പ്രൊഫൈൽ ചിത്രത്തിൻറെ കളർ മാറ്റിയ കേരള ബ്ലാസ്റ്റേഴ്സിന് നേരെ ആരാധക രോഷം. മഞ്ഞയും നീലയും ചേർന്ന ബ്ലാസ്റ്റേഴ്സിൻറെ കൊമ്പനാനയുടെ ചിത്രത്തിന് പകരം ഓറഞ്ച് പശ്ചാത്തത്തിൽ വെള്ള നിറത്തിലുള്ള ആനയുടെ ചിത്രമാണ് പുതുതായി പ്രൊഫൈലിൽ ചേർത്തിട്ടുള്ളത്. സംഘി ആയോ എന്നാണ് ആരാധരുടെ കമൻറ്.
'ഒരു ക്ലബ്ബിൻ്റെ ഐഡൻ്റിറ്റി എന്ന് പറയുന്നത് അതിൻ്റെ പേരും ലോഗോയും തീം കളറുമാണ്. മഞ്ഞയും നീലയുമാണ് KBFC യുടെ തീം കളർ. അതാണ് അതിൻ്റെ ഐഡൻ്റിറ്റി' എന്നാണ് ഒരു ആരാധകന്റെ കമന്റ്. 'ആ മഞ്ഞയും നീലയും ലോഗോ കളഞ്ഞ് നിലവാരം കളയല്ലേ', 'കൊമ്പൻ എല്ലാം ഇഷ്ട്ടം ആണ് ഈ കോണാത്തിലെ കളർ മാത്രം അങ്ങ് പിടിക്കുന്നില്ല' എന്നിങ്ങനെയാണ് ആരാധകരുടെ പ്രതികരണം.
'കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു കളർ ചേഞ്ചിങ്ങിൽ പോലും പ്രത്യേക അസഹിഷ്ണുത പ്രകടിപ്പിക്കുന്ന ആളുകൾ ഇവിടെയുണ്ട് എന്നതാണ് മലയാളിയുടെ സ്വന്തം കേരളത്തിന്റെ പ്രത്യേകത അഥവാ ഗതികേട്.. ഇത് സ്‌പോർട്സാടോ' എന്നും കമന്റുകളുണ്ട്.
എന്താണ് കളർ മാറ്റത്തിന് കാരണം
കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ എവേ മത്സരം ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി ഗുവാഹത്തിയിലാണ്. ടീമിന്റെ ഇത്തവണത്തെ എവേ ജഴ്സി വെള്ളയും ഓറഞ്ചും നിറത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ടീമിന്റെ ലോഗോയും റ്റിയതെന്നാണ് സൂചന.
രാത്രി 7.30 നാണ് മത്സരം. ആദ്യ രണ്ട് ഹോം മാച്ചുകൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റുമായി മത്സരിക്കുന്നത്. ആദ്യ മത്സരത്തിൽ പഞ്ചാബിനോട് 2-1 ന് തോറ്റെങ്കിലും ഈസ്റ്റ് ബംഗാളിനെ 2-1 ന് തോൽപ്പിച്ച ആവേശത്തിലാണ് ടീം.