ നേടി. 2014ലെ ലോകകപ്പില്‍ ബ്രസീലിനായി കളിക്കുമ്പോള്‍ 22കാരനായ നെയ്മറെ ചുറ്റിപ്പറ്റിയായിരുന്നു ബ്രസീലിന്റെ ആക്രമണം. അന്ന് ക്വാര്‍ട്ടറില്‍ കൊളംബിയന്‍ താരത്തിന്റെ ചവിട്ടേറ്റ് പുറത്തുപോയ നെയ്മര്‍ക്ക് സെമിയില്‍ കളിക്കാനായിരുന്നില്ല.
ജര്‍മനിക്കെതിരായ സെമിയില്‍ ബ്രസീല്‍ ഏഴുഗോളുകളുടെ കനത്തതോല്‍വി ഏറ്റുവാങ്ങുമ്പോള്‍ പരുക്ക് ഏല്‍പിച്ച മുറുവിനേക്കാള്‍ നെയമറെ വേദനിപ്പിച്ചത് ആ തോല്‍വി തന്നെ. രണ്ടുവര്‍ഷത്തിനുശേഷം ബ്രസീലിന് ഒളിംപിക് സ്വര്‍ണമെഡല്‍ സമ്മാനിച്ച് നെയമര്‍ ആ സങ്കടഭാരം അല്‍പമൊന്ന് ഇറക്കി. ലോകകപ്പ് എന്ന സ്വപ്നത്തിലേക്ക് ഗബ്രിയേല്‍ ജീസസിനും വില്ല്യനും ഫിലിപ്പെ കുടീഞ്ഞയ്ക്കും കോച്ച് ടീറ്റെയ്ക്കുമൊപ്പം നെയ്മര്‍ യാത്ര തുടങ്ങിക്കഴിഞ്ഞു.