Image credit: AFP
ഐപിഎലില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ച പരിഷ്കാരമായിരുന്നു 'ഇംപാക്ട് പ്ലേയറു'ടേത്. 2023ലാണ് ഈ നിയമം ഐപിഎലില്‍ കൊണ്ടുവന്നത്. ഇന്നിങ്സിന്‍റെ തുടക്കത്തിലോ, വിക്കറ്റ് വീഴുമ്പോഴോ, ഓവറിന്‍റെ അവസാനത്തിലോ, ബാറ്റസ്മാന്‍ റിട്ടയര്‍ ചെയ്യുമ്പോഴോ പകരം മറ്റൊരു താരത്തെ ഇറക്കാന്‍ അനുവദിക്കുന്ന നിയമമാണിത്. രോഹിത് ശര്‍മയടക്കമുള്ള താരങ്ങള്‍ ഇംപാക്ട് പ്ലേയര്‍മാരായി കളിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നല്‍കിയ അഭിമുഖത്തില്‍ ഇംപാക്ട് പ്ലേയറായി താന്‍ ഇറങ്ങില്ലെന്നും അങ്ങനെ ചെയ്യേണ്ടി വന്നാല്‍ ക്രിക്കറ്റ് തന്നെ ഉപേക്ഷിക്കുമെന്നും കോലി പറഞ്ഞത് ക്രിക്കറ്റ് ലോകത്ത് കോളിളക്കം സൃഷ്ടിച്ചു. പക്ഷേ ബുധനാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആരാധകര്‍ മറ്റൊരു കോലിയെ കണ്ടു. പരുക്കിനെ തുടര്‍ന്ന് പൂര്‍ണമായും ഫിറ്റല്ലാതിരുന്ന കോലി ആര്‍സിബിയ്ക്കായി ഇംപാക്ട് പ്ലേയറായി ഇറങ്ങി. നിര്‍ണായകമായ 49 റണ്‍സ് നേടിയതാരം ഓറഞ്ച് ക്യാപും നേടി.
ഇംപാക്ട് പ്ലേയറായാല്‍ താന്‍ ക്രിക്കറ്റ് മതിയാക്കുമെന്ന് കോലി പറഞ്ഞായി വെളിപ്പെടുത്തിയത് ആര്‍സിബി ടീം മേറ്റായിരുന്ന സ്വാസ്തിക് ചികരയായിരുന്നു. റെവ്സ്പോര്‍ട്സിനോട് കഴിഞ്ഞ വര്‍ഷം സംസാരിക്കവേയാണ് ഇംപാക്ട് സബില്‍ കൃത്യമായ നിലപാടുള്ള താരമാണ് കോലിയെന്നും പൂര്‍ണമായും ഫിറ്റല്ലെങ്കില്‍ കോലി ഇറങ്ങില്ലെന്നും ഇംപാട്ക് പ്ലേയറായി കളിക്കില്ലെന്നും സ്വാസ്തിക് വ്യക്തമാക്കിയത്. '20 ഓവറിലും ഫീല്‍ഡ് ചെയ്യും, ബാറ്റും ചെയ്യും. അതല്ലാതെ ഇംപാക്ട് പ്ലേയറായി എന്നെങ്കിലും ഇറങ്ങേണ്ടി വന്നാല്‍ അന്ന് ഞാന്‍ ക്രിക്കറ്റ് മതിയാക്കും' എന്ന് കോലി പറഞ്ഞുവെന്നായിരുന്നു വെളിപ്പെടുത്തല്‍.
മുംബൈ ഇന്ത്യന്‍സിനെതിരെ വാങ്കഡെയില്‍ കളിക്കവേയാണ് കോലിയുടെ കണങ്കാലിന് പരുക്കേറ്റത്. പരുക്കിനെ തുടര്‍ന്ന് ഫീല്‍ഡിങ് കോലി ഇറങ്ങിയതുമില്ല. ലക്നൗവിനെതിരായ മല്‍സരത്തിന് മുന്‍പ് ഇടത്തേ കാലില്‍ കെട്ടുമായാണ് താരം പരിശീലനത്തിന് ഇറങ്ങിയതും. ചെറുതായി ഓടുക മാത്രമാണ് ചെയ്തതും.
ടോസിന്‍റെ സമയത്ത് കോലി കളിക്കുമോ ഇല്ലയോ എന്നതില്‍ ആര്‍സിബി ക്യാപ്റ്റന്‍ രജത് പട്ടിദാര്‍ ഒന്നും പറഞ്ഞതുമില്ല. സ്റ്റാര്‍ട്ടിങ് പ്ലേയിങ് ഇലവനില്‍ ഇല്ലാതിരുന്ന കോലി പക്ഷേ രണ്ടാം ഇന്നിങ്സില്‍ ഫില്‍ സോള്‍ട്ടിനൊപ്പം ഓപ്പണറായി ഇറങ്ങുകയും ചെയ്തു. മുഹമ്മദ് ഷമിയെയും പ്രിന്‍സ് യാദവിനെയും ബൗണ്ടറിയും പറത്തി. 20 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത താരം അര്‍ധ സെഞ്ചറിക്ക് ഒരു റണ്‍സ് മാത്രം ശേഷിക്കെ ആവേശ് ഖാന്‍റെ പന്തില്‍ നിക്കൊളാസ് പൂരന് ക്യാച്ച് നല്‍കി മടങ്ങുകയും ചെയ്തു. താന്‍ പൂര്‍ണമായും ഫിറ്റായിരുന്നില്ലെങ്കിലും കളിക്കാനിറങ്ങിയത് നന്നായി എന്നാണ് കോലി പിന്നീട് പറഞ്ഞത്. നല്ല തുടക്കം കിട്ടിയിരുന്നുവെന്നും അത് പ്രയോജനപ്പെടുത്താന്‍ സാധിച്ചുവെന്നും കോലി വിശദീകരിച്ചിരുന്നു. 49 റണ്‍സെടുത്ത് ആദ്യമായാണ് കോലി ഐപിഎലില്‍ പുറത്തായത്.