രാജസ്ഥാൻ റോയൽസിൽ നിന്നെത്തിയ സഞ്ജു സാംസണ് കിടിലന്‍ വെല്‍കം വിഡിയോയുമായി ചെന്നൈ സൂപ്പര്‍ കിങ്സ്. ആമുഖം പറയാനെത്തിയത് സാക്ഷാല്‍ ബേസില്‍ ജോസഫ്. ഒരു മാസ് സിനിമയിലെ നായകന് ലഭിക്കുന്നതിന് സമാനമായ സ്വാഗതമാണ് താരത്തിന് ചെന്നൈ ടീമിലേക്ക് ലഭിച്ചിരിക്കുന്നത്.
ബാൽക്കണിയിലെ കസേരയിൽ പുറംതിരിഞ്ഞിരിക്കുന്ന സഞ്ജുവിനെ കാണിച്ചുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്. പിന്നാലെ ബേസിലിനെയാണ് കാണിക്കുന്നത്. ‘ടൈം ആയി, എടാ മോനേ പണി തുടങ്ങിക്കോ' എന്നു ബേസിൽ പറയുന്നതോടെ സഞ്ജുവിന്‍റെ വരവിനുള്ള ഒരുക്കങ്ങളും ആരംഭിക്കുന്നു. സഞ്ജുവിന്‍റെ കൂറ്റന്‍ ഫ്ളക്സ് അണിയറയില്‍ ഒരുങ്ങുന്നതാണ് പിന്നീട് കാണിക്കുന്നത്.
ഫ്ളക്സ് ഉയര്‍ത്തുന്നതിനൊപ്പം ചെന്നൈയുടെ മഞ്ഞ ജഴ്സിയണിഞ്ഞ സഞ്ജുവിനേയും കാണാം. ‘അപ്പോ നമ്മുടെ പയ്യൻ ഇനി യെലോ, കൂടെ നമ്മളും’ എന്ന ഡയലോഗും ബേസിൽ പറയുന്നു. രജനീകാന്തിന്‍റെ ‘പേട്ട’ സിനിമയിലെ ‘മരണ മാസ്’ എന്ന ഗാനമാണ് വിഡിയോയുടെ ബിജിഎം ആയി ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവുമൊടുവിൽ ‘ആരംഭിക്കാങ്കളാ..’ എന്ന വിക്രം സിനിമയിലെ ഡയലോഗ് പറഞ്ഞാണ് വിഡിയോ അവസാനിക്കുന്നത്.
വിഡിയോക്ക് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. 12 മില്യണിലധികം പേരാണ് ഇതിനോടകം വിഡിയോ കണ്ടത്. നസ്ലിന്, മാത്യു തോമസ്, സംവിധായകന്‍ ജിതിന്‍ ലാല്‍ തുടങ്ങി പ്രമുഖരുള്‍പ്പെടെ മലയാളികളും സഞ്ജുവിന് അഭിനന്ദനങ്ങളുമായി കമന്‍റിലെത്തി. എന്തായാലും സഞ്ജു ചെന്നൈയിലേക്ക് ചേക്കേറിയതോടെ രാജസ്ഥാന്‍ ആരാധകരായിരുന്നു മലയാളികളും ചെന്നൈയിലേക്ക് കൂടിമാറിയിരിക്കുകയാണ്.