ഐപിഎല്‍ 2026 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ റിയാന്‍ പരാഗ് നയിക്കും. രവീന്ദ്ര ജഡജയെയും യശസ്വിയെയും സാം കറനെയും തള്ളിയാണ് പരാഗ് ക്യാപ്റ്റനായത്. കഴിഞ്ഞ സീസണില്‍ സഞ്ജുവിന് പരുക്കേറ്റതോടെ പരാഗാണ് ടീമിനെ നയിച്ചത്. സീസണ് മുന്‍പായി സഞ്ജുവിനെ ചെന്നൈ സൂപ്പര്‍ കിങ്സിന് നല്‍കി ജഡേജയെയും സാം കറനെയും രാജസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. ഇതോടെ ജഡേജ ക്യാപ്റ്റനാകുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. മാത്രവുമല്ല, ചെന്നൈയില്‍ വാങ്ങിയതിലും കുറഞ്ഞ തുകയ്ക്കാണ് ജഡേജ രാജസ്ഥാനിലേക്ക് എത്തിയത് എന്നതും ക്യാപ്റ്റന്‍ പദവി ലഭിക്കുമെന്ന് ആരാധകര്‍ കരുതാന്‍ കാരണമായി. എന്നാല്‍ ഓഹരിയുടമകളുടെ പിന്തുണ റിയാന്‍ പരാഗിനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
റിയാന്‍ പരാഗും സഞ്ജുവും (ഫയല്‍ ചിത്രം)
ഐപില്‍ 2025 ല്‍ എട്ട് മല്‍സരങ്ങളിലാണ് പരാഗ് ടീമിനെ നയിച്ചത്. രണ്ടെണ്ണത്തില്‍ മാത്രമാണ് ടീമിന് ജയിക്കാന്‍ കഴിഞ്ഞത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്തയ്ക്കെതിരെ നേടിയ 95 റണ്‍സാണ് റയാന്‍റെ മികച്ച പ്രകടനം. 2019ല്‍ ഐപിഎലില്‍ അരങ്ങേറ്റം കുറിച്ച പരാഗ് ഇതുവരെയുള്ള എല്ലാ സീസണിലും രാജസ്ഥാനായാണ് കളിച്ചത്. എല്ലാ കളികളിലും ഉള്‍പ്പെടാന്‍ തുടങ്ങിയത് കഴിഞ്ഞ രണ്ട് സീസണുകള്‍ മുതലാണ്. 2024ലായിരുന്നു പരാഗിന്‍റെ ബെസ്റ്റ് സീസണ്‍. 52.09 ശരാശരിയില്‍ 573 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. രാജസ്ഥാന്‍ റോയല്‍സിനായി ഇതുവരെ 84 മല്‍സരങ്ങളില്‍ ഇറങ്ങിയ പരാഗ് 1566 റണ്‍സും ഏഴു വിക്കറ്റും നേടിയിട്ടുണ്ട്.
'ആദ്യ ദിവസം മുതല്‍ രാജസ്ഥാന്‍ റോയല്‍സായിരുന്നു എന്‍റെ തട്ടകം. എന്നെ പിന്തുണയ്ക്കുകയും വളര്‍ത്തിയെടുക്കുകയും ഓരോ സീസണിലും മുന്നേറാന്‍ പ്രാപ്തനാക്കുകയും ചെയ്തത് റോയല്‍സ് കുടുംബമാണ്. അതുകൊണ്ട് തന്നെ ഈ ടീമിന്‍റെ നായകനാകുന്നത് പറഞ്ഞറിയിക്കാന്‍ സാധിക്കുന്നതിനും അപ്പുറമുള്ള സന്തോഷമാണ് നല്‍കുന്നത്. ഈ ഉത്തരവാദിത്തം ഏറിയ സന്തോഷത്തോടെ ഞാന്‍ ഏറ്റെടുക്കുകയാണ്. ഭയം തെല്ലുമില്ലാതെ സ്മാര്‍ട്ടായി ക്രിക്കറ്റ് കളിക്കാന്‍, ആരാധകര്‍ക്ക് അഭിമാനം പകരാന്‍ ഞാന്‍ തയാറെടുക്കുകയാണ്'- എന്നായിരുന്നു ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ റിയാന്‍ പരാഗിന്‍റെ പ്രതികരണം.
നീണ്ട 11 സീസണുകളില്‍ രാജസ്ഥാനൊപ്പം നിന്ന ശേഷമാണ് സഞ്ജു ഫ്രാഞ്ചൈസി വിട്ടത്. കഴിഞ്ഞ സീസണില്‍ തന്നെ ഫ്രാഞ്ചൈസി മാറാനുള്ള ആഗ്രഹം താരം പ്രകടിപ്പിച്ചിരുന്നു. സഞ്ജുവും അന്നത്തെ മുഖ്യപരിശീലകനായ രാഹുല്‍ ദ്രാവിഡും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയും പരാഗിന് നല്‍കിയ അമിത പ്രാധാന്യവുമാണ് താരത്തെ ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സീസണ്‍ പൂര്‍ത്തിയായതിന് പിന്നാലെ ദ്രാവിഡും ടീം വിട്ടിരുന്നു. പിന്നീടാണ് മുന്‍ ലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര രാജസ്ഥാന്‍ റോയല്‍സിന്‍റെ മുഖ്യപരിശീലകനായി ചുമതലയേറ്റത്.