ആര്‍സിബിയുടെ ടിം ഡേവിഡിന്‍റെ വിക്കറ്റെടുത്ത അക്സര്‍ പട്ടേലിനെ അഭിനന്ദിക്കുന്ന ഡല്‍ഹി താരങ്ങള്‍
ഐപിഎല്ലിലെ സൂപ്പര്‍ പോരാട്ടത്തില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിനെതിരെ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് 176 റണ്‍സ് വിജയലക്ഷ്യം. തുടര്‍വിജയങ്ങളുടെ ആത്മവിശ്വാസത്തില്‍ കൂറ്റന്‍ സ്കോര്‍ ലക്ഷ്യമിട്ടിറങ്ങിയ ബെംഗളൂരു ഡല്‍ഹിയുടെ സ്പിന്‍ ആക്രമണത്തിനുമുന്നില്‍ പതറി. ഇരുപതോവര്‍ പൂര്‍ത്തിയായപ്പോള്‍ എട്ടുവിക്കറ്റിന് 175 റണ്‍സെടുക്കാനേ കോലിക്കും സംഘത്തിനും കഴിഞ്ഞുള്ളു.
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ വിരാട് കോലിയുടെ ബാറ്റിങ്
അഞ്ചോവറില്‍ 52 റണ്‍സുമായി മിന്നും തുടക്കം. ഫില്‍ സോള്‍ട്ടിന്‍റെ തകര്‍പ്പന്‍ ബാറ്റിങ്. ക്ലാസിക് കോലി. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഡല്‍ഹിക്കെതിരെ റോയല്‍ ചലഞ്ചേഴ്സ് കൂറ്റന്‍ സ്കോര്‍ നേടുമെന്ന് തോന്നിച്ച പവര്‍ പ്ലേ. എന്നാല്‍ ലുംഗി എന്‍ഗിഡി എറിഞ്ഞ ആറാം ഓവറിലെ ആദ്യപന്തില്‍ പതും നിസ്സംഗയ്ക്ക് ക്യാച്ച് നല്‍കി കോലി മടങ്ങിയതോടെ അപായസൂചനയെത്തി. 13 പന്തില്‍ മൂന്ന് ഫോറുകള്‍ ഉള്‍പ്പെടെ 19 റണ്‍സായിരുന്നു കോലിയുടെ സംഭാവന.
കോലിക്ക് പകരമെത്തിയ ദേവ്‍ദത്ത് പടിക്കലും തുടക്കത്തില്‍ കസറി. 13 പന്തില്‍ ഒരു സിക്സും ഒരു ഫോറും പായിച്ച് 18 റണ്‍സ് നേടിയ പടിക്കലിനെ ഡല്‍ഹി ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ ഡേവിഡ് മില്ലറിന്‍റെ കൈകളില്‍ എത്തിച്ചു. തൊട്ടുപിന്നാലെ ഫില്‍ സോള്‍ട്ടിനെ വീഴ്ത്തി കുല്‍ദീപ് യാദവ് കളി തിരിച്ചു! 38 പന്തില്‍ 63 റണ്‍സായിരുന്നു സോള്‍ട്ടിന്‍റെ സംഭാവന. 3 സിക്സും 4 ഫോറുമടങ്ങിയ തകര്‍പ്പന്‍ ഇന്നിങ്സ്. മിന്നുംഫോമിലുള്ള ക്യാപ്റ്റന്‍ രജത് പടിദാറാണ് സോള്‍ട്ടിന് പകരമെത്തിയത്. സിക്സറടിച്ച് രജത് പ്രതീക്ഷ വര്‍ധിപ്പിച്ചു. എന്നാല്‍ നേരിട്ട എട്ടാം പന്തില്‍ മുകേഷ് കുമാറിന് വിക്കറ്റ് സമ്മാനിച്ച് ആര്‍സിബി ക്യാപ്റ്റന്‍ മടങ്ങി.
ആര്‍സിബിക്കുവേണ്ടി അര്‍ധസെഞ്ചറി നേടിയ ഫില്‍ സോള്‍ട്ടിന്‍റെ ആഹ്ളാദം
പിന്നീടങ്ങോട്ട് കുല്‍ദീപ് യാദവും അക്സറും ചേര്‍ന്ന് റണ്ണൊഴുക്ക് തടഞ്ഞതോടെ ആര്‍സിബി സമ്മര്‍ദത്തിലായി. ഫോമിലുള്ള ടിം ഡേവിഡും കൂറ്റനടിക്കാരന്‍ റൊമാരിയോ ഷെപ്പേഡും അടുത്തടുത്ത ഓവറുകളില്‍ പുറത്തായതോടെ ആതിഥേയര്‍ പതറി. 26 റണ്‍സെടുത്ത ഡേവിഡിനെ അക്സറും ഒരുറണ്‍ മാത്രമെടുത്ത ഷെപ്പേഡിനെ കുല്‍ദീപും പുറത്താക്കി. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയും ക്രുണാല്‍ പാണ്ഡ്യയും ചേര്‍ന്നുള്ള 23 റണ്‍സിന്‍റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ക്രുണാല്‍ റണ്ണൗട്ടായി. ജിതേഷിനെ എന്‍ഗിഡി വീഴ്ത്തി. ബെംഗളൂരു സ്കോര്‍ 175 റണ്‍സില്‍ അവസാനിച്ചു. റസിഖ് സലാമും ഭുവനേശ്വര്‍ കുമാറും പുറത്താകാതെ നിന്നു.
വിക്കറ്റെടുത്ത അക്സര്‍ പട്ടേലിനെ അഭിനന്ദിക്കുന്ന കെ.എല്‍.രാഹുല്‍ (ഇടത്ത്)
മൂന്നോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ടുവിക്കറ്റെടുത്ത അക്സര്‍ പട്ടേലാണ് ഡല്‍ഹി ബോളര്‍മാരില്‍ മികച്ചുനിന്നത്. കുല്‍ദീപ് നാലോവറില്‍ 32 റണ്‍സിന് രണ്ടുവിക്കറ്റ് വീഴ്ത്തി. നാലോവറില്‍ 34 റണ്‍സിന് ഒരുവിക്കറ്റെടുത്ത മുകേഷ് കുമാറും മികവുപുലര്‍ത്തി.