ഐ.എസ്.എല്ലിലെ കോപ്പലാശാന്‍ പോലെ തൃശൂരില്‍ ഫുട്ബോളിന് ഒരാശാനുണ്ട് ടി.കെ.ചാത്തുണ്ണി. ഇന്ത്യന്‍ ഫുട്ബോളിന്‍റെ ആശാന് ഇപ്പോള്‍ എഴുപത്തിനാലു വയസായി. ഫുട്ബോളിനോടുള്ള കമ്പം മൂത്ത് വീടിന്റെ മുറ്റത്ത് ഒന്നാന്തരം ഗോള്‍പോസ്റ്റ് നാട്ടി. 

എഴുപതുകളില്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ പ്രതിരോധ കോട്ടയായിരുന്നു ടി.കെ.ചാത്തുണ്ണി. പിന്നെ, രാജ്യം കണ്ട പ്രമുഖ ഫുട്ബോള്‍ പരിശീലകനായി വേഷംമാറി. മോഹന്‍ ബഗാന്റേയും കേരള പൊലീസിന്റേയും തുടങ്ങി രാജ്യത്തെ പ്രമുഖ ഫുട്ബോള്‍ ടീമുകളുടെ ഗുരു. ചാലക്കുടിയിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുമ്പോഴും ഫുട്ബോള്‍ കൈവിട്ടിട്ടില്ല.

കൊച്ചുമക്കളെ പരിശീലിപ്പിക്കാന്‍ വീടിന്റെ മുറ്റത്ത് ഗോള്‍പോസ്റ്റ് നാട്ടി. വീടിന്റെ മുറ്റത്തും ജനലയുടെ ഗ്രില്ലിലും ഫുട്ബോള്‍ കാണാം. സ്വീകരണ മുറിയില്‍ തലയുയര്‍ത്തി നില്‍ക്കുന്നത് റൊണാള്‍ഡോയും റൊണാ‍ള്‍ഡീഞ്ഞോയും പെലെയും മെസിയും തുടങ്ങിയ ഫുട്ബോള്‍ ഇതിഹാസങ്ങളാണ്. തന്നെ കാണാന്‍ വരുന്ന ഇഷ്ടക്കാരോട് ചാത്തുണ്ണി ആശാന് ഒരഭ്യര്‍ഥന മാത്രം. മരിച്ചാല്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ വരുമ്പോള്‍ റീത്ത് കൊണ്ടുവരരുത്. പകരം ഒരു ഫുട്ബോള്‍ കൊണ്ടുവരണം. ഈ ഫുട്ബോളുകള്‍ കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കണം. 

 

ഇന്ത്യയുടെ കറുത്ത മുത്ത് ഐ.എം.വിജയനേയും സി.വി.പാപ്പച്ചനേയും ഉള്‍പ്പെടെ നിരവധി ഫുട്ബോള്‍ താരങ്ങളെ മികവുള്ളവരാക്കിയതില്‍ ടി.കെ.ചാത്തുണ്ണിയുടെ പങ്ക് വലുതാണ്. കേരള പൊലീസിന്റെ സുവര്‍ണകാലത്ത് ചാത്തുണ്ണിയായിരുന്നു പരിശീലകന്‍. ഐ.എസ്.എല്ലുമായി ഇന്ത്യന്‍ ഫുട്ബോള്‍ മാറുന്നതു കാണാന്‍ സാധിച്ചതിന്റെ ത്രില്ലിലാണ് ഈ ഫുട്ബോള്‍ ആശാന്‍.