ഒത്തുകളികളും വാതുവയ്പുകളും എക്കാലവും ക്രിക്കറ്റിന്റെ ശാപമാണ്. കർശന നടപടികളുമായി ക്രിക്കറ്റ് ബോർഡ് രംഗത്തുണ്ടെങ്കിലും പൂർണമായും തടയിടാൻ സാധിക്കാറില്ല. ഐപിഎൽ 2018 ടൂർണമെന്റ് അവസാനിക്കിരിക്കെ ഒത്തുകളിയെന്ന ദുർഭൂതം വീണ്ടും ഉയർന്നിരിക്കുകയാണ്. ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടുമെന്ന് പ്രവചിക്കുന്ന വിഡിയോ പുറത്തു വന്നതാണ് സംശയങ്ങൾക്കിടയാക്കിയത്.
ഹോട്സ്റ്റാർ വിഡിയോ ആണ് ലീക്കായത്. ക്വാളിഫയർ മത്സരത്തിനു മുന്നേ ജയം ആർക്കെന്നു ഈ വിഡിയോയിൽ നിന്നും വ്യക്തം. ഫൈനലിൽ കൊൽക്കത്തയായിരിക്കും സൂപ്പർ കിങ്സിന്റെ എതിരാളികളെന്നു ഈ വിഡിയോയിൽ നിന്നും മനസിലാക്കാം. വൈറലായിക്കൊണ്ടിരിക്കുന്ന വിഡിയോയുടെ ആധികാരിക ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ആരാധകർ കലിപ്പിലാണ്. മത്സരഫലം മുൻകൂട്ടി നിശ്ചയിച്ചതാണെന്നാണ് ട്വിറ്ററിൽ പ്രചരിക്കുന്ന കമന്റുകൾ.
ചെന്നൈയ്ക്കും കൊൽക്കത്തയ്ക്കുമാണ് ഐപിഎല്ലിൽ ആരാധകർ കൂടുതലുള്ളത്. ഈ രണ്ടു ടീമുകളെ ഫൈനലിലെത്തിച്ച് ചാനൽ റേറ്റ് കൂട്ടാനുള്ള കുതത്രമാണ് നടക്കുന്നതെന്നു ആരാധകർ ആരോപിക്കുന്നു. രണ്ടാം ക്വാളിഫെയറിൽ സൺറൈസേഴ്സ് ഹൈദരാബാദും കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ് ഏറ്റുമുട്ടുക. ജയിക്കുന്നവർ ഫൈനലിൽ ചെന്നൈയെ നേരിടും.