ഐപിഎല്ലില്‍ സഞ്ജു സാംസണിന്‍റെ ഭാവിയെക്കുറിച്ചാണ് കുറച്ചുകാലമായി ചര്‍ച്ച മുഴുവന്‍. സഞ്ജു രാജസ്ഥാന്‍ വിട്ട് മുംബൈ ഇന്ത്യന്‍സില്‍ എത്തുമെന്നാണ് പുറത്തുവന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട്. നേരത്തെ, സഞ്ജു രാജസ്ഥാൻ റോയൽസിൽ തന്നെ തുടരേണ്ടി വരുമെന്നും ക്യാപ്റ്റൻ സ്ഥാനം നഷ്ടമായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ ട്വിസ്റ്റ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ടീമുകൾക്കൊപ്പം സഞ്ജുവിന്‍റെ പേര് വന്നതിനു പിന്നാലെയാണ് ഇപ്പോൾ മുംബൈ ഇന്ത്യൻസും. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.
വര്‍ഷങ്ങവായി മുബൈയുടെ വിക്കറ്റ് കീപ്പറായിരുന്ന ഇഷാന്‍ കിഷന്‍ കഴിഞ്ഞ സീസണില്‍ ടീം വിട്ടിരുന്നു. അതിനാല്‍ മികച്ചൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററെ മുബൈയ്ക്ക് ആവശ്യമുണ്ട‌്. ഇഷാന്‍റെ പകരക്കാരനായി ദക്ഷിണാഫ്രിക്കയുടെ യുവ വിക്കറ്റ് കീപ്പര്‍ റയാന്‍ റിക്കല്‍റ്റണാണ് കഴിഞ്ഞ സീസണിൽ മുംബൈയുടെ വിക്കറ്റ് കാത്തത്. ഓപ്പണർ റോളിലും റിക്കൽറ്റൺ എത്തി. എന്നാല്‍ സീസണിനിടെ രാജ്യാന്തര മത്സരങ്ങള്‍ വന്നതോടെ റിക്കല്‍റ്റണ്‍ മടങ്ങി. ഇതോടെയാണ് ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറെ മുംബൈ തേടുന്നത്. സഞ്ജു എത്തുകയാമെങ്കില്‍ രോഹിത് ശര്‍മയ്ക്കൊപ്പം ഓപ്പണറായും ഇറക്കാനാകും.
ഐപിഎലിന്‍റെ ട്രേഡിങ് വിന്‍ഡോയിലൂടെയോ മിനി ലേലം വഴിയോ സഞ്ജുവിനെ സ്വന്തമാക്കാന്‍ മുംബൈ ഇന്ത്യന്‍സിനാകും. എന്നാൽ ട്രേഡിങ് വിൻഡോയിലൂടെ സഞ്ജുവിനെ വാങ്ങാൻ സാധ്യതകുറവാണ്. പല മുൻനിര താരങ്ങളെ ഇതിനു പകരമായി വിട്ടുകൊടുക്കേണ്ടി വരും. അതിനാല്‍ സഞ്ജുവിനെ രാജസ്ഥൻ റിലീസ് ചെയ്താൽ മിനി ലേലത്തില്‍ താരത്തെ മുംബൈ സ്വന്തമാക്കാനാണ് സാധ്യത കൂടുതല്‍. മിനി ലേലത്തിന് മുന്‍പായി തന്നെ ടീമിൽനിന്നു റിലീസ് ചെയ്യണമെന്നാണ് സഞ്ജു രാജസ്ഥാൻ റോയൽസ് മാനേജ്മെന്റിനോട് അഭ്യര്‍ഥിച്ചിരുന്നത്.