ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ വീണ്ടും അനിശ്ചിതത്വത്തില്‍ ആയതോടെ ക്ലബുകള്‍ പ്രതിസന്ധിയില്‍. പ്രവര്‍ത്തനം മരവിപ്പിക്കാന്‍ ഐ.എസ്.എല്‍ ചാംപ്യന്‍മാരായ മോഹന്‍ ബഗാന്‍ തീരുമാനിച്ചു. ഐ ലീഗും അനിശ്ചിതത്വത്തിലാണ്. ഇതോടെ ഇന്ത്യന്‍ ഫുട്ബോളിനെ കാത്തിരിക്കുന്നത് ആശങ്കയുടെ സീസണാണ്. 

സ്പോണ്‍സറെ കിട്ടാതായതോടെയാണ് അടുത്തമാസം ആരംഭിക്കാനിരുന്ന ഐ.എസ്.എല്‍. അനിശ്ചിതത്വത്തിലായത്. വീണ്ടും സ്പോണ്‍സര്‍മാരെ കണ്ടെത്തി ടൂര്‍ണമെന്റ് തുടങ്ങുമ്പോഴേക്കും രണ്ടുമാസമെങ്കിലും കഴിയും. ഈ സഹചര്യത്തിലാണ് ക്ലബിന്‍റെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ മോഹന്‍ ബഗാന്‍ തീരുമാനിച്ചത്. താരങ്ങളുടെയും സപ്പോര്‍ട്ടിങ് സ്റ്റാഫിന്‍റെയും കരാര്‍ പുനഃപരിശോധിക്കുമെന്നും മാനേജ്മെന്‍റ് അറിയിച്ചു. നാളെ ആരംഭിക്കാനിരുന്ന പരിശീലന ക്യാംപും റദ്ദാക്കി. 

സാമ്പത്തിക പ്രതിസന്ധിയാണ് തീരുമാനത്തിന് പിന്നില്‍. മറ്റു ചില ക്ലബുകള്‍ താരങ്ങള്‍ക്കുള്ള പ്രതിഫലം  വെട്ടിക്കുറയ്ക്കാന്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.  ഐ.എസ്.എല്‍ വൈകിയാല്‍ ഐ ലീഗും അനിശ്ചിതത്വത്തിലാവും. ഇതാണ് ക്ലബുകളെ ആശങ്കപ്പെടുത്തുന്നത്. അതേസമയം സൂപ്പര്‍കപ്പ് സെമി ഫൈനലില്‍ ഇടംനേടിയ ഈസ്റ്റ് ബംഗാള്‍ പരിശീലനവുമായി മുന്നോട്ടുപോവുകയാണ് എന്നറിയിച്ചു. വര്‍ഷം 35 കോടി രൂപ അല്ലെങ്കില്‍ ആകെ വരുമാനത്തിന്‍റെ അഞ്ചു ശതമാനം നല്‍കണമെന്ന വ്യവസ്ഥയാണ് ഐ.എസ്.എല്‍ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് കമ്പനികളെ പിന്തിരിപ്പിച്ചത്.

ENGLISH SUMMARY:

Indian Super League faces uncertainty due to sponsorship issues, leading to financial challenges for clubs. Mohun Bagan has decided to suspend operations, casting a shadow over the upcoming football season.