images

ബോളിങ് മികവു കൊണ്ട് ഐപിഎല്‍ പതിനൊന്നാം സീസണില്‍ കുതിക്കുകയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്. ബാറ്റിങ്നിരയ്ക്ക് വലിയ ടോട്ടല്‍  നേടാന്‍ കഴിയാതെ പോയ മൂന്ന് മല്‍സരങ്ങളിലാണ് ബോളര്‍മാരുടെ മികവില്‍ സണ്‍റൈസേഴ്സ് വിജയം പിടിച്ചെടുത്തത്. പ്രധാന ബോളറായ ഭുവനേശ്വര്‍ കുമാര്‍ ഇല്ലാതെ നേടിയ ഈ മൂന്ന് ജയങ്ങളും സണ്‍റൈസേഴ്സ് ബോളിങ് നിരയുടെ ആഴം വ്യക്തമാക്കുന്നു . രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്സിന്റെ ബാറ്റിങ് പടയ്ക്ക് നേടാനായത് 7 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ്. രാജസ്ഥാന്‍ ബാറ്റിങ്നിര മറികടക്കുമെന്ന് കരുതിയ വിജയലക്ഷ്യത്തിലേക്കെത്താന്‍ പക്ഷെ സണ്‍റൈസേഴ്സ് ബോളര്‍മാര്‍ അനുവദിച്ചില്ല.  140 റണ്‍സില്‍ പുറത്തായി ബെന്‍ സ്റ്റോക്സും രഹാനെയും സഞ്ജുവുമെല്ലാം ഉള്‍പ്പെടുന്ന രാജസ്ഥാന്റെ ബാറ്റിങ് വീര്യം

 

ബാറ്റ്സ്മാന്‍മാര്‍ മല്‍സരം ജയിപ്പിക്കും, ബോളര്‍മാര്‍ പരമ്പരയും എന്ന തത്വത്തിലൂന്നിയാണ് സണ്‍റൈസേഴ്സിന്റെ പ്രയാണം. കഴിഞ്ഞയാഴ്ചയില്‍ ഇത് മൂന്നാം തവണയാണ് വലിയ ടോട്ടലെന്ന് കരുതാനാകില്ലാത്ത സ്കോര്‍ ഹൈദരാബാദ് പ്രതിരോധിക്കുന്നത്. കിങ്സ് ഇലവന്‍ പഞ്ചാബിനെ 13 റണ്‍സിന് പരാജയപ്പെടുത്തിയപ്പോള്‍ സണ്‍റൈസേഴ്സിന്റെ സ്കോര്‍ കാര്‍ഡിലുണ്ടായിരുന്നത് 132 റണ്‍സ് മാത്രം. 118 റണ്‍സ് മാത്രം പ്രതിരോധിച്ചാണ് മുംബൈ ഇന്ത്യന്‍സിനെ സണ്‍റൈസേഴ്സ് 87 റണ്‍സിന് പുറത്താക്കിയത്.ഈ മൂന്ന് മല്‍സരങ്ങളിലും ഓറഞ്ച് പടയുടെ പ്രധാന ആയുധമായ ഭുവനേശ്വര്‍ കുമാര്‍ ഉണ്ടായിരുന്നില്ലവെന്നതാണ് അമ്പരപ്പിക്കുന്നത്. സന്ദീപ് ശര്‍മ, സിദ്ധാര്‍ഥ് കൗള്‍, ബേസില്‍ തമ്പി എന്നീ ഇന്ത്യന്‍ ബോളര്‍മാര്‍ക്കൊപ്പം റാഷിദ് ഖാന്‍, മുഹദ് നബി എന്നീ അഫ്ഗാനികളും ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ഹസനും ചേരുന്നതോടെയാണ് ഐപിഎല്ലിലെ ഏറ്റവും മികച്ച ബോളിങ് നിരയുടെ പിറവി. 

 

സീസണിലെ ആദ്യമൂന്ന് പോരാട്ടങ്ങളിലും എതിരാളികളെ 150ന് താഴെ പുറത്താക്കിയായിരുന്നു ടൂര്‍ണമെന്റിലേക്കുള്ള വരവ് തന്നെ. 2016ല്‍ ബോളര്‍മാരുടെ മികവിലായിരുന്നു സണ്‍റൈസേഴ്സിന്റെ കിരീടനേട്ടം. അന്നും ഭുവനേശ്വര്‍ കുമാറിന്റെ പേസ് മികവിലായിരുന്നു കുതിപ്പ്. ശിഖര്‍ ധവാന്റെയും ഡേവിഡ് വാര്‍ണറുടെയും ബാറ്റിങ് വെടിക്കെട്ടുകളും ഹൈദരാബാദിന് തുണയായി. പരുക്കേറ്റ് വിശ്രമത്തിലാണെങ്കിലും ഭുവനേശ്വര്‍ കുമാറിന്റെ സാന്നിധ്യം സണ്‍റൈസേഴ്സിന്റെ യുവനിരയ്ക്ക് പകരുന്ന ആത്മവിശ്വാസം ചെറുതല്ല. ഭുവിയുടെ ഉപദേശങ്ങളാണ് ഈ ബോളിങ് നിരയുടെ കരുത്തെന്ന് വ്യക്തമാക്കുന്നു ലോകക്രിക്കറ്റിലെ വമ്പന്‍മാരില്ല, പക്ഷെ എക്കാലത്തേയും മികച്ച ട്വന്റി–20 പേസ്നിരയെന്ന ഖ്യാതിയിലേക്കാണ് അത്യധ്വാനം ചെയ്യുന്ന കളിക്കാര്‍, സണ്‍റൈസേഴ്സിനെ കൊണ്ടെത്തിക്കുന്നത്. ഇന്ത്യയുടെ പേസ് മുഖമായിരുന്ന സഹീര്‍ഖാന്റെ ട്വീറ്റിലുണ്ട് സണ്‍റൈസേഴ്സ് ബോളിങ് രസതന്ത്രം. അതെ തന്ത്രങ്ങളിലെ ലാളിത്യവും വ്യക്തതയും  ചേരുമ്പോള്‍ ലക്ഷ്യം വളരെ കൃത്യമാവുന്നു.