ഐപിഎല്‍ 2026 സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ഒറ്റ മത്സരം പോലും എം.എസ് ധോണി കളിച്ചിട്ടില്ല. സീസണിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ പരിക്കേറ്റ ധോണി വിശ്രമത്തിലാണ്. 2023 നു ശേഷം പ്ലേ ഓഫ് കളിക്കാത്ത ടീമിന് അതിനുള്ള സാധ്യതയാണ് മുന്നിലുള്ളത്. ഈ നിര്‍ണായക ഘട്ടത്തില്‍ ധോണി ടീമിനൊപ്പം ചേരുമോ എന്നതിലാണ് ആരാധകരുടെ ആകാംക്ഷ. 

15 ന് ലഖ്നൗ സൂപ്പര്‍ ജെയന്‍റ്സിനൊപ്പമാണ് ചെന്നൈയുടെ അടുത്ത മത്സരം. ലഖ്നൗവിലേക്കുള്ള യാത്രയില്‍ ധോണിയും ടീമിനൊപ്പം ചേരും എന്നാണ് റിപ്പോര്‍ട്ട്. ലഖ്നൗവിലേക്കുള്ള ധോണിയുടെ വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി സിഎസ്കെ സിഇഒ കാശി വിശ്വനാഥന്‍ Cricbuzz നോട് പറഞ്ഞു. ബാക്കിയുള്ള മൂന്നു മത്സരങ്ങളില്‍ ഒന്നിലെങ്കിലും ധോണി കളിക്കുമെന്നാണ് പ്രതീക്ഷയെന്നും റിപ്പോര്‍ട്ട് പറയുന്നു.

തുടര്‍ച്ചയായ മൂന്നു വിജയങ്ങളാണ് ചെന്നൈ നേടിയത്. ധോണി എത്തിയാല്‍ ഈ വിജയ കോമ്പിനേഷന്‍ പൊളിക്കേണ്ട വരുമോ എന്നതാണ് ചെന്നൈയ്ക്ക് ആശങ്ക. കാർത്തിക് ശർമ്മ, സർഫറാസ് ഖാൻ, പ്രശാന്ത് വീർ അടക്കമുള്ള യുവ താരങ്ങള്‍ വിജയത്തില്‍ നിര്‍ണായകമായിരുന്നു. ധോണി ടീമിലേക്ക് വരികയാണെങ്കില്‍ ഇവരിലൊരാള്‍ പുറത്തിരിക്കേണ്ടി വരും. ധോണി എത്തുകയാണെങ്കില്‍ സഞ്ജു വിക്കറ്റ് കീപ്പിങ് സ്ഥാനവും കൈമാറേണ്ടി വന്നേക്കാം. 

11 മത്സരങ്ങളില്‍ അഞ്ചു  തോല്‍വിയും ആറു വിജയവും അടക്കം അഞ്ചാം സ്ഥാനത്താണ് ചെന്നൈ. തുടരെ മൂന്നു തോല്‍വിയോടെ തുടങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്സ് അവസാന എട്ടു മത്സങ്ങളില്‍ ആറിലും ജയിച്ചു. ബാക്കിയുള്ള മൂന്നു മത്സരങ്ങളില്‍ രണ്ടെണ്ണത്തിലെങ്കിലും ജയിച്ചാല്‍ ചെന്നൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാനുള്ള 16 പോയിന്‍റ് ലഭിക്കും. 

ലഖ്നൗ സൂപ്പര്‍ ജെയന്‍റ്സിനെതിരായ ഏവേ മത്സരം കഴിഞ്ഞാല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവര്‍ക്കെതിരെ ചെപ്പോക്കിലാണ് ചെന്നൈയുടെ മത്സരങ്ങള്‍. 

ENGLISH SUMMARY:

M.S. Dhoni, who has been sidelined since the beginning of the IPL 2026 season due to a pre-season injury, is reportedly set to join the Chennai Super Kings squad for their upcoming away match in Lucknow. CSK CEO Kasi Viswanathan confirmed that travel arrangements have been made for the veteran star, sparking hope among fans that he might play in at least one of the remaining three league matches. While his return boosts morale, it also presents a selection dilemma for the team management, as the current winning combination featuring young talents like Sarfaraz Khan and Prashant Veer might need adjustments. Currently sitting in fifth place with 12 points, CSK needs to win at least two of their final three games against LSG, SRH, and GT to secure a playoff berth.