Cricket - Indian Premier League - IPL - Lucknow Super Giants v Royal Challengers Bengaluru - Bharat Ratna Shri Atal Bihari Vajpayee Ekana Cricket Stadium, Lucknow, India - May 7, 2026 Royal Challengers Bengaluru's Virat Kohli is bowled out by Lucknow Super Giants' Prince Yadav REUTERS/Abhijit Addya
1,110 ഐപിഎല്‍ ദിവസങ്ങള്‍ക്ക് ശേഷം വിരാട് കോലി പൂജ്യത്തിന് പുറത്ത്! സ്റ്റേഡിയം ഞെട്ടിത്തരിച്ചു. കോലിക്കും ഒരു നിമിഷത്തേക്ക് വിശ്വസിക്കാനായില്ല. കിങ് കോലിയെ പൂജ്യത്തിന് മടക്കിയത് വായുവിലേക്കുയര്‍ന്ന് മുഷ്ടി ചുരുട്ടി ലക്നൗ പേസര്‍ പ്രിന്‍സ് യാദവ് ആഘോഷമാക്കി. 2023 ലെ ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പൂജ്യത്തിന് പുറത്തായ ശേഷം ഇതാദ്യമായാണ് കോലി ഐപിഎലില്‍ ഡക്കാകുന്നത്.
140.4 കിലോമീറ്റര്‍ വേഗതയിലെത്തിയ പന്തിന്റെ ഗതി മനസിലാക്കാന്‍ പോലും കോലിക്ക് കഴിയുന്നതിന് മുന്‍പാണ് വിക്കറ്റ് തെറിച്ചത്. അമ്പരന്ന് ക്രീസില്‍ നോക്കിയ ശേഷമാണ് താരം മടങ്ങിയത്. 213 റണ്‍സ് വിജയലക്ഷ്യം മുന്നിലുണ്ടായിരുന്ന ആര്‍സിബി ചേസ് മാസ്റ്ററുടെ പുറത്താകലോടെ ഒരുവേള സമ്മര്‍ദത്തിലുമായി.
കോലി തന്നെ പറഞ്ഞു തന്ന തന്ത്രമാണ് താന്‍ പയറ്റിയതെന്നായിരുന്നു ചേസ് മാസ്റ്ററുടെ വിക്കറ്റെടുത്ത പ്രിന്‍സ് യാദവ് മല്‍സര ശേഷം വെളിപ്പെടുത്തിയത്. പിച്ചില്‍ നിന്ന് ആനുകൂല്യമുണ്ടെന്ന് ഉറപ്പായാല്‍ കൃത്യം ലെങ്തില്‍ പന്തെറിയാന്‍ ശ്രദ്ധിക്കണമെന്ന് കോലി പറഞ്ഞത് താന്‍ അനുസരിച്ചുവെന്നും താരം പറയുന്നു. കഴിഞ്ഞ മല്‍സരത്തിന് ശേഷം ദീര്‍ഘനേരം കോലിയുമൊത്ത് സംസാരിക്കാന്‍ കഴിഞ്ഞുവെന്നും അപ്പോഴാമ് കോലി തനിക്ക് ഈ ഉപദേശം നല്‍കിയതെന്നും പ്രിന്‍സ് വെളിപ്പെടുത്തി.
മഴ കൂടുതല്‍ സമയവും കളിച്ച മല്‍സരത്തില്‍ ആവേശം ചോരാതെയായിരുന്നു ലക്നൗവിന്‍റെ ജയം. ആര്‍സിബിക്കെതിരെ ഒന്‍പത് റണ്‍സിന്‍റെ ജയമാണ് പന്തും കൂട്ടരും നേടിയത്. 33 റണ്‍സ് വീതം വഴങ്ങി മൂന്നും രണ്ടും വിക്കറ്റുകള്‍ വീഴ്ത്തിയ പ്രിന്‍സ് യാദവിന്‍റെയും ഷഹബാസ് അഹമ്മദിന്‍റെയും പ്രകടനമാണ് നിര്‍ണായകമായത്. കോലിക്കൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത ജേക്കബ് ബേതലിനെ പുറത്താക്കി ഷമിയാണ് ആര്‍സിബിക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. അടുത്ത ഓവറില്‍ കോലിയും പുറത്തായി. 31 പന്തില്‍ നിന്ന് 61 റണ്‍സെടുത്ത ക്യാപ്റ്റന്‍ രജത് പട്ടിദാറാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. ആദ്യം ബാറ്റ് ചെയ്ത എല്‍എസ്ജി മിച്ചല്‍ മാര്‍ഷിന്‍റെ തകര്‍പ്പന്‍ സെഞ്ചറിക്കരുത്തിലാണ് സ്കോര്‍ 200 കടത്തിയത്. ജയത്തോടെ ലക്നൗ പ്ലേ ഓഫ് സാധ്യതകള്‍ ശക്തമാക്കി.
Google Trending Topic: lsg vd rcb