തിരിച്ചുവരവിന് ടീമിനെ പ്രാപ്തമാക്കിയ പരിശീലകൻ ആഷ്ലി വെസ്റ്റ്‌വുഡും, മൊറോക്കൻ മിഡ്ഫീൽഡർ കരിം ബെനാരിഫിയും ഇല്ലാതെ, കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടുമൊരു അങ്കത്തിനിറങ്ങുന്നു. പരിമിതികൾ ഉണ്ടെങ്കിലും ഒഡീഷ എഫ്.സിക്കെതിരായ മത്സരത്തിൽ ജയം മാത്രമാണ് ടീമിന്‍റെ ലക്ഷ്യം. രാത്രി ഏഴരയ്ക്ക് കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ആണ് മത്സരം.
തരംതാഴ്ത്തൽ ഭീഷണിയുടെ വെന്‍റിലേറ്ററിൽ നിന്നു കേരള ബ്ലാസ്റ്റേഴ്സിനെ പുറത്തു കടത്തിയത് ആഷ്‌ലി വെസ്റ്റ്‌വുഡെന്ന കോച്ച് ആണ്. എന്നാൽ ഇന്ന് ആ പരിശീലകന്റെ സാന്നിധ്യം ടീമിന് ഉണ്ടാകില്ല. പാർശ്വവരയ്ക്കു പുറത്തു നിന്നു ടീമിന് ആവേശപൂർവം നിർദേശങ്ങൾ നൽകുന്ന വെസ്റ്റ്‌വഡ് അതിരുവിട്ട പെരുമാറ്റത്തിന്റെ പേരിൽ രണ്ടു മഞ്ഞക്കാർഡ് കണ്ടതോടെയാണ് മത്സരം നഷ്ടമായത്. ജംഷഡ്പുർ എഫ്സിക്കെതിരെ കൗശലത്തോടെ കളിച്ച മൊറോക്കൻ മിഡ്ഫീൽഡർ കരിം ബെനാരിഫിനെയും ബ്ലാസ്റ്റേഴ്സ് ഇന്നു മിസ് ചെയ്യും. പരുക്കാണു കളി മുടക്കിയത്.
ഐഎസ്എലിൽ ആത്മാഭിമാനം വീണ്ടെടുക്കാൻ പൊരുതുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷ എഫ്സിയെ നേരിടുമ്പോൾ ഇരുവരുടെയും അസാന്നിധ്യം തിരിച്ചടിയാകുമോ എന്നതാണ് ചോദ്യം. എന്നാൽ ഒന്നും പേടിക്കേണ്ട കാര്യം ഇല്ലെന്നാണ് സഹ പരിശീലകൻ പറയുന്നത്.
വെസ്റ്റ്‌വുഡ് ഇടക്കാല പരിശീലകനായി എത്തിയശേഷം മികച്ച പ്രകടനം നടത്തുന്ന ബ്ലാസ്റ്റേഴ്സ് ഇന്ന് ആത്മവിശ്വാസത്തോടെയാണ് ഒഡീഷയെ നേരിടുക. ജംഷഡ്പുരിനെതിരെ മികച്ച ടീം ഗെയിം കെട്ടഴിച്ച ബ്ലാസ്റ്റേഴ്സ് ഒഴുക്കുള്ള ഫുട്ബോളാണു കളിച്ചത്. രണ്ടു ഗംഭീര ഗോളുകളടിച്ച ടീം, പ്രതിരോധത്തിലും ഉറച്ചു നിന്നു. അതേ പ്രകടനം തുടരുകയാണു ടീമിന്‍റെ ലക്ഷ്യം. 8 പോയിന്‍റുമായി പതിനൊന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് ഇന്നു ജയിച്ചാൽ 8 അല്ലെങ്കിൽ 9 സ്ഥാനത്തേക്കു കയറാം. കേരള ബ്ലാസ്റ്റേഴ്സിന്റെ ഇടക്കാല കോച്ചും ദീർഘകാലം അസിസ്റ്റന്‍റ് കോച്ചുമായിരുന്ന ടി.ജി.പുരുഷോത്തമൻ പരിശീലിപ്പിക്കുന്ന ഒഡീഷ 7 കളിയിൽ 6 പോയിന്‍റുമായി 13–ാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിലെ ജയത്തോടെ ആരാധകരും ബ്ലാസ്റ്റേഴ്സിനൊപ്പം കൂടിയിട്ടുണ്ട്.