ഇനി ഐഎസ്എല്‍ ഉണ്ടാകില്ലേ? ഐഎസ്എല്ലിന്റെ ഭാവി എന്താണ്? കഴിഞ്ഞ ദിവസം വന്ന വാര്‍ത്തയ്ക്ക് പിന്നാലെ നിരവധി ചോദ്യങ്ങളാണ് ഇന്ത്യന്‍ ഫുട്ബോള്‍ സര്‍ക്കിളുകളില്‍ വട്ടംചുറ്റുന്നത്. ഐഎസ്എല്‍ തല്‍ക്കാലത്തേക്ക് ഹോള്‍ഡിലാണ് എന്നറിയിച്ചുകൊണ്ട് ഐഎസ്എല്ലിന്‍റെ നടത്തിപ്പുകാരായ എഫ്എസ്ഡിഎല്‍, അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷനും ഐഎസ്എല്‍ ക്ലബുകള്‍ക്കും ഔദ്യോഗിക അറിയിപ്പ് നല്‍കിയതാണ് പുതിയ കണ്‍ഫ്യൂഷന് കാരണം. ഇന്ത്യന്‍ ഫുട്ബോളില്‍ കണ്‍ഫ്യൂഷനാകട്ടെ ഒരു പുതിയ കാര്യമല്ല! ഐഎസ്എല്‍ റദ്ദാക്കിയെന്നോ ഈ സീസണില്‍ ലീഗ് ഉണ്ടാവില്ലെന്നൊ എഫ്എസ്ഡിഎല്‍ അറിയിച്ചിട്ടില്ല. ശരിക്കും പറഞ്ഞാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഐഎസ്എല്‍ ക്ലബുകളെ എഫ്എസ്ഡിഎല്‍ ഫോണിലൂടെ അറിയിച്ച കാര്യം ഔദ്യോഗിക രേഖയായി ഫുട്ബോള്‍ ഫെഡറേഷനും ക്ലബുകള്‍ക്കും നല്‍കിയെന്നതാണ് യാഥാര്‍ഥ്യം. എന്താണ് നിലവിലെ പ്രതിസന്ധി? എന്തായിരിക്കും ഐഎസ്എല്ലിന്റെ ഭാവി?
മാസ്റ്റേഴ്സ് റൈറ്റ് എഗ്രിമെന്‍റ് അല്ലെങ്കില്‍ എംആര്‍എയുടെ കാലാവധി ഡിസംബറില്‍ കഴിയുന്നു എന്നതാണ് എഫ്എസ്ഡിഎല്‍ പറയുന്ന കാരണം. സെപ്റ്റംബര്‍–ഒക്ടോബര്‍ മുതല്‍ ഏപ്രില്‍–മേയ് വരെയാണ് സാധാരണ ഐഎസ്എല്‍ നടക്കാറുള്ളത്. 2025 സെപ്റ്റംബര്‍ 14 മുതല്‍ ഐഎസ്എല്‍ തുടങ്ങാനുള്ള നിര്‍ദേശമായിരുന്നു ഫുട്ബോള്‍ ഫെഡറേഷനും നല്‍കിയിരുന്നത്. എംആര്‍എ പുതുക്കാതെ ഐഎസ്എല്‍ തുടങ്ങിയാല്‍, പാതിവഴിയില്‍ എല്ലാം പ്രശ്നമാകും എന്നാണ് എഫ്എസ്ഡിഎല്‍ പറയുന്നത്. കരാര്‍ പുതുക്കാനുള്ള നീക്കങ്ങള്‍ ഒന്നും ഫലം കണ്ടതുമില്ല. മാത്രമല്ല, അങ്ങനെയങ്ങ് എംആര്‍എ തീരുമാനിക്കേണ്ടെന്ന് സുപ്രീംകോടതി പറയുകയും ചെയ്തു. കാരണം അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ ഭരണഘടനയുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. അടുത്തയാഴ്ച്ച കേസില്‍ വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃത്യമായ കരാറില്ല, കോടതി നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെ തങ്ങള്‍ നിസ്സഹായരാണ് എന്നാണ് എഫ്എസ്ഡിഎല്ലിന്‍റെ ലൈന്‍. ഇതോടെ ഐഎസ്എല്‍ ഹോള്‍ഡിലായി.
ഇനി എന്ത്?
ഐഎസ്എല്ലിന്‍റെ ഭാവി എന്താണെന്ന് അറിയാന്‍ എംആര്‍എയില്‍ തീരുമാനമാകണം. അതിന് കോടതിയിലുള്ള കേസില്‍ തീരുമാനമാകണം. ജൂലൈ അവസാനത്തോടെ അതില്‍ ഒരു തീരുമാനമാകും എന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ എംആര്‍എയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂടുപിടിക്കും. പക്ഷെ അത് അത്ര എളുപ്പമല്ല. എഫ്എസ്ഡിഎല്ലിന് ഐഎസ്എല്ലിന്‍റെ നടത്തിപ്പുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. പക്ഷെ നിലവിലുള്ളതുപോലെ അല്ല, മറിച്ച് ക്ലബുകള്‍ക്ക് കൂടുതല്‍ ഓഹരി പങ്കാളിത്തമുള്ള പുതിയ കമ്പനി രൂപീകരിച്ച് മുന്നോട്ടുപോകണം എന്നാണ് എഫ്എസ്ഡിഎല്‍ പറയുന്നത്. അതിന് കുറേയധികം ചര്‍ച്ചകള്‍ വേണ്ടിവരും. ഇനി അതല്ലെങ്കില്‍ മറ്റൊരു കമ്പനിക്ക് എംആര്‍എ നല്‍കണം. പക്ഷെ ഇന്ത്യന്‍ ഫുട്ബോളോ അല്ലെങ്കില്‍ ഐഎസ്എല്ലോ പരിചയമില്ലാത്ത ആര്‍ക്കെങ്കിലും എംആര്‍എ നല്‍കാന്‍ സാധ്യത കുറവാണ്. അതും അല്ലെങ്കില്‍ എംആര്‍എ ആറുമാസത്തേക്ക് കൂടി നീട്ടിനല്‍കി ഇക്കൊല്ലത്തെ ഐഎസ്എല്‍ തടസംകൂടാതെ നടത്തണം. പക്ഷെ എഫ്എസ്ഡിഎല്‍ അതിന് തയാറാകാന്‍ സാധ്യത കുറവാണ്.
ഒരു വിലപേശല്‍ ആയിട്ടാണ് എഫ്എസ്ഡിഎല്‍ ഈ അവസരം ഉപയോഗിക്കുന്നത്. തങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ഫോര്‍മുല, അല്ലെങ്കില്‍ അതിന് അടുത്തുനില്‍ക്കുന്ന പുതിയ കരാറിനാണ് എഫ്എസ്ഡിഎല്‍ ശ്രമിക്കുന്നത്. എങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ചില ക്ലബുകളുടെ തയാറെടുപ്പുകള്‍ കാണുമ്പോള്‍ മനസിലാക്കേണ്ടത്. ഐഎസ്എല്‍ നടക്കേണ്ടത് എല്ലാവരുടേയും ആവശ്യമാണ്. മാത്രമല്ല ടോപ് ടെയര്‍ ലീഗ് റദ്ദാക്കുന്നത് ആഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് നാണക്കേടാകും. വലിയ വരുമാന നഷ്ടവുമുണ്ടാവും. പത്ത് വര്‍ഷത്തിലധികമായി നടത്തിയിട്ടും നഷ്ടകണക്കുകള്‍ മാത്രമേ എഫ്എസ്ഡിഎല്ലിന് പറയാനുള്ളു. ലാഭം നേടണമെങ്കില്‍ ലീഗ് തുടരണം. ഇത് തന്നെയാണ് ക്ലബുകളുടെ സ്ഥിതിയും. അതുകൊണ്ട്, നിലവിലെ ആശങ്കകള്‍ പരിഹരിച്ച് ഐഎസ്എല്‍ നടക്കുമെന്ന് തന്നെ കരുതാം. നേരത്തേ നിശ്ചയിച്ചത് പോലെ സെപ്തംബറില്‍ തുടങ്ങാന്‍ ചിലപ്പോള്‍ പറ്റിയെന്ന് വരില്ല, വൈകുമായിരിക്കും. വിദൂര സാധ്യതയില്‍, ഐഎസ്എല്‍ നടക്കാതിരിക്കുന്ന സാഹചര്യമുണ്ടായില്‍, പല ക്ലബുകളും കോടതിയെ സമീപിച്ചേക്കും. പക്ഷെ, വൈകിയെങ്കിലും ഐഎസ്എല്‍ നടക്കാന്‍ തന്നെയാണ് സാധ്യത.