Image Credit: Manorama, PTI

Image Credit: Manorama, PTI

അടുത്ത ഐപിഎല്‍ സീസണില്‍ മലയാളി താരം സഞ്ജു സാംസണെ കാത്തിരിക്കുന്നത് വമ്പന്‍ തിരിച്ചടിയെന്ന് റിപ്പോര്‍ട്ടുകള്‍. ടീം വിടാനുള്ള താല്‍പര്യം സ‍ഞ്ജു രാജസ്ഥാന്‍ റോയല്‍സിനെ അറിയിച്ചുവെങ്കിലും അത് നടക്കാന്‍ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. താല്‍പര്യമില്ലാതെ ഫ്രാഞ്ചൈസിയില്‍ തുടരേണ്ടി വരുമെന്നതിനപ്പുറമായി ക്യാപ്റ്റന്‍ സ്ഥാനവും തെറിക്കുമെന്നും സൂചനയുണ്ട്. 

മിനി ലേലത്തിന് മുന്‍പായി തന്നെ റിലീസ് ചെയ്യണമെന്നായിരുന്നു സഞ്ജു ഫ്രാഞ്ചൈസിയോട് അഭ്യര്‍ഥിച്ചിരുന്നത്. ധോണിയുടെ ചെന്നൈയ്ക്ക് സഞ്ജുവിനെ വാങ്ങണമെന്നും ആഗ്രഹമുണ്ടായിരുന്നു. സഞ്ജുവിന് പകരമായി ശിവം ദുബെയെയോ ജഡേജയെയോ വേണമെന്നായിരുന്നു റോയല്‍സിന്‍റെ ആവശ്യം. ഇത് സാധ്യമല്ലെന്ന് സിഎസ്കെ വ്യക്തമാക്കിയതോടെ ആ വഴി അടഞ്ഞു. കഴിഞ്ഞ സീസണില്‍ 14 മല്‍സരങ്ങളില്‍ ആകെ നാലെണ്ണത്തില്‍ മാത്രമാണ് രാജസ്ഥാന്‍ റോയല്‍സിന് ജയിക്കാനായത്.

പരുക്കേറ്റതിന് പുറമെ കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായ അസ്വാരസ്യങ്ങളാണ് കൂടുമാറ്റത്തിന് സഞ്ജുവിനെ പ്രേരിപ്പിച്ചത്. പരാഗിനെ ക്യാപ്റ്റനാക്കിയതും ദ്രാവിഡുമായുള്ള സ്വരച്ചേര്‍ച്ച നഷ്ടപ്പെട്ടതും ഇതിന് ആക്കം കൂട്ടി. ക്യാപ്റ്റനായിട്ടു പോലും നിര്‍ണായക തീരുമാനങ്ങളെടുക്കുന്നതില്‍ കൂടിയാലോചന ഇല്ലാതിരുന്നതും താരത്തെ പ്രയാസത്തിലാക്കിയെന്നും അവസാന മല്‍സരങ്ങളിലേക്കെത്തിയപ്പോള്‍ വിള്ളല്‍ പ്രകടമായിരുന്നുവെന്നും ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ക്യാപ്റ്റന്‍സിക്ക് തട്ടിയ ഇളക്കം നിസാരമായി കാണേണ്ടതല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത സീസണില്‍ ആരു നയിക്കണമെന്നതില്‍ രാജസ്ഥാന്‍ റോയല്‍സില്‍ തന്നെ മൂന്ന് ചിന്തകളാണെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. സഞ്ജുവിന് പരുക്കേറ്റപ്പോള്‍ ടീമിനെ നയിച്ച പരാഗിനായി മാനേജ്മെന്‍റിന്‍റെ ഭാഗത്ത് നിന്ന് സമ്മര്‍ദമുണ്ട്. അതല്ല, ഭാവി മുന്നില്‍ കണ്ട് യശസ്വിയെ ക്യാപ്റ്റനാക്കണമെന്ന് വാദിക്കുന്നവരും കുറവല്ല. സഞ്ജു തന്നെ നയിക്കണമെന്നും മറ്റുള്ളവരെ വളര്‍ത്തിയെടുക്കാമെന്ന അഭിപ്രായവും ഇല്ലാതെയില്ല. അതുകൊണ്ട് തന്നെ വരുന്ന സീസണില്‍ രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന് കാര്യങ്ങള്‍ ഒട്ടും എളുപ്പമാവില്ലെന്നാണ് സൂചന. 

ENGLISH SUMMARY:

Sanju Samson's future with Rajasthan Royals is uncertain. Reports suggest he may lose his captaincy and might have to stay with the franchise against his will.