dhoni-finishing

ഒരു കളർഫുൾ മത്സരം കാണാനായതിന്റെ ആഹ്ളാദതിമിർപ്പിലായിരുന്നു ആരാധകർ. ചെന്നൈ സൂപ്പർ കിങ്സിന്റേയും ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിന്റേയും മുതൽക്കൂട്ടുകളാണ് ഈ ആരാധക്കൂട്ടം. 

 

ആരാധകവൃന്ദത്തിൽ ഒരു പടി മുന്നിൽ സൂപ്പർ കിങ്സിന്റെ സൂപ്പർ താരം മഹേന്ദ്രസിങ് ധോണി തന്നെ. കോഹ്‌ലി ഇന്നലെ ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയെങ്കിലും ആ നഷ്ടം ധോണി നികത്തി. 34 പന്തുകളിൽ നിന്നും 70 റൺസെടുത്ത ധോണിയുടേയും 53 പന്തുകളിൽ നിന്നും 82 റൺസെടുത്ത അമ്പാട്ടി റായിഡുവിന്റേയും തകർപ്പൻ ബാറ്റിങ്ങാണ് ഇന്നലെ ചെന്നെയുടെ വിജയം സൂപ്പറാക്കിയത്. ഒരിക്കൽ കൂടി ധോണിയെന്ന നായകന്റെ ഫിനിഷിങ് മികവ് ക്രിക്കറ്റ് ലോകം കണ്ടു. അവസാന ഓവറിലെ നാലാം പന്ത് സിക്സറിനു പറത്തിയാണ് ധോണി ടീമിനെ വിജയത്തിലെത്തിച്ചത്. ധോണിയാണ് മാൻ ഓഫ് ദ് മാച്ച്. റായുഡു ഒരറ്റത്ത് ഉറച്ചു നിന്നെങ്കിലും അപ്പുറം വിക്കറ്റുകൾ കൊഴിഞ്ഞ് ചെന്നൈയെ ആശങ്കയിലാക്കിയിരുന്നു. എന്നാൽ അഞ്ചാം വിക്കറ്റിൽ ധോണി നങ്കൂരമിട്ട് നിന്നതോടെ ചെന്നൈ വിജയതീരത്തേക്ക് പ്രയാണം ആരംഭിച്ചിരുന്നു. 

 

വിക്കറ്റിനു മുന്നിൽ മാത്രമല്ല, പിന്നിലും ധോണി മികച്ച പ്രകടനം പുറത്തെടുത്തു. ധോണിയുടെ തകർപ്പൻ ഡൈവിങ് ക്യാച്ചുകളും മിന്നൽ സ്റ്റംമ്പിങ്ങുകളും ആരാധകർ നിരവധി തവണ കണ്ടതാണ്. എന്നാൽ മികച്ച ഒരു ഫീൽഡർ കൂടിയാണ് താനെന്ന് താരം ഇന്നലെ തെളിയിച്ചു.  രണ്ടാം ഓവറിൽ ഡി കോക്ക് പിറകിലേക്ക് ഉയര്‍ത്തിയടിച്ച പന്ത് ബൗണ്ടറി ലൈനിലേക്ക് നെടുനീളത്തിൽ ഓടി ധോണി തടഞ്ഞു. രണ്ട് റണ്‍ സേവ് ചെയ്യാന്‍ പറ്റി. ഇമ്രാന്‍ താഹിര്‍ ഓടിവന്നെങ്കിലും ധോണി ബൗണ്ടറി തടുത്ത് പന്ത് എറിഞ്ഞ് കഴിഞ്ഞിരുന്നു.

 

രണ്ടു ടീമും ഇരുനൂറു കടന്ന ത്രില്ലിങ് പോരാട്ടത്തിൽ അഞ്ചു വിക്കറ്റിനാണ് ചെന്നൈ ജയിച്ചത്.  വിജയം ധോണിയുടെ ചെന്നൈയ്ക്ക്. സ്കോർ: ബാംഗ്ലൂർ–20 ഓവറിൽ എട്ടിന് 205. ചെന്നൈ–19.4 ഓവറിൽ അ​ഞ്ചു വിക്കറ്റിന് 207. ബാംഗ്ലൂർ താരങ്ങളായ ക്വിന്റൻ ഡികോക്കിന്റെയും എബി ഡിവില്ലിയേഴ്സിന്റെ അർധസെഞ്ചുറികളായിരുന്നു ബാംഗ്ളൂരിനു തുണയായത്.