ഐപിഎൽ മിനി താരലേലം ഇന്നുച്ചയ്ക്ക്. കോടികള്‍ വാരിയെറിഞ്ഞ് ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൺ ഗ്രീനിനെ സ്വന്തമാക്കാനാണ് ടീമുകള്‍ തയ്യാറെടുക്കുന്നത്‌. അവസാന നിമിഷം പട്ടികയില്‍ ഇടംപിടിച്ച അഭിമന്യൂ ഈശ്വരന്‍ ഉള്‍പ്പടെ 351 പേരാണ് ലേലപട്ടികയിലുള്ളത് 77 താരങ്ങളെ മാത്രമാണ് ടീമുകള്‍ക്ക് ആവശ്യം. റൈറ്റ് ടു മാച്ച് കാർഡ് ഉപയോഗിക്കാൻ ടീമുകള്‍ക്കാകില്ല.   

കാമറൂണ്‍ ഗ്രീന്‍, ലിയാം ലിവിങ്സ്റ്റൺ, ക്വിന്റന്‍ ഡി കോക്ക്, വെങ്കടേഷ് അയ്യര്‍, ജെയ്സൻ ഹോൾഡർ,  മതീഷ പതിരാന എന്നിവരാണ് ലേലപട്ടികയിലെ മിന്നുംതാരങ്ങള്‍. ഐപിഎല്ലിലെ കണക്കുകൾ നോക്കിയാൽ ഗ്രീനിന്റെ പ്രകടനം ശരാശരിയാണ്. 29 മത്സരങ്ങളിൽനിന്ന് 704 റൺസും 16 വിക്കറ്റുകളും. എന്നാൽ, താരങ്ങളുടെ പ്രകടനത്തേക്കാൾ ടീമുകളുടെ ആവശ്യകതകൾക്ക് മുൻതൂക്കം ലഭിക്കുന്ന മിനി ലേലത്തിൽ, ഗ്രീനിന് ഡിമാന്റ് ഏറും. 13 ഒഴിവുകൾ നികത്തേണ്ട കൊൽക്കത്തയുടെ പേഴ്സിൽ 64.30 കോടി രൂപയുണ്ട്. കെകെആറിന് കുറഞ്ഞത് രണ്ട് മികച്ച ടോപ് ഓർഡർ ബാറ്റർമാരെയും ഒരു ഓൾറൗണ്ടറെയും ആവശ്യമുണ്ട്. 43.40 കോടി രൂപയുമായി ലേലത്തിനെത്തുന്ന ചെന്നൈ സൂപ്പർ കിങ്സാണ് കൊൽക്കത്തയ്ക്ക് പ്രധാന വെല്ലുവിളിയുയർത്തുക. പേസ് ബോളിങ് നിരയിലെ ദൗർബല്യം കണക്കിലെടുക്കുമ്പോള്‍ ചെന്നൈ ഒഴിവാക്കിയ മതീഷ പതിരനയ്ക്കായി ലക്നൗ സൂപ്പർ ജയന്റ്സാകും മല്‍സരിക്കുക. രാജ്യാന്തര ട്വന്റി20യിൽ ഇതിനകം പേരെടുത്ത ന്യൂസീലൻഡ് പേസർ ജേക്കബ് ഡഫിയാണ് പട്ടികയിലെ മറ്റൊരു ശ്രദ്ധേയ ബോളര്‍. ICC റാങ്കിങ്ങിലെ മുൻനിര കളിക്കാരിലൊരാൾ കൂടിയാണ് ഡഫി. വെറും 2.75 കോടി രൂപ മാത്രം കൈവശമുള്ള മുംബൈ ഇന്ത്യൻസിന്, അടിസ്ഥാന വിലയ്ക്ക് ഏതാനും അൺക്യാപ്ഡ് കളിക്കാരെ ടീമിലെത്തിക്കുക എന്നതിനപ്പുറം ലേലത്തിൽ കാര്യമായ പങ്കുണ്ടാകില്ല.

ENGLISH SUMMARY:

IPL Mini Auction 2024 is set to begin today, with teams vying for key players like Cameron Green. The auction features 351 players, and teams will strategically bid based on their needs and budget, with Kolkata and Chennai expected to be major players.