Cricket - Indian Premier League - IPL - Lucknow Super Giants v Royal Challengers Bengaluru - Bharat Ratna Shri Atal Bihari Vajpayee Ekana Cricket Stadium, Lucknow, India - May 7, 2026 Lucknow Super Giants' Prince Yadav celebrates with teammates after taking the wicket of Royal Challengers Bengaluru's Virat Kohli REUTERS/Abhijit Addya
ഐപിഎലിനിടെ താരങ്ങള്‍ക്ക് ഹണിട്രാപ് ഭീഷണിയുണ്ടെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്നും ബിസിസിഐ. അനധികൃതവ്യക്തികളെ അകറ്റി നിര്‍ത്തണമെന്നും ടീം മാനേജ്മെന്‍റിന്‍റെ ആളുകള്‍ ഉള്‍പ്പടെ കളി നടക്കുമ്പോള്‍ താരങ്ങളോട് അടുത്തിടപഴകേണ്ടതില്ലെന്നതുമടക്കം കര്‍ശന നിര്‍ദേശങ്ങളാണ് ബിസിസിഐ പുറപ്പെടുവിച്ചിരിക്കുന്നത്. സിഗരറ്റ്, ഇ–സിഗരറ്റ് എന്നിവയും മറ്റ് ലഹരി പദാര്‍ഥങ്ങളും ഡ്രസിങ് റൂമില്‍ നിന്നും ഡഗൗട്ടില്‍ നിന്നും ടീം ഹോട്ടലില്‍ നിന്നും വിലക്കിയിട്ടുണ്ട്. ചില വ്യക്തികള്‍ മല്‍സരങ്ങള്‍ക്കിടെ അപരിചിതരായ വ്യക്തികളെ ഹോട്ടല്‍ മുറിയില്‍ എത്തിക്കുന്നുവെന്നും ടീം മാനേജര്‍മാരുടെ പോലും അറിവില്ലാതെയാണ് ഇത്തരം പെരുമാറ്റമെന്നും ബിസിസിഐ പറയുന്നു. ഹണിട്രാപിന് സാധ്യതയേറെയാണെന്നും താരങ്ങളുടെ സ്വഭാവദൂഷ്യത്തിന് നിയമനടപടികള്‍ ഉണ്ടാകുമെന്നും ഇക്കാര്യത്തില്‍ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ജാഗ്രത പാലിക്കണമെന്നും ബിസിസിഐ മുന്നറിയിപ്പ് നല്‍കി.
കളിക്കാര്‍ക്കായി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ ഇങ്ങനെ: നേരിട്ട് ബന്ധമില്ലാത്ത ഒരു വ്യക്തിയെയും ടീം മാനേജരുടെ അറിവോ സമ്മതമോ ഇല്ലാതെ കളിക്കാരോ സപ്പോര്‍ട്ട് സ്റ്റാഫോ താമസിക്കുന്ന ഹോട്ടലില്‍ പ്രവേശിപ്പിക്കാന്‍പാടില്ല. സന്ദര്‍ശകരും അതിഥികളും ഹോട്ടലിലെ ലോബി വരെയോ റിസപ്ഷന്‍ ലോഞ്ച് വരെയോ മാത്രമേ എത്താന്‍ പാടുള്ളൂ. രേഖാമൂലമുള്ള സമ്മതപത്രമില്ലാതെ റൂമുകളിലേക്ക് അതിഥികളെ കൊണ്ടു പോകാന്‍ പാടില്ല.
ഫ്രാഞ്ചൈസി ഉടമകളില്‍ ചിലര്‍ പ്ലേയര്‍ ആന്‍റ് മാച്ച് ഓഫിഷ്യല്‍സ് ഏരിയ പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്നും ഇത് അനുവദിക്കാനാവില്ലെന്നും ബിസിസിഐ വ്യക്തമാക്കി. കളി നടക്കുന്നതിനിടെ കളിക്കാരുടെ സമീപത്തേക്ക് ഉടമകളോ ഫ്രാഞ്ചൈസി പ്രതിനിധികളോ എത്തുകയോ അവരെ ആലിംഗനം ചെയ്യുകയോ മറ്റ് ആശയവിനിമയത്തിന് ശ്രമിക്കുകയോ ചെയ്യാന്‍ പാടില്ല. അത്തരം പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കളി നടക്കുന്നതിനിടെ താരങ്ങളുമായോ ഡഗൗട്ടിലെത്തുകയോ അവിടെയുള്ള താരങ്ങളുമായോ ടീം ഓഫിഷ്യലുകളുമായോ ഡ്രസിങ് റൂമിലോ ഔദ്യോഗിക കാരണങ്ങളാലും അനുമതിയാലും അല്ലാതെ പ്രവേശിക്കാന്‍ പാടില്ല.
വേപും ഇ–സിഗരറ്റും ലഹരി വസ്തുക്കളും ഐപിഎല്‍ ടൂര്‍ണമെന്‍റ് നടക്കുന്ന വേദികളില്‍ നിന്ന് പ്രത്യേകിച്ചും ഡ്രസിങ് റൂം, ഡഗൗട്ട്, ടീം ഹോട്ടലുകള്‍, പരിശീലനം നടക്കുന്നയിടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ചട്ടലംഘനം നടത്തുന്നവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ്, പിഴ ശിക്ഷ, സസ്പെന്‍ഷന്‍/ അയോഗ്യത, നിയമ നടപടികള്‍ തുടങ്ങിയവ നേരിടേണ്ടി വരുമെന്നും എട്ടുപേജ് നീളുന്ന മാര്‍ഗനിര്‍ദേശങ്ങളില്‍ ബിസിസിഐ സെക്രട്ടറി ദേവജിത് സാക്കിയ വ്യക്തമാക്കി. 10 ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കും ചട്ടങ്ങള്‍ കൈമാറിയിട്ടുണ്ട്. അടിയന്തര പ്രാധാന്യത്തോടെ ചട്ടങ്ങള്‍ പ്രാബല്യത്തിലായതായും ബിസിസിഐ അറിയിച്ചു.