പ്ലേ ഓഫ് സാധ്യതകള്‍ ഒട്ടുമില്ലെങ്കിലും ആത്മവിശ്വാസം ഒരുപാടുണ്ട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം എബി ഡി വില്ലിയേഴ്സിന്. ഏറ്റവുമൊടുവില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോടേറ്റ അഞ്ച് റണ്‍സ് തോല്‍വിയോടെ ബാംഗ്ലൂര്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു . പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ച ഘട്ടത്തിലും ആരാധകര്‍ക്കും സഹതാരങ്ങള്‍ക്കും ആത്മവിശ്വാസം നല്‍കുകയാണ് എബി ഡി വില്ലിയേഴ്സ്.
ഇപ്പോഴും പ്ലേ ഓഫില്‍ കടക്കുമെന്നാണ് ഡിവില്ലിയേഴ്സിന്‍റെ പ്രതീക്ഷ. ഇനിയുള്ള നാല് മത്സരങ്ങളും ജയിച്ച് പ്രതീക്ഷ കാക്കുമെന്നും താരം പറയുന്നു.
''ബാംഗ്ലൂര്‍ ടീം ഇനിയും മരിച്ചിട്ടില്ല. ഇനിയുള്ള നാല് മത്സരങ്ങളും ജയിക്കും. പ്ലേ ഓഫിലേക്കുള്ള സാധ്യതകള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ല. ഞങ്ങള്‍ ആരാധകരെ നിരാശരാക്കിയെന്ന് അറിയാം. ഏത് ടീമിനെയും തോല്‍പ്പിക്കാനുള്ള കരുത്ത് ബാംഗ്ലൂരിനുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നു. ഇനിയും അതിന് സാധിക്കും'': ഡിവില്ലിയേഴ്സ് പറയുന്നു.
വിരാട് കോലിയും ഡിവില്ലിയേഴ്സും ഉള്‍പ്പെടെ ശക്തരായ നിരയുണ്ടായിട്ടും ലീഗില്‍ ഇതുവരെ നിലയുറപ്പിക്കാന്‍ ബാംഗ്ലൂരിന് കഴിഞ്ഞിട്ടില്ല. 10 മത്സരങ്ങളില്‍ മൂന്ന് ജയം മാത്രമാണ് ബാംഗ്ലൂരിന്‍റെ ഇതുവരെയുള്ള സമ്പാദ്യം.
ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ ശനിയാഴ്ചയാണ് ബാംഗ്ലൂരിന്‍റെ അടുത്ത മത്സരം.