yashasvi-jaiswal
  • 2027 സീസണിലേക്ക് നിലനിർത്തിയെങ്കിലും സഞ്ജു സാംസൺ വിട്ടതിന് പിന്നാലെ റിയാൻ പരാഗിനെ തന്നെ ക്യാപ്റ്റനായി നിലനിർത്താൻ മാനേജ്‌മെന്റ് തീരുമാനിച്ചതോടെയാണ് ഓപ്പണർ യശസ്വി ജയ്‌സ്വാൾ രാജസ്ഥാൻ റോയൽസ് വിടാൻ ഒരുങ്ങുന്നത്.

ഐപിഎല്‍ പുതിയ സീസണിലേക്ക് കടക്കാനിരിക്കെ രാജസ്ഥാന്‍ റോയല്‍സില്‍ ട്വിസ്റ്റ്. 2027 സീസണിലേക്ക് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയെങ്കിലും ടീമിന് പുറത്തേക്ക് പോകാനുള്ള സാധ്യതകള്‍ തേടുകയാണ് ഓപ്പണര്‍ യശസ്വി ജയ്സ‍്വാള്‍. വിവിധ ഫ്രാഞ്ചൈസികളുമായി രാജസ്ഥന്‍ റോയല്‍സ് ജയ്‍സ്വാളിന്‍റെ കൈമാറ്റം സംസാരിച്ചെങ്കിലും തീരുമാനത്തിലെത്താന്‍ സാധിച്ചിട്ടില്ല. ഡിസംബര്‍ 16നാണ് ഐപിഎല്‍ മിനിലേലം. ഇതിനു മുന്‍പ് ഒന്‍പതു വരെ ട്രേഡിനുള്ള അവസരമുണ്ട്. 

Also Read: 'പേര് കാരണം പലരും അവനെ വിമര്‍ശിച്ചു'; മകനെ കുറിച്ച് വീരേന്ദർ സെവാഗ്

ഓപ്പണിങില്‍ ടീമിന്‍റെ നിര്‍ണായക താരമായ ജയ്സ്വാളിനെ വിട്ടുകൊടുക്കാന്‍ രാജസ്ഥാനു താല്‍പര്യമില്ല. വൈഭവ് സൂര്യവംശിയും ജയ്സ്വാളും അടങ്ങുന്ന രാജസ്ഥാന്‍റെ ഓപ്പണിങ് ഐപിഎലില്‍ ബോളര്‍മാരുടെ പേടിസ്വപ്നങ്ങളിലൊന്നാണ്. എന്നാല്‍ ടീമിലുണ്ടായ പുതിയ സംഭവ വികാസങ്ങളില്‍ ജയസ്വാളാണ് ടീം മാറാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ടതിനു പിന്നാലെയാണ് ടീമിന്‍റെ സമവാക്യങ്ങള്‍ മാറിയത്. 

രാജസ്ഥാന്‍ റോയല്‍സ് മാനേജ്മെന്റ് റിയാന്‍ പരാഗിനെ നായകനാക്കിയെങ്കിലും ടീം കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈ സീസണിലും റിയാന്‍ പരാഗ് തന്നെ ക്യാപ്റ്റനായി തുടരുമെന്ന് മാനേജ്മെന്റ് ഉറപ്പിച്ചതോടെയാണ് ജയ്സ്വാള്‍ ടീം വിടാന്‍ തീരുമാനിക്കുന്നത്. നിലവില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സും ഡല്‍ഹി ക്യാപിറ്റല്‍സുമാണ് ജയ്സ്വാളില്‍ താല്‍പര്യം പ്രകടിപ്പിച്ച് എത്തിയത്. 

ജയ്സ്വാളിനു പകരം രാജസ്ഥാന്‍ റോയല്‍സ് ആവശ്യപ്പെട്ട രണ്ടു താരങ്ങളില്‍ ലക്നൗ ഫ്രാഞ്ചൈസി തൃപ്തരല്ല. ഡല്‍ഹി ക്യാപിറ്റല്‍സ് മുന്നോട്ടുവച്ച താരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സിനു താല്‍പര്യമില്ലാത്തിനാണ് ഈ ചര്‍ച്ചയും തീരുമാനമാകാത്തത്. മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ജയ്സ്വാളിനായി രംഗത്തുണ്ട്. എന്നാല്‍ ചര്‍ച്ചയില്‍ ലക്നൗവാണ് മുന്നില്‍. 

Also Read: 'സിറാജ് എന്നെങ്കിലും നിരാശപ്പെടുത്തിയിട്ടുണ്ടോ? എന്നിട്ടും ഒഴിവാക്കുന്നതെന്ത്?' തുറന്നടിച്ച് ഗവാസ്കര്‍

2020 മുതല്‍ ഏഴു സീസണിലായി രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് ജയ്സ്വാള്‍ കളിക്കുന്നത്. കഴിഞ്ഞ നാലു സീസണുകളില്‍ 400 ലധികം റണ്‍സ് നേടിയ ടീമിന്റെ പ്രകടനത്തില്‍ നിര്‍ണായകമായിരുന്നു. 

ENGLISH SUMMARY:

Ahead of the IPL 2027 season, star opener Yashasvi Jaiswal is actively exploring an exit from Rajasthan Royals despite being retained by the franchise. Team dynamics shifted dramatically following Sanju Samson's departure, with Jaiswal reportedly deciding to leave after the management confirmed Riyan Parag would continue as captain despite last season's bottom-place finish. While Rajasthan Royals are reluctant to lose their explosive opener, franchises including Lucknow Super Giants, Delhi Capitals, Mumbai Indians, and Kolkata Knight Riders have expressed interest, with LSG leading the trade talks ahead of the December 16 mini-auction. However, trade negotiations with both Lucknow and Delhi have hit a roadblock over disagreements on player swaps before the December 9 trade deadline.