Image: AFP

Image: AFP

2012 ഐപിഎല്‍ സീസണില്‍ രാജസ്ഥാൻ റോയൽസ് ടീമംഗമായിരിക്കെ എസ്.ശ്രീശാന്തിനു കാൽമുട്ടിനേറ്റ പരിക്കിന്റെ പേരിൽ 82.80 ലക്ഷം രൂപ ഇൻഷുറൻസ് നൽകാനുള്ള ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്‍റെ ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു. കമ്മീഷന്‍ ഉത്തരവിനെതിരെ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്. 2012 ഐപിഎല്ലില്‍ ശ്രീശാന്ത് ഒരു ദിവസം പോലും കളിച്ചിട്ടില്ലെന്ന് നിരീക്ഷിച്ച ബെഞ്ച് കേസിൽ അന്തിമ വിധിയുണ്ടാകുന്നതുവരെ ഉത്തരവ് നടപ്പാക്കരുതെന്നും നിര്‍ദേശിച്ചു.

2012 ഐപിഎലിനിടെ ഒരു പരിശീലന മത്സരത്തിലാണ് ശ്രീശാന്തിനു കാൽമുട്ടിനു പരുക്കേൽക്കുന്നത്. തുടര്‍ന്ന് ഇൻഷുറൻസ് ക്ലെയിം ആവശ്യപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചെങ്കിലും കമ്പനി ക്ലെയിം നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് പരാതിയുമായി റോയൽ മൾട്ടിസ്‌പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് ഉപഭോക്തൃ കമ്മിഷനിലെത്തുന്നത്. 82.80 ലക്ഷം രൂപയ്ക്കായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ക്ലെയിം ഫയല്‍ ചെയ്യുന്നത്.

എന്നാല്‍ ശ്രീകാന്തിന്‍റെ പരുക്ക് നേരത്തേയുള്ളതാണെന്നാണ് ഇൻഷുറൻസ് കമ്പനിയുടെ കണ്ടെത്തൽ. 2011 മുതൽ ശ്രീശാന്തിനു പരുക്കുണ്ടായിരുന്നെന്നും താരം അതു മറച്ചുവച്ചെന്നും പറഞ്ഞെന്നും പറഞ്ഞാണ് ക്ലെയിം തള്ളുന്നത്. ശ്രീശാന്ത് കളിക്കാതിരിക്കാൻ കാരണം പഴയ പരുക്കാണെന്നും പോളിസി എടുക്കുന്ന സമയത്ത് ഇത് കമ്പനിയെ അറിയിച്ചില്ലെന്നുമായിരുന്നു കമ്പനിയുടെ നിലപാട്. എന്നാല്‍ ആ പരിക്ക് ഗുരുതരമായിരുന്നില്ലെന്നും ഇൻഷുറൻസ് കലയളവിൽ കാല്‍മുട്ടിന് പരിക്കേറ്റതാണ് കളിക്കാനാവാത്തതിന്റെ കാരണമെന്നുമായിരുന്നു രാജസ്ഥാന്‍റെ വാദം. ഒടുവില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഇന്‍ഷുറന്‍സ് കമ്പനി ഇൻഷുറൻസ് നൽകണമെന്ന് വിധിക്കുകയായിരുന്നു. ഈ ഉത്തരവാണ് ഇൻഷുറൻസ് കമ്പനിയുടെ ഹര്‍ജിയില്‍ മരവിപ്പിച്ചിരിക്കുന്നത്.

ENGLISH SUMMARY:

The Supreme Court has stayed the Consumer Disputes Redressal Commission’s order directing United India Insurance Company to pay ₹82.80 lakh to Rajasthan Royals for S. Sreesanth’s knee injury during the 2012 IPL season. The bench of Justices Vikram Nath and Sandeep Mehta observed that Sreesanth had not played a single match in the 2012 IPL and ordered that the commission’s direction not be implemented until the final judgment. The case stems from a disputed insurance claim filed by Rajasthan Royals, which the insurer rejected, alleging the cricketer’s injury was pre-existing from 2011 and not disclosed during policy purchase.