കാത്തിരിപ്പിനൊടുവില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഐപിഎല്‍ കിരീടം. പഞ്ചാബ് കിങ്സിനെ ആറു വിക്കറ്റിനാണ് ആര്‍സിബി തോല്‍പ്പിച്ചത്. മുന്നില്‍ നിന്ന് നയിച്ച വിരാട് കോലി 43 റണ്‍സെടുത്തു. 191 റണ്‍സ് പിന്തുടര്‍ന്ന പഞ്ചാബ് കിങ്സ് 184 ല്‍ വീണു. ഐപിഎല്‍ കിരീടം നേടിയതോടെ 20 കോടി രൂപയാണ് ആര്‍സിബിക്ക് സമ്മാനത്തുകയായി ലഭിക്കുക. 2022 മുതല്‍ നല്‍കുന്ന അതേ സമ്മാന തുകയാണ് ഇപ്പോഴും തുടരുന്നത്.
Also Read: കാത്തിരിപ്പിന് വിരാമം; 'ഈ സാലാ കപ്പ് നമ്ദേ'
ഐപിഎല്‍ വിജയികളാകുന്നവര്‍ക്ക് 20 കോടി രൂപയാണ് സമ്മാനത്തുക. റണ്ണേഴ്സപ്പിന് 12.50 കോടി രൂപ ലഭിക്കും. പ്ലേ ഓഫിലെത്തിയ ടീമുകള്‍ക്കും വലിയ സമ്മാനം ലഭിക്കും. എലിമിനേറ്ററില്‍ പുറത്തായ ഗുജറാത്ത് ടൈറ്റന്‍സിന് 6.50 കോടിയും രണ്ടാം ക്വാളിഫെയറില്‍ തോറ്റ മുംബൈ ഇന്ത്യന്‍സിന് 7 കോടി രൂപയും ലഭിക്കും. ടീമിന് ലഭിക്കുന്ന തുകയില്‍ 50 ശതമാനം കളിക്കാര്‍ക്കും സപ്പോര്‌ട്ടിങ് സ്റ്റാഫിനും പങ്കിടും. ഇതിനൊപ്പം മാച്ച് ഫീസും കരാര്‍ തുകയും അടക്കം ടീമംഗങ്ങള്‍ക്ക് ലഭിക്കും. പുതുക്കിയ മാച്ച് ഫീസ് സിസ്റ്റം പ്രകാരം ഇംപാക്ട് താരങ്ങള്‍ക്ക് അടക്കം എല്ലാ കളിക്കാര്‍ക്കും 7.50 ലക്ഷം രൂപ വീതം ലഭിക്കും.
ഓറഞ്ച് ക്യാപ്പ് ലഭിക്കുന്ന ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിന് 10 ലക്ഷം രൂപ ലഭിക്കും. ഏറ്റവും കൂടുതല്‍ വിക്കറ്റ് ലഭിക്കുന്ന താരത്തിനും എമേര്‍ജിങ് പ്ലെയറിനും 10 ലക്ഷം രൂപ വീതമാണ് ലഭിക്കുക. ഐപിഎൽ 2025 ലെ ആകെ സമ്മാനത്തുക 47 കോടിയാണ്. ആദ്യ സീസണില്‍ നിന്നും വലിയ വര്‍ധനവാണ് സമ്മാനതുകയില്‍ ഉണ്ടായത്. ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിന് 4.80 കോടി രൂപയും ചെന്നൈ സൂപ്പര്‍ കിങ്സിന് 2.40 കോടിയുമാണ് ലഭിച്ചത്.