steve-smith-web-plus

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണു താൻ ചെയ്തതെന്ന് വീകാരാധീനനായി സ്മിത്ത് പറഞ്ഞു.ഓസീസ് ക്രിക്കറ്റിലെ തന്ത്രശാലിയായ അഗ്രസീവായ നായകൻ പടിയിറങ്ങുകയാണ്. പന്തുചുരണ്ടൽ വിവാദത്തിൽ നാണംകെട്ട്.  ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യവെയാണ്  ഒാസിസ് താരം കാമറണ്‍ ബാന്‍ക്രോഫ്റ്റ് മഞ്ഞ നിറത്തിലുള്ള വസ്തു കൊണ്ട് പന്തില്‍ ഉരയ്ക്കുന്നത് ടെലിവിഷന്‍ ക്യാമറകള്‍ കാണിച്ചത്. വിവാദം ഒാസ്ട്രേലിയയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയതോടെയാണ് ഒാസ്ട്രേലിയന്‍ സര്‍ക്കാര്‍ സ്മിത്തിനോട് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടത്. വിവാദങ്ങൾ സ്മിത്തിനു പുതിയതല്ല പലതവണ മാപ്പ് പറച്ചിലുകൾ സ്മിത്തിനു തുണച്ചിട്ടുണ്ട്. ഇത്തവണ വേറെ വഴികളില്ലായിരുന്നു. 

സ്മിത്തിന്റെ വിവാദവഴികൾ 

1 ഡിആർഎസ് തീരുമാനത്തിന് ഡ്രസിങ് റൂമിന്റെ സഹായം തേടി; വിവാദം

2017 ൽ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ  ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് ഡിസിഷൻ റിവ്യു (ഡിആർഎസ്) തീരുമാനത്തിനു ഡ്രസ്സിങ് റൂമിന്റെ സഹായം തേടിയതു വിവാദമായി. സംഭവത്തിൽ അംപയർമാർക്കൊപ്പം ഇടപെട്ട ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി മൽസരശേഷം ശക്തമായ ഭാഷയിൽ സംസാരിച്ചതോടെ, ക്രിക്കറ്റ് രംഗത്തെ പ്രമുഖരും പ്രതികരണങ്ങളുമായി രംഗത്തെത്തി. 21–ാം ഓവറിൽ ഉമേഷ് യാദവിന്റെ പന്തിൽ എൽബിഡബ്ല്യു ആയപ്പോൾ റിവ്യു ആവശ്യപ്പെടും മുൻപാണ് സ്മിത്ത് ഡ്രസ്സിങ് റൂമി‍ൽനിന്നു സഹായത്തിനു ശ്രമിച്ചത്. സംഭവം ശരിയെന്നു സമ്മതിച്ച സ്മിത്ത് തൽക്കാലത്തേക്കുണ്ടായ ബുദ്ധിഭ്രമത്തിനിടെ സംഭവിച്ചതാണ് അതെന്നു ന്യായീകരിച്ചു. ഡിആർഎസിനു പുറത്തുനിന്നു സഹായം തേടാൻ പാടില്ലെന്ന ക്രിക്കറ്റ് നിയമം ലംഘിച്ച സാഹചര്യത്തിൽ അച്ചടക്ക നടപടി നേരിടേണ്ട സാഹചര്യത്തിൽ മാപ്പ് പറഞ്ഞ് തലയൂരി. 

∙ സംഭവം ഇങ്ങനെ 

സ്റ്റീവ് സ്മിത്ത് 28 റൺസിൽ നിൽക്കുമ്പോഴായിരുന്നു ഉമേഷിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയത്. ഒറ്റ ഡിആർഎസ് അവസരം മാത്രം ബാക്കി. അനുവദനീയമായ 15 സെക്കൻഡ് സമയത്തിനുള്ളിൽ തീരുമാനമെടുക്കാൻ സ്മിത്ത് ആദ്യം തിരിഞ്ഞതു നോൺ സ്ട്രൈക്കർ എൻഡിലേക്ക്. തൊട്ടുപിന്നാലെ ഡ്രസ്സിങ് റൂമിലേക്കും നോട്ടമെത്തി. ഇതു ശ്രദ്ധയിൽപ്പെട്ട അംപയർമാർ ഇടപെട്ടു. പിന്നാലെ കോഹ്‌ലിയുമെത്തി. സ്മിത്തും കോഹ്‌ലിയും തമ്മിൽ ചൂടൻ വാക്കേറ്റം. വൈകാതെ സ്മിത്തിനെ അംപയർമാർ ഡ്രസ്സിങ് റൂമിലേക്കു പറഞ്ഞയച്ചു. സ്മിത്ത് പോയിക്കഴിഞ്ഞും കോഹ്‌ലിയും അംപയർമാരും തമ്മിൽ ചർച്ച തുടർന്നു. 

steve-smith-au

ഓസീസ് – ഇന്ത്യ തർക്കം തുടർക്കഥ 

1981ൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഡെന്നിസ് ലിലിയുടെ പന്തിൽ സുനിൽ ഗാവസ്കർ എൽബിഡബ്ള്യു. തൊട്ടുപിന്നാലെ ലിലി നടത്തിയ പരാമർശം ഗാവസ്കറെ ദേഷ്യം പിടിപ്പിച്ചു. കൂട്ടാളി ബാറ്റ്സ്മാൻ ചേതൻ ചൗഹാനെയും കൂട്ടി ഗാവസ്കർ പുറത്തേക്കു നടന്നു. 2001ലെ ടെസ്റ്റ് പരമ്പരയിൽ ടോസ് ഇടേണ്ട സമയത്തെല്ലാം ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഗ്രൗണ്ടിലെത്താൻ മനഃപൂർവം വൈകി. ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് വോയെ കാത്തുനിർത്തുക എന്നതായിരുന്നു ഗാംഗുലിയുടെ ഉദ്ദേശ്യം. 2007–08 സീസണിലെ സിഡ്നി ടെസ്റ്റിൽ ഹർഭജൻ സിങ്ങും ആൻഡ്രു സൈമണ്ട്സും തമ്മിലുണ്ടായ ‘മങ്കിഗേറ്റ്’ വിവാദമായിരുന്നു ഇതിലേറ്റവും ഗൗരവമേറിയത്. ഹർഭജൻ തന്നെ കുരങ്ങൻ എന്നു വിളിച്ചാക്ഷേപിച്ചു എന്നായിരുന്നു സൈമണ്ട്സിന്റെ ആരോപണം. 

∙ കുറ്റപ്പെടുത്തി കോഹ്ലി

ഡിആർഎസ് സൗകര്യം ദുരുപയോഗപ്പെടുത്തുകയാണു സ്മിത്ത് ചെയ്തത് എന്നു മൽസരശേഷം മാധ്യമപ്രവർത്തകർക്കു മുന്നിൽ വിരാട് കോഹ്ലി തുറന്നടിച്ചു. ഡിആർഎസ് ഉപയോഗിക്കുന്നതിൽ പലപ്പോഴും തെറ്റുപറ്റാറുണ്ട്. ഔട്ടായ പന്തുകളിലും ഡിആർഎസ് ചോദിച്ച് അവസരം നഷ്ടപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഞാനൊരിക്കലും ഡ്രസ്സിങ് റൂമിൽനിന്നു സഹായം ചോദിച്ചിട്ടില്ല. രണ്ടുവട്ടം ഇന്നലെ ഞാനീ കാഴ്ച കണ്ടു. ഓസീസ് കളിക്കാർ ഡിആർഎസിനു മുൻപ് ഡ്രസ്സിങ് റൂമിലേക്കു നോക്കുന്നതു നേരിട്ടു കണ്ടതാണ്. ഇക്കാര്യം അംപയർമാരുടെ ശ്രദ്ധയിൽപ്പെടുത്തി. അവരെ വിലക്കാൻ ആവശ്യപ്പെട്ടു. ഇതിനെ വിശേഷിപ്പിക്കാൻ പറ്റിയ ഒരു വാക്കുണ്ട്, പക്ഷേ, ഞാൻ അതുപയോഗിക്കുന്നില്ല. – കോഹ്ലി പറഞ്ഞു. ഓസീസ് ടീം ഡിആർഎസ് സൗകര്യത്തെ വഞ്ചിക്കുകയാണോ എന്നു മാധ്യമപ്രവർത്തകർ തിരിച്ചുചോദിച്ചു. ആണെന്നോ അല്ലെന്നോ ഞാൻ പറയുന്നില്ല. എന്നാൽ, ഞാൻ മുൻപു പറഞ്ഞതിൽ എല്ലാമുണ്ട് – കോഹ്ലി മറുപടി നൽകി. 

∙ കുറ്റം സമ്മതിച്ച് സ്മിത്ത് 

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണു താൻ ചെയ്തതെന്ന് ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ കുറ്റസമ്മതം. മൽസരശേഷം മാധ്യമപ്രവർത്തകരെ കണ്ട സ്മിത്ത് നടപടിയെ ന്യായീകരിക്കുകയും ചെയ്തു. ഉമേഷിന്റെ പന്ത് എന്റെ പാഡിലാണു തട്ടിയത്. ഡിആർഎസ് തീരുമാനമെടുക്കാൻ നേരത്തു കുറച്ചുസമയത്തേക്കു ബുദ്ധിഭ്രമമുണ്ടായി. ഈ നേരത്താണ് ഞാൻ അറിയാതെ ഡ്രസ്സിങ് റൂമിലേക്കു നോക്കിപ്പോയത്. കളിയുടെ നല്ല ഉദ്ദേശ്യത്തിൽ ഈ അബദ്ധത്തെയും കാണണം. ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഭവം. മുൻപും ഡ്രസ്സിങ് റൂമിന്റെ സഹായം തേടിയെന്ന ആരോപണം ശരിയല്ല– സ്മിത്ത് പറഞ്ഞു. അതേസമയം, കോഹ്ലിയുമായി ഗ്രൗണ്ടിൽ വച്ചു വാക്കുതർക്കമുണ്ടായതിനെ നിസ്സാരവൽക്കരിക്കാനും സ്മിത്ത് മറന്നില്ല. അതു വെറും നിസ്സാരം എന്നായിരുന്നു സ്മിത്തിന്റെ വിശദീകരണം. 

 

2 ആഷസ് പരമ്പരയിൽ ആൻഡേഴ്സണുമായി കൊമ്പുകോർക്കൽ 

2017 ലെ ആഷസ് പരമ്പരയിൽ സ്റ്റീവൻ സ്മിത്തും ഇംഗ്ളീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണുമായുളള കൊമ്പുകോർക്കൽ വൻ മാധ്യമശ്രദ്ധ നേടി. ജെയിംസ് ആന്‍ഡേഴ്സണ്‍ ക്രിക്കറ്റിലെ ഏറ്റവും വിളിയ ചീത്തവിളിക്കാരില്‍ ഒരാളാണെന്ന് സ്റ്റീവന്‍ സ്മിത്ത് പത്രസമ്മേളനത്തിൽ ആഞ്ഞടിച്ചു.. ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിനുമുമ്പ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആന്‍ഡേഴ്സണെതിരെ സ്മിത്ത് ആഞ്ഞടിച്ചത്.

steve-smith-australia

ഒന്നാം ടെസ്റ്റിനിടെ ഇംഗ്ളീഷ് വിക്കറ്റ്കീപ്പര്‍ ജോണി ബെയര്‍സ്റ്റോയെ ഓസീസ് കളിക്കാര്‍ കൂട്ടമായി ചീത്തവിളിച്ചതിനെ ഡെയ്ലി ടെലഗ്രാഫ് പത്രത്തിലെ കോളത്തില്‍ ആന്‍ഡേഴ്സണ്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതാണ് സ്മിത്തിനെ പ്രകോപിപ്പിച്ചത്. എന്നാല്‍ ആഷസില്‍ എതിരെ കളിക്കാന്‍ തുടങ്ങിയതുമുതല്‍ ആന്‍ഡേഴ്സന്റെ ചീത്തവിളി കേട്ടിരുന്നുവെന്നും ഓസ്ട്രേലിയക്കാരുടെ ചീത്തവിളിയെക്കുറിച്ച് ആന്‍ഡേഴ്സണ്‍ കുറ്റംപറയുന്നത് കേള്‍ക്കുമ്പോള്‍ തമാശതോന്നുന്നുവെന്നും സ്മിത്ത് തിരിച്ചടിച്ചു.

 

3 ഡിആർഎസ് തീരുമാനത്തെ പരസ്യമായി ചോദ്യം ചെയ്തു; പിഴ

ക്രൈസ്റ്റ് ചർച്ചിൽ ന്യൂസിലൻറിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ  അംപയറുടെ ഡിആർഎസ് തീരുമാനത്തെ  പരസ്യമായി ചോദ്യം ചെയ്തതിനെ തുടർന്ന് മാച്ച് ഫീയുടെ 30 ശതമാനം പിഴയായി ഒടുക്കേണ്ടി വന്നിരുന്നു. സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് താരം തടിയൂരി. തെറ്റുകൾ ഇനിയും ആവർത്തിക്കില്ലെന്നും കളിക്കളത്തിലെ പോരാളിയാണ് താനെന്നും സ്മിത്ത് പറഞ്ഞു.

 

steve-smith

4 റബാദ വിവാദത്തിലും മറുഭാഗത്ത് സ്മിത്ത്

പോർട്ട് എലിസബത്തിലെ രണ്ടാം ക്രിക്കറ്റ്  ടെസ്റ്റിൽ ഫാസ്റ്റ് ബൗളർ കഗീസോ റബാദയുമായി സ്മിത്ത് കളിക്കളത്തിൽ ഏറ്റുമുട്ടി. ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത് പുറത്തായി മടങ്ങുമ്പോള്‍ തോളുകൊണ്ട് തട്ടിയതിന് റബാദയ്ക്ക് അച്ചടക്കനടപടി നേരിടേണ്ടി വന്നു. സ്മിത്ത് പുറത്തായപ്പോൾ റബാദ അമിതമായി ആഹ്വാദ പ്രകടനം നടത്തിയത് സ്മിത്തിനെ ചൊടിപ്പിച്ചു. പുരികങ്ങൾ ഉയർത്തി റബാദയ്ക്ക് നേരേ സ്മിത്ത് ആംഗ്യം കാണിച്ചതോടെ റബാദ് തോളുകൊണ്ട് തട്ടുകയായിരുന്നു. റബാദയ്ക്കെതിരായ അച്ചടക്ക നടപടി റദ്ദാക്കിയപ്പോഴും വിമർശനവുമായി സ്മിത്ത് രംഗത്തെത്തിയിരുന്നു.

 

5 പന്ത് ചുരുണ്ടൽ വിവാദത്തിൽ രാജി; വാര്‍ണറും പുറത്ത്

ദക്ഷിണാഫ്രിക്ക പരമ്പരയിലെ പന്തു ചുരണ്ടല്‍ വിവാദത്തില്‍ കുരുക്കിലായ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവച്ചു. വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ടീമില്‍നിന്ന് പുറത്തായി. ടിം പെയിനാണ് പുതിയ നായകന്‍.  സ്റ്റീവ് സ്മിത് സ്ഥാനമൊഴിയണമെന്ന് ഒാസ്ട്രേലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിലാണ് ഒാസീസ് താരം കാമറൂണ്‍  ബാന്‍ക്രോഫ്റ്റ് സാന്‍ഡ് പേപ്പറുപയോഗിച്ച് പന്തു ചുരണ്ടിയത്. സംഭവത്തില്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും, കാമറണ്‍ ബാന്‍ക്രോഫ്റ്റും മാപ്പുപറഞ്ഞു.

ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യവെയാണ്  ഒാസിസ് താരം കാമറണ്‍ ബാന്‍ക്രോഫ്റ്റ് മഞ്ഞ നിറത്തിലുള്ള വസ്തു കൊണ്ട് പന്തില്‍ ഉരയ്ക്കുന്നത് ടെലിവിഷന്‍ ക്യാമറകള്‍ കാണിച്ചത്. വിവാദം ഒാസ്ട്രേലിയയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയതോടെയാണ് ഒാസ്ട്രേലിയന്‍ സര്‍ക്കാര്‍ സ്മിത്തിനോട് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടത്. ടീമിലെ മറ്റ് അംഗങ്ങള്‍ക്കും പരിശീലകര്‍ക്കും പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് സ്പോര്‍ട്സ് കമ്മിഷനും വ്യക്തമാക്കി . 

ഏതു വിധേനയും ജയിക്കേണ്ട മല്‍സരമായതിനാലാണ്  പന്ത് ചുരണ്ടിയതെന്നും സ്മിത്ത് വ്യക്തമാക്കി.  മുന്‍ ഓസ്ട്രേലിയന്‍ താരങ്ങളായ അലന്‍ ബോര്‍ഡറും ഷെയിന്‍വോണും മൈക്കല്‍ ക്ലാര്‍ക്കും സംഭവത്തെ കടുത്തഭാഷയില്‍ വിമര്‍ശിച്ചു. ഓസീസ് ടീം ഇതിന് മറുപടി പറയേണ്ടിവരുമെന്നും വോണ്‍ പറഞ്ഞു.