വാടകത്തുകയെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ നാളത്തെ മല്‍സരം നടത്താന്‍ ധാരണ. ഐഎസ്എലില്‍ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോംമാച്ചാണിത്. മത്സരത്തലേന്ന് ജിസിഡിഎ കുത്തനെകൂട്ടിയ വാടക നൽകാൻ കേരള ബ്ലാസ്റ്റേഴ്സ് തയാറായതോടെ ആണ് പ്രതിസന്ധി നീങ്ങിയത്. തുകയുടെ ഒരുഭാഗം ബ്ലാസ്റ്റേഴ്സ് ഉടൻ അടയ്ക്കും. അവശേഷിച്ചതുക ഒരാഴ്ചക്കകം അടക്കണമെന്ന് ജിസിഡിഎ ആവശ്യപ്പെട്ടു.
ജിസിഡിഎ ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ എന്നിവർ നടത്തിയ ചർച്ചയിൽ ആണ് തീരുമാനം. മിന്നൽ പോലെ വാടകത്തുക കൂട്ടിയതിൽ ബ്ലാസ്റ്റേഴ്സ് അതൃപ്തിയിലായിരുന്നു. വാർത്താസമ്മേളനം നടത്താൻ എത്തിയ ബ്ലാസ്റ്റേഴ്സ് പരിശീലകനും കളിക്കാരെയും ജിസിഡിഎ പ്രതിനിധികൾ ഇറക്കിവിട്ടിരുന്നു. വൈകിട്ട് സ്റ്റേഡിയത്തിൽ തയാറെടുപ്പ് പ്രവർത്തികൾക്കെത്തിയ ബ്ലാസ്റ്റേഴ്സ് പ്രതിനിധികളെ ഇറക്കിവിട്ടതിനൊപ്പം, ബ്ലാസ്റ്റേഴ്സിന്റെ ഓഫീസ് ജിസിഡിഎ പൂട്ടുകയും ചെയ്തിരുന്നു. ദിവസവാടക 420,000 രൂപ നൽകണം എന്നായിരുന്നു പുതിയ നിലപാട്. അതിൽ തീർപ്പകാത്ത സാഹചര്യത്തിൽ ആണ് വാർത്താസമ്മേളനം നടത്താനെത്തിയ ബ്ലാസ്റ്റേഴ്സ് പ്രതിനിധികളെ ജിസിഡിഎ ഇറക്കിവിട്ട് പ്രവേശനകവാടം പൂട്ടിയത്. ബ്ലാസ്റ്റേഴ്സിനെ പരമാവധി സമ്മർദ്ദത്തിൽ ആക്കി പണം കൈക്കലാക്കാനായിരുന്നു ജിസിഡിഎ ലക്ഷ്യമിട്ടത്.
കലൂർ സ്റ്റേഡിയത്തിൽ വാർത്താസമ്മേളനം നടത്താൻ എത്തിയ ബ്ലാസ്റ്റേഴ്സ് പ്രതിനിധികളെയും, റിപ്പോർട്ട്ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും ജിസിഡിഎ ഇറക്കിവിട്ടു. സ്റ്റേഡിയം വാടക കൂട്ടിനൽകാതെ മത്സരത്തിന് സ്റ്റേഡിയം അനുവദിക്കില്ല എന്നായിരുന്നു ജിസിഡിഎ നിലപാട്.