Image Credit: Fanpointviews/X, PTI

ക്രിക്കറ്റിലെ വിവാദമായ സ്​ലാപ്​ഗേറ്റ് വിഡിയോ ഒടുവില്‍ പുറത്ത്. 18 വര്‍ഷത്തിന് ശേഷമാണ് കന്നി ഐപിഎല്‍ സീസണില്‍ മലയാളി താരം എസ്. ശ്രീശാന്തിനെ ഹര്‍ഭജന്‍ സിങ് മുഖത്തടിക്കുന്ന വിഡിയോ പുറത്തുവരുന്നത്. അന്നത്തെ ഐപിഎല്‍ കമ്മിഷണറായ ലളിത് മോഡിയാണ് മൈക്കല്‍ ക്ലാര്‍ക്കിന്‍റെ ബിയോണ്ട് 23 പോഡ്കാസ്റ്റിലൂടെ വിഡിയോ പുറത്തുവിട്ടത്. അന്നത്തെ കിങ്സ് ഇലവന്‍ പഞ്ചാബും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മല്‍സരത്തിന് പിന്നാലെയായിരുന്നു ഇന്നും ചര്‍ച്ചയാകുന്ന തല്ലുണ്ടായത്.

ഹര്‍ഭജന്‍ ശ്രീശാന്തിനെ തല്ലിയ സമയം ടെലിവിഷനില്‍ പരസ്യങ്ങള്‍ കാണിക്കുന്നതിനുള്ള സമയമായിരുന്നു. പരസ്യം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് പൊട്ടിക്കരയുന്ന ശ്രീശാന്തിന്‍റെ മുഖം ക്രിക്കറ്റ് ലോകം കണ്ടത്. ഇന്ത്യന്‍ ടീമില്‍ അന്ന് ഒന്നിച്ച് കളിച്ചിരുന്നവരാണ് ശ്രീയും ഹര്‍ഭജനും. ദൃശ്യം കണ്ടവരെല്ലാം ഞെട്ടി. എന്തിനാകും തന്നെക്കാള്‍ പ്രായംകുറഞ്ഞ താരത്തെ, അതും ഇന്ത്യന്‍ ടീമിലെ സഹതാരത്തെ ഹര്‍ഭജന്‍ തല്ലിയിട്ടുണ്ടാവുകയെന്ന് തലങ്ങും വിലങ്ങും ചോദ്യമുയര്‍ന്നു. ഇരുടീമിലെയും താരങ്ങള്‍ ഹസ്തദാനം നടത്തി മടങ്ങുന്നതിനിടയിലാണ് നേരെ കയറി വന്ന ഹര്‍ഭജന്‍ ശ്രീശാന്തിന്‍റെ മുഖമടച്ച് തല്ലുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്താണ് സംഭവിച്ചതെന്ന് ശ്രീശാന്തിനും മനസിലാകാന്‍ സമയമെടുത്തു. ഹര്‍ഭജന് നേരെ തിരിഞ്ഞ ശ്രീശാന്തിനെ ഇര്‍ഫാന്‍ പഠാനും മഹേള ജയവര്‍ധനെയുമാണ് പിടിച്ചുമാറ്റിയത്.

തോറ്റ് നില്‍ക്കുന്ന മുംബൈ ടീം ക്യാപ്റ്റനടുത്തേക്ക് ചിരിച്ചു കൊണ്ട് ശ്രീശാന്ത് എത്തി ദൗര്‍ഭാഗ്യം എന്ന് പറഞ്ഞതാണ് പ്രകോപനം എന്നായിരുന്നു അന്ന് പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ അതായിരുന്നില്ല വാസ്തവമെന്നും ഷോണ്‍ പൊള്ളോക്കിനെ ശ്രീശാന്ത് പുറത്താക്കിയതിന് പിന്നാലെ റോബിന്‍ ഉത്തപ്പയും മുംബൈ ടീമുമായി വാക്കേറ്റമുണ്ടായെന്നും ഇത് മൂര്‍ച്ഛിച്ചതാണ് അടിപൊട്ടാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ശ്രീശാന്തിനെ തല്ലിയതിന് ശേഷം ഹര്‍ഭജന്‍ ഡ്രസിങ് റൂമിലെത്തി മാപ്പു പറ‍‌ഞ്ഞു. അടുത്ത സുഹൃത്തുക്കളായിരുന്നുവെങ്കിലും യുവരാജ് സിങടക്കം ഹര്‍ഭജന്‍ ചെയ്തത് ശരിയായില്ലെന്ന തുറന്നടിച്ചു. വൃത്തികെട്ടതും അംഗീകരിക്കാന്‍ കഴിയാത്തതുമാണ് ഹര്‍ഭജന്‍റെ പ്രവര്‍ത്തിയെന്നും യുവരാജ് പറഞ്ഞു. പിന്നാലെ സീസണിലെ മറ്റ് മല്‍സരങ്ങളില്‍ നിന്ന് ബിസിസിഐ താരത്തെ പുറത്താക്കുകയും ചെയ്തു.

കാലം കുറേക്കഴിഞ്ഞു, സാധ്യമായ സന്ദര്‍ഭങ്ങളിലെല്ലാം ഹര്‍ഭജന്‍ ശ്രീശാന്തിനോട് മാപ്പിരന്നു. ജീവിതത്തില്‍ എന്തെങ്കിലും കാര്യം പിന്നോട്ട് എത്തി തിരുത്താന്‍ കഴിയുമെങ്കില്‍ അന്നത്തെ ആ തല്ല് മാത്രമാകും താന്‍ തിരുത്തുകയെന്ന് ഹര്‍ഭജന്‍ ആവര്‍ത്തിച്ചു. ശ്രീശാന്തിന്‍റെ മകളോട് താനൊരിക്കല്‍ സംസാരിക്കാന്‍ ശ്രമിച്ചുവെന്നും ' എന്‍റെ അച്ഛനെ തല്ലിയതല്ലേ' എന്ന മറുപടി തന്നെ തകര്‍ത്തുകളഞ്ഞുവെന്നും ഹര്‍ഭജന്‍ തുറന്ന് പറഞ്ഞു. ക്ഷമ ചോദിച്ച് ഹര്‍ഭജനും ക്ഷമിച്ച് ശ്രീശാന്തും വീണ്ടും സുഹൃത്തുക്കളായി. പക്ഷേ ഐപിഎലിന്‍റെ ചരിത്രത്തില്‍ ഇന്നും അടിയേറ്റ് കരഞ്ഞു കലങ്ങിയ കണ്ണുമായി നില്‍ക്കുന്ന ശ്രീശാന്തിന്‍റെ മുഖം മായാതെ നില്‍പ്പുണ്ട്. 

ENGLISH SUMMARY:

Sreesanth slapgate refers to the controversial incident where Harbhajan Singh slapped Sreesanth during an IPL match. The video of the incident has recently surfaced, reigniting discussions about the event and its aftermath.