18 വർഷം പിന്നിട്ട ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ച താരമായി വിരാട് കോലി. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനുവേണ്ടി കളിച്ചതിലൂടെ 230 കോടി രൂപയാണ് കോലി ഇതുവരെ പോക്കറ്റിലാക്കിയത്. കോലിക്ക് പിന്നിൽ രോഹിത് ശർമയും (227.2 കോടി), എം.എസ്. ധോണിയുമാണ് (200 കോടി). വനിതാ ക്രിക്കറ്റിൽ സ്ഥിതി വ്യത്യസ്തമാണ്. വനിതാ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയത് സ്മൃതി മന്ഥനയാണ് - 13.7 കോടി രൂപ. ആദ്യ 10 സ്ഥാനങ്ങളിലുള്ള വനിതാ താരങ്ങൾക്കെല്ലാം കൂടി ഇതുവരെ നേടാനായത് 90 കോടി രൂപ മാത്രമാണ്.

 

ഫനാറ്റിക് സ്പോർട്സ്, ഹുറൂൺ എന്നിവർ ചേർന്ന് തയാറാക്കിയ റിപ്പോർട്ട് പ്രകാരം ഐപിഎല്ലിലെ 10 ഫ്രാഞ്ചൈസികളുടെയും ആകെ മൂല്യം 1.63 ലക്ഷം കോടി രൂപയാണ്. ഷാറുഖ് ഖാന്റെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് 19,200 കോടി രൂപയുടെ മൂല്യവുമായി പട്ടികയിൽ മുന്നിൽ. അംബാനി കുടുംബത്തിന്റെ മുംബൈ ഇന്ത്യൻസ് (18,400 കോടി), ചെന്നൈ സൂപ്പർ കിങ്സ് (18,400 കോടി) എന്നിവർ തൊട്ടുപിന്നിലുണ്ട്. ഒരു ഐപിഎൽ ടീമിന്റെ ശരാശരി മൂല്യം നിലവിലെ 180 കോടി ഡോളറിൽ നിന്ന് 2032 ആകുമ്പോഴേക്കും 1500 കോടി ഡോളറായി കുതിച്ചുയരുമെന്ന് റിപ്പോർട്ട് പ്രവചിക്കുന്നു.

 

ഹോക്കി ഇന്ത്യ ലീഗിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ഡിഫൻഡർ ഹർമൻപ്രീത് സിങ്ങാണ് - 78 ലക്ഷം രൂപ. ഫോർവേഡ് താരം അഭിഷേക് നെയ്ൻ (72 ലക്ഷം), മധ്യനിര താരം ഹാർദിക് സിങ് (70 ലക്ഷം) എന്നിവരാണ് തൊട്ടുപിന്നിലുള്ളത്. എന്നാൽ, യുവപ്രതിഭകളെ കണ്ടെത്തുന്നതിൽ ഹോക്കി മുന്നിലാണ്. 14 വയസ്സുകാരനായ കേതൻ കുശ്വാഹ, 15 വയസ്സുകാരായ പൂർത്തി ആശിഷ് താനി, രാഹുൽ യാദവ് തുടങ്ങിയവർ ഇതിന് ഉദാഹരണമാണെന്നും റിപ്പോർട്ട് പറയുന്നു. വിവിധ കായിക ഇനങ്ങളിലെ ആറ് ലീഗുകളിലായി 59 ടീമുകളിലെ 1,323 മുൻനിര താരങ്ങളെയാണ് പഠനത്തിനായി പരിഗണിച്ചത്. 

ENGLISH SUMMARY:

Virat Kohli has become the highest-earning player in IPL history with total earnings of ₹230 crore from Royal Challengers Bengaluru. Rohit Sharma and MS Dhoni follow closely behind. A new report also highlights the soaring valuation of IPL franchises, with Kolkata Knight Riders leading the chart, while Smriti Mandhana tops earnings in the Women’s Premier League.