ബെംഗളൂരുവിനായി കരിയറിലെ 18 വര്‍ഷം മാറ്റിവച്ച ഇതിഹാസത്തിന്റെ കൈകളിലേക്ക് ഒരു കിരീടം സമ്മാനിക്കാനുള്ള നിയോഗം രജത് പാട്ടിദാറിനായിരിക്കുമോ ?..... മൂന്നുവട്ടം ഫൈനലില്‍ തോറ്റ വിരാട് കോലിയുടെ ഐ.പി.എല്‍ കരിയറിലെ സിനിമാറ്റിക് ക്ലൈമാക്സിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
14 വര്‍ഷംമുമ്പ് സച്ചിന്‍ തെന്‍ഡുല്‍ക്കറെ തോളിലേറ്റി വാങ്കഡെ ചുറ്റിയ പയ്യന്‍ പറഞ്ഞത് രണ്ടുപതിറ്റാണ്ടുകാലം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാരംപേറിയ താരത്തെ തോളിലേറ്റേണ്ട സമയം ഇതാണെന്ന്... ഇന്ന് കോലിയെ തോളിലേറ്റി ഐപിഎല്‍ കിരീടവുമായി അഹമ്മദാബാദ് സ്റ്റേഡിയം വലംവയ്ക്കാന്‍ കാത്തിരിക്കുന്നു ബെംഗളൂരുവിന്റെ യുവതാരങ്ങള്‍.
ഇക്കുറി വിരാട് കോലിയുടെ ഇന്നിങ്സുകള്‍ക്ക് വിമര്‍ശകര്‍ ഏറെയെങ്കിലും 614 റണ്‍സുമായി കോലി നല്‍കിയ അടിത്തറയില്‍ നിന്നാണ് ജിതേഷ് ശര്‍മയും, ടിം ഡേവിഡും രജത് പാട്ടിദാറുമൊക്കെ അടിച്ചുതകര്‍ത്തത്. നിര്‍ണായക മല്‍സരങ്ങളില്‍ വിശ്വരൂപം കാണിക്കുന്ന കോലിയെ കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ഐപിഎല്‍ ഫൈനലുകളില്‍ 32 റണ്‍സാണ് കോലിയുടെ ശരാശരി. പഞ്ചാബിനെതിരെ റണ്‍മെഷീനാകുന്നതാണ് കോലിയുടെ ചരിത്രം. ഒരു സെഞ്ചുറിയും ആറ് അര്‍ധസെഞ്ചുറിയും ഉള്‍പ്പടെ 1116 റണ്‍സാണ് പഞ്ചാബ് എതിരാളികളായപ്പോള്‍ അക്കൗണ്ടിലെത്തിയത്. ഇനിയെല്ലാമൊന്ന് ഒത്തുവരണേയെന്ന് മാത്രമാണ് കോലി ആരാധകരുടെ ആഗ്രഹം.