Image Credit: instagram.com/prashant_ritik
ഐപിഎല്‍ മിനി ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക സ്വന്തമാക്കി കാമറൂണ്‍ ഞെട്ടിച്ചെങ്കിലും ആഭ്യന്തര താരങ്ങളില്‍ മിന്നിച്ചത് ഉത്തര്‍പ്രദേശ് ഓള്‍റൗണ്ടറായ പ്രശാന്ത് വീറാണ്. 30 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ 14.20 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കിയത്. അടിസ്ഥാന വിലയില്‍ നിന്നും 47 മടങ്ങാണ് വില ഉയര്‍ന്നത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ അണ്‍ക്യാപ്ഡ് താരമായി പ്രശാന്ത് വീര്‍ മാറി.
ആദ്യമായാണ് ഐപിഎലിലേക്ക് പ്രശാന്ത് വീര്‍ എത്തുന്നത്. ഇതുവരെ 12 ട്വന്‍റി 20 മത്സരങ്ങളില്‍ നിന്നും 167.16 സ്ട്രൈക്ക് റേറ്റില്‍ 112 റണ്‍സാണ് താരം നേടിയത്. 6.45 ഇക്കണോമിയില്‍ 12 വിക്കറ്റും. മുംബൈ ഇന്ത്യന്‍സ്, ലഖ്നൗ സൂപ്പര്‍ ജെയന്‍റസ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നി ടീമുകളുടെ ശക്തമായ ലേലത്തിനൊടുവിലാണ് പ്രശാന്ത് വീര്‍ ചെന്നൈ സൂപ്പര്‍ കിങ്സിലെത്തുന്നത്.
തുടക്കത്തില്‍ ലേലം വിളിച്ചു തുടങ്ങിയത് മുംബൈ ഇന്ത്യന്‍സും ലഖ്നൗ സൂപ്പര്‍ ജെയ്ന്‍റ്സുമായിരുന്നു. 1.30 കോടിയിലാണ് ചെന്നൈ ലേലത്തിലേക്ക് എത്തുന്നത്. നാലു കോടി വരെ വിളിച്ച് ലഖ്നൗ സൂപ്പര്‍ ജെയ്ന്‍റ്സ് പിന്മാറിയെങ്കിലും അടുത്തതായി രാജസ്ഥാന്‍ റോയല്‍സ് എത്തി. 6.40 കോടിയില്‍ രാജസ്ഥാന്‍ പിന്മാറിയതോടെ അവസാന ലാപ്പില്‍ ചെന്നൈയും സണ്‍റൈസേഴ്സും തമ്മിലായി മത്സരം. 14 കോടി രൂപയില്‍ സണ്‍റൈസേഴ്സ് പിന്മാറിയപ്പോള്‍ 14.20 കോടിക്ക് ചെന്നൈ ഫ്രാഞ്ചൈസി പ്രശാന്ത് വീറിനെ സ്വന്തമാക്കി.
യുപി ട്വന്റ 20 ലീഗില്‍ നോയിഡ സൂപ്പര്‍ കിങ്സിനായി കളിക്കുമ്പോഴാണ് പ്രശാന്ത് വീര്‍ ശ്രദ്ധിക്കപ്പെടുന്നത്. 20 കാരനായ ഇടംകയ്യന്‍ സ്പിന്നര്‍ ഓള്‍റൗണ്ടര്‍ സെയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനത്തിലൂടെയും ശ്രദ്ധിക്കപ്പെട്ടു. യുപി ലീഗില്‍ 10 മത്സരങ്ങളില്‍ നിന്നായി എട്ട് വിക്കറ്റും 320 റണ്‍സും നേടി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 170 സ്ട്രൈക്ക് റേറ്റിൽ 112 റൺസാണ് പ്രശാന്ത് നേടിയത്. 6.76 എക്കോണമിയിൽ ഒമ്പത് വിക്കറ്റും സ്വന്തമാക്കി.
രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനെ തിരയുന്ന ചെന്നൈ സൂപ്പർ കിംഗ്സ് പ്രശാന്തിനെ ട്രെയല്‍സിന് പരിഗണിച്ചിരുന്നു. ലേലത്തില്‍ ടീമിലേക്കും എത്തിച്ചു. മിഡില്‍ ഓര്‍ഡറില്‍ തിളങ്ങാന്‍ കഴിയുന്ന താരം ജഡേജയ്ക്ക് പകരക്കാരനായാണ് പരിഗണിക്കുന്നത്.